മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും തളരാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു. ഒരു ലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തിന് ഇരയായ 22 പേരെ അനുസ്മരിച്ച് ബലൂണുകള്‍ ഏന്തിയ 22 പേരാണ് പരേഡ് നയിച്ചത്. പരേഡില്‍ ആവേശത്തോടെ മാഞ്ചസ്റ്റര്‍ മലയാളികളും പങ്കെടുത്തു. മുത്തുക്കുടകളും ഭരതനാട്യ വേഷമണിഞ്ഞ കുട്ടികളും തെയ്യത്തിന്റെ വലിയ രൂപവുമൊക്കെയായി മലയാളത്തിന്റെ പ്രാതിനിധ്യം നിറഞ്ഞുനില്‍ക്കുന്ന പരേഡ് ആണ് മാഞ്ചസ്റ്റര്‍ ദര്‍ശിച്ചത്.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡില്‍ മലയാളികള്‍ അണിനിരന്നത്. രണ്ട് മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അസോസിയേഷന്‍ പരേഡില്‍ പങ്കെടുത്തത്. ഭരതനാട്യവും കളരിച്ചുവടുകളുമൊക്കെയായി മലയാളികള്‍ പ്രത്യേകശ്രദ്ധ നേടുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലും പരേഡുമായി മുന്നോട്ടു നീങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി അനീഷ് കുര്യന്‍ അഭിനന്ദിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
80ഓളം വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ സെന്റര്‍ മുതല്‍ ട്രാന്‍സ് സമൂഹമായ ആഫ്റ്റര്‍നൂണ്‍ ടീ വരെയുള്ള സംഘങ്ങള്‍ ആവേശത്തോടെയാണ് പരേഡില്‍ പങ്കാളികളായത്. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ ഇടയിലായിരുന്നു പരേഡ് നടന്നത്. സായുധ പോലീസിന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ചിലര്‍ ജനങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു.
Leave a Reply