ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. എൻആർഐകൾക്കും ഒസിഐ കാർഡ് ഉള്ളവർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വിൽക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി ഇനി ആവശ്യമില്ല. 2019 ഒക്‌ടോബർ 17 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റൂളുകളുടെ IX-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇരുകൂട്ടർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങൾ എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ സ്ഥാവരസ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് ആർബിഐ തന്നെ വ്യക്തമാക്കി.

എന്നാൽ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട്. ഇത്തരം പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണമെന്നും അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണമെന്നും നിബന്ധനയുണ്ട്. സാധാരണയായി ഒരു വിദേശി, ഇന്ത്യയിലുള്ള തന്റെ ഭൂമി വില്‍ക്കുകയോ, ഭൂമി വാങ്ങുകയോ ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഉണ്ടായിരുന്നു.

ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) 1973 പ്രകാരമാണ് ഇത് നടന്നുവന്നിരുന്നത്. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലേക്ക് (ഫെമ) ഭേദഗതി ചെയ്തു. ഈ നിയമമനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.