മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ഷ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും.
ബഹുമാനപ്പെട്ട വൈദികര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിന് സ്വീകരണം നല്‍കും. ഇതോടെ കലാസന്ധ്യയ്ക്ക് തിരിതെളിയും. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരുമെല്ലാം വേദിയില്‍ എത്തുന്ന മൂന്ന് മണിക്കൂര്‍ നീളുന്ന കലാവിരുന്നാണ് വേദിയില്‍ അരങ്ങേറുക. ഒപ്പം നടക്കുന്ന ജനറല്‍ ബോഡിയില്‍ അസോസിയേഷന്റെ അടുത്ത രണ്ട് വര്‍ഷ കാലത്തേക്കുളള ഭാരവാഹികളെ കണ്ടെത്തും. വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുളള മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു.