സ്റ്റോക്ക് ഓൺ ട്രെന്റ് :-പുതുതായി ആരംഭിച്ച യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടവകദിനവും വിശുദ്ധനായ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ജൂലൈ മാസം 16,17 തീയതികളിൽ (ശനി, ഞായർ ) ടോക്ക് പിറ്റ് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ പള്ളിയിൽ വെച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. ജൂലൈ മാസം പതിനാറാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ, ഡോ .അബ്രഹാം മോർ സേവേറിയോസ് തിരുമനസ്സുകൊണ്ട് കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രാർത്ഥനപൂർവ്വം തുടക്കം കുറിച്ചും, ഇടവക വികാരി ഫാ .എൽദോ രാജൻ സന്നിഹിതൻ ആയിരുന്നു. അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യ പ്രാർത്ഥന നടത്തുകയും അനുഗ്രഹ പ്രസംഗവും നടത്തപ്പെട്ടു.

പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ പലഹാര കടയും നടത്തപ്പെട്ടു.അതിനുശേഷം സ്നേഹവിരുന്നോടെ എല്ലാവരും പിരിഞ്ഞു.
ജൂലൈ മാസം പതിനേഴാം തീയതി (ഞായർ)രാവിലെ പത്തുമണിക്ക് പ്രഭാത പ്രാർത്ഥനയും, അഭിവന്ദ്യ മെത്രാപോലീത്ത ഡോ എബ്രഹാം മാർ സേവേറിയസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു, ഇടവക വികാരി ഫാദർ എൽദോ രാജൻ,ഫാദർ സിജൂ കാവുങ്ങമ്പിള്ളിയിൽ എന്നിവരുടെ സഹകാർമികത്വത്തിൽ ആയിരുന്നു വിശുദ്ധ കുർബാന.തുടർന്ന് അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.

ആഗോള ക്രിസ്തീയ സഭകളിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനാണ് കുര്യാക്കോസ് സഹദാ എന്നും വളരെ ചെറുപ്രായത്തിൽ തന്നെ ക്രിസ്തീയ സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കുരിയാക്കോസ് സഹദായുടെ നാമധേയത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് പ്രവർത്തനം ആരംഭിച്ച ഇടവകയുടെ വളർച്ച വിശുദ്ധന്റെ പ്രാർത്ഥന ശക്തികൊണ്ടാണ് എന്ന് തിരുമനസ്സ് ഉണർത്തിച്ചു.തുടർന്ന് ചെണ്ടമേള ത്തിൻറെ അകമ്പടിയോടെ സുറിയാനി യാക്കോബായ സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന ആഘോഷ പൂർവ്വമായ പ്രദിക്ഷണവും നടന്നു. അതിനെ ശേഷം ആദ്യ ഫലങ്ങളുടെ വാശിയേറിയ ലേലവും ഉണ്ടായിരുന്നു. ജാതി മത വ്യത്യസമില്ലാതെ പെരുന്നാളിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാദിഷ്ടമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഈ വർഷത്തെ ഇടവക ദിനവും വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മ പെരുന്നാൾ വൈകുന്നേരം 5 മണിക്ക് ചെണ്ട മേളത്തോടെ ഇടവക വികാരി കൊടി ഇറക്കിയതോടെ സമാപനമായി. പെരുന്നാൾ വിജയത്തിന് എല്ലാ രീതിയിലും സഹകരിച്ച എല്ലാ ഇടവക അംഗങ്ങൾക്കും പ്രത്യേകിച്ച് മർത്തമറിയം വനിതാ സമാജം അംഗങ്ങൾക്കും പള്ളി മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ സെക്രട്ടറി ശ്രീ റൈനോ തോമസ് ട്രസ്റ്റി ബിനോയ് കുര്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.