സ്വന്തം ലേഖകൻ
മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളി൯െറ ജീവനെടുക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി ഡെയ്ലി മെയിൽ ന്യൂസ്. വിതിൻ ഷോയിലുള്ള സ്കൂളിൽ നിന്നും ഒൻപതു വയസുകാരിയായ മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോൾ കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. അസാമാന്യ ധൈര്യത്തോടെ മകളെ സുരക്ഷിതയാക്കുകയും ത൯െറ അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത 47 കാരനായ പോൾ ജോണി൯െറ പ്രവൃത്തികളെ ഡെയ്ലി മെയിൽ എടുത്തു പറഞ്ഞു.
പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. 27കാരിയായ സ്ത്രീയും രണ്ടു വയസുള്ള മകനും കാറിടിച്ച് വീണു. പോളി൯െറ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. കൈയൊടിഞ്ഞ സ്ത്രീ ചികിത്സയിലാണ്. അവരുടെ രണ്ടുവയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി പുഷ്ചെയറിൽ ആയിരുന്നു. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. കാറോടിച്ചിരുന്ന 88 കാരൻ സംഭവസ്ഥലത്ത് പോലീസിനെ അന്വേഷണത്തിൽ സഹായിച്ചിരുന്നു. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് വ്യാഴാഴ്ച വെന്റിലേറ്റർ നീക്കം ചെയ്തതോടെ പോൾ ജോൺ മരണമടഞ്ഞു. കുടുംബം സമ്മതം നല്കിയതിനെത്തുടർന്ന് പോളി൯െറ എല്ലാ അവയവങ്ങളും ദാനം ചെയ്തു. ഫാ. സജി പുത്തൻപുരയിൽ എല്ലാ നടപടി ക്രമങ്ങൾക്കും നേതൃത്വം നല്കി. മാഞ്ചസ്റ്ററിലെയും വിതിൻ ഷോയിലെയും മലയാളി സമൂഹവും സഹായവുമായി രംഗത്തുണ്ട്. പോൾ ജോണിനായി വിതിൻ ഷോയിലെ ചർച്ചിൽ പ്രാർത്ഥനകൾ നടന്നു. നൂറു കണക്കിന് ആളുകളാണ് ദേവാലയത്തിൽ എത്തിച്ചേർന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ സ് കൈ ഷെഫ് എന്ന സ്ഥാപനത്തിലാണ് പോൾ ജോലി ചെയ്തിരുന്നത്. കോട്ടയം കൂടല്ലൂർ സ്വദേശിയായ പോളി൯െറ പത്നി മിനി വിതിൻഷോ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. മൂത്ത മകൾ കിംബർലി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് സ്കൂളിൽ എട്ടാം ക്ലാസിലും ഇളയ മകൾ ആഞ്ചല അഞ്ചാം ക്ലാസിലും പഠിക്കുന്നു. പോളി൯െറ ബന്ധുക്കൾ നാട്ടിൽ നിന്ന് എത്തിയതിനു ശേഷം സംസ്കാരം മാഞ്ചസ്റ്ററിൽ നടക്കും.