ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ ∙ ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. 53 കാരനായ എഡ്രിയൻ ഡോൾബി, 66 കാരനായ മെൽവിൻ ക്രാവിറ്റ്സ് എന്നിവരാണ് ആക്രമണത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത് . ആക്രമണം നടത്തിയ 35 കാരനായ ജിഹാദ് അൽ-ഷാമി, മുമ്പ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായിരുന്നുവെന്നും ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനായ ഇയാൾ തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു.
സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിനഗോഗിലേക്ക് പ്രവേശനം തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചതിൽ ഡോൾബി മരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിന്റെ വെടിവയ്പ് നടപടി പോലീസ് വാച്ച്ഡോഗായ IOPC അന്വേഷിക്കുന്നുണ്ട്. ബ്രിട്ടനിലുടനീളം ജൂത സമൂഹങ്ങളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ജൂതരുടെ സുരക്ഷയ്ക്കായി സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ഇത് സമൂഹത്തെ മുഴുവൻ ബാധിച്ച ആക്രമണമാണ് എന്ന് മാഞ്ചസ്റ്റർ മേയർ ആൻഡി ബർണ്ഹാം പറഞ്ഞു.
ഈ ആക്രമണം ബ്രിട്ടനിലെ ജൂതസമൂഹത്തിൽ വലിയ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്. ജങ്ങൾക്കിടയിൽ ആശങ്കകൾ ശക്തമായിരിക്കുകയാണെന്നും ഇത് വീണ്ടും 1930-കളിലെ ജർമനിയിലെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്നും ചിലർ പ്രതികരിച്ചു. മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിനും സമൂഹത്തിലെ ഐക്യത്തിനും വെല്ലുവിളിയായ സംഭവമാണിതെന്ന അഭിപ്രായം ശക്തമാണ്.
Leave a Reply