ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും വാക്സിൻ നൽകിയെങ്കിലും ബ്രിട്ടനിൽ ഇപ്പോഴത്തെ ചർച്ചകൾ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനെക്കുറിച്ചാണ് . സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നതിന് ജോയിന്റ് കമ്മിറ്റി ഓഫ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻെറ ( ജെസിവിഐ) യുടെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ മാസം തന്നെ ബൂസ്റ്റർ ഡോസ് നൽകാൻ സാധിക്കുമെന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലന്ന കോവിഡ് വാക്‌സിൻ നിർമാതാക്കളായ ആസ്ട്രാസെനെക്ക യുകെ മേധാവിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എല്ലാവർക്കും മൂന്നാമത്തെ വാക്സിൻ നൽകുന്നത് എൻഎച്ച്എസിന് മേൽ കടുത്ത സമ്മർദ്ദമായിരിക്കും സൃഷ്ടിക്കുന്നതെന്ന വാദവും ശക്തമാണ്. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് ബ്രിട്ടൻ ഒരുങ്ങുന്നത്. 50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .