ഹോസ്പിറ്റലിൽ നിന്നും ഡിസ്സ് ചാർജ് ആയ അന്നു തന്നെ പ്രസാദ് എന്നെ കാണാൻ വന്നു.കുറെ അധികം സംസാരിച്ചു.വീണ്ടും വീണ്ടും,കഴിഞ്ഞതെല്ലാം മറക്കണം എന്ന് അവൻ ആവർത്തിച്ചുകൊണ്ടിരുന്നു.
ടിക്കറ്റ് കിട്ടിയാൽ ഉടൻ അവൻ ന്യൂയോർക്കിലേക്ക് പോകുമെന്നും അപ്പോൾ വിളിക്കാമെന്നും പറഞ്ഞിട്ടാണ് പോയത്.
അവൻ്റെ പെരുമാറ്റവും സംസാരവും കൃത്രിമവും നാട്യവും ആയിട്ടാണ് എനിക്ക് തോന്നിയത്.ഇനി ഒരിക്കലും തമ്മിൽ കാണാൻ സാദ്ധ്യത ഇല്ലാത്തതുപോലെ ആയിരുന്നു അവൻ്റെ സംസാരം.
പ്രസാദ് പോയിക്കഴിഞ്ഞു അഞ്ജലി എൻ്റെ കാബിനിൽ വന്നു.”അത് ആരാ ഒരു നടൻ?”
അപ്പോൾ എനിക്കുമാത്രമല്ല അവൻ്റെ പെരുമാറ്റം അഭിനയമായി തോന്നിയത്.
ഞാൻ വെറുതെ ചിരിച്ചു
കമ്പനിയിൽ പുതിയതായി നടത്തേണ്ട മാറ്റങ്ങളും ഭാവിപരിപാടികളും എല്ലാം ചേർത്ത് ഞാൻ തയ്യാറാക്കിയിരുന്ന ഒരു പ്രൊജക്റ്റ് അഞ്ജലിയെ കാണിച്ചു് അഭിപ്രായം അറിയുന്നതിനായി വിളിച്ചു.പ്രൊജക്റ്റ് ശ്രദ്ധിച്ചു ഇടക്കിടക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കികൊണ്ടിരുന്നു.
അല്പം കഴിഞ്ഞു അവൾ സീറ്റിൽ നിന്നും എഴുന്നേറ്റ് എൻ്റെ പുറകിൽ വന്നു നിന്നു, ലാപ്ടോപ്പിൽ നന്നായി കാണുന്നതിനു വേണ്ടി.
ഇടക്ക് അവളുടെ ഷാൾ എൻ്റെ ദേഹത്തേക്ക് വീണുകിടന്നത് അവൾ ശ്രദ്ധിച്ചതേയില്ല.ഞാൻ അത് അവഗണിച്ചു.
ശ്രുതിയുടെ ഒരു കോൾ വന്നിട്ട് രണ്ടാഴ്ച ആകുന്നു.എന്തോ ഒരു പന്തികേട് എനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
കാലത്തു് വിളിച്ചിട്ട് പ്രസാദ് പറഞ്ഞു,”ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് ടിക്കറ്റ് ശരിയായിട്ടുണ്ട് ,”എന്ന്. അവൻ പോകുകയാണെന്ന് പറഞ്ഞ സമയത്തിന് എനിക്ക് എയർപോർട്ടിൽ പോയി അവനെ കാണുവാൻ കഴിയുമായിരുന്നില്ല .ന്യൂയോർക്കിൽ ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു നിർത്തി.ഞങ്ങളുടെ രണ്ടുപേരുടെയും സംസാരത്തിൽ ഒരിക്കൽപോലും ശ്രുതിയെക്കുറിച്ചു പരസ്‌പരം ഒന്നും പറയുകയുണ്ടായില്ല.
കാലത്തു് ഓഫീസിലെ തിരക്കിൽ മുഴുകിയിരിക്കുമ്പോൾ ശ്രുതിയുടെ കോൾ വന്നു.ആകെ അവളുടെ ശബ്ദം അടഞ്ഞു അവ്യക്തമായിരുന്നു.
“എന്തുപറ്റി,ശ്രുതി?നിനക്ക് അസുഖം വല്ലതും ആണോ?”ഞാൻ ചോദിച്ചു.
” ഇല്ല മാത്തു,ഐ ആം പെർഫെക്ടലി ഓൾ റൈറ്റ്.”
എനിക്ക് അത്ര വിശ്വാസം വന്നില്ല.”എന്തെങ്കിലും ഉണ്ടങ്കിൽ പറയൂ”.
അവൾ എന്തോ എന്നിൽ നിന്നും മറച്ചു വയ്ക്കുന്നപോലെ ഒരു തോന്നൽ.കുറെ അധികം വർത്തമാനം പറഞ്ഞു.പക്ഷേ ഒന്നും വ്യക്തമായി പറയുന്നുമില്ല.
അവസാനം അവൾ പറഞ്ഞു,”ഇന്നലെ പ്രകാശ് വന്നിരുന്നു.അവൻ ഇവിടെയുള്ളത് ഒരു സഹായമായി”.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
എന്താണ് അവൾ പറഞ്ഞതെന്ന് വീണ്ടും വീണ്ടും എൻ്റെ മനസ്സ് ആവർത്തിച്ചു.സഹായമായി എന്നല്ലേ അവൾ പറഞ്ഞത്?അവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി?
“ശ്രുതി,ഞാൻ അല്പം തിരക്കിലാണ്,കുറച്ചുകഴിഞ്ഞു വിളിക്കാം.”
മനസ്സിൻ്റെ സ്വസ്ഥത നഷ്ട്ടപ്പെട്ടു.ശ്രുതിക്ക് എന്ത് സംഭവിച്ചു?ഒന്നും മനസ്സിലാകുന്നില്ല.ആരോട് അന്വേഷിക്കാനാണ്?പ്രസാദ് വിളിക്കാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രതീക്ഷ ഇല്ല.
ഇടക്ക് അനിയത്തി വിളിച്ചു് ചോദിക്കും.
“എന്തായി?അപ്പച്ചനും അമ്മച്ചിയും ചോദിക്കുന്നു,”
അവളോട് എന്തു പറയാനാണ്?ഒഴുക്കൻ മട്ടിൽ മറുപടി കൊടുക്കും.
ഒരു മാസംകൊണ്ടുതന്നെ അഞ്ജലി ബിസ്സിനസ്സ് കാര്യങ്ങളിൽ നല്ല പുരോഗതി കാണിച്ചു. അക്കൗണ്ടിംഗ്,ഹ്യൂമൻ റിസോഴ്സസ് ,അഡ്‌മിനിസ്‌ട്രേഷൻ എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്തു.അവൾ ഇടക്കിടക്ക് എൻ്റെ കാബിനിൽ വരും,എന്തെങ്കിലും സംശയവുമായി.
പലതും ഒരു പ്യൂൺ ചെയ്യേണ്ട ജോലികളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇടക്കിടക്ക് ക്ഷേമാന്വേഷണങ്ങളുമായി തടിയന്മാർ വരും.എല്ലാവർക്കും അഞ്ജലിയെ വളരെ ഇഷ്ട്ടവുമായിരുന്നു.അവർക്കുവേണ്
റാം അവതാർ പോലെയുള്ള ഒരു വലിയ കമ്പനി,അതും ആകെക്കൂടി കുത്തഴിഞ്ഞ പുസ്തകം പോലെ കിടക്കുന്ന ഒരു സ്ഥാപനം,നടത്തിക്കൊണ്ടുപോകുക അത്ര എളുപ്പമായിരുന്നില്ല.
ഞാൻ ജോലിവിട്ടുപോകുമോ എന്ന ഭയം അഞ്ജലിക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.അതുകൊണ്ടായിരിക്കണം എൻ്റെ എല്ലാകാര്യങ്ങളിലും, അവൾ വളരെ ശ്രദ്ധിച്ചിരുന്നു.
എനിക്കും അല്പം ധൈര്യവും കുറച്ചു തൻ്റെടവും അപ്പച്ചൻ്റെ ബിസിനസ്സിൽ സഹായിച്ച പരിചയവുമല്ലാതെ കാര്യമായ ജോലി പരിചയമൊന്നും ഉണ്ടായിരുന്നില്ല.ഞാൻ അത് അഞ്ജലിയോട് പറയുകയും ചെയ്തു.അവൾ അത് കേട്ടതായ ഭാവം പോലും കാണിച്ചില്ല.
ഒരു ദിവസം സംസാരത്തിനിടയിൽ അവൾ ചോദിച്ചു .”ഇപ്പോൾ ശ്രുതി വിളിക്കാറുണ്ടോ”.
ഞാൻ ഒന്നും മിണ്ടിയില്ല.
“സോറി”.അവൾ ഒരു നിമിഷം എന്നെ ശ്രദ്ധിച്ചു,എഴുന്നേറ്റുപോയി.പെ
ശ്രുതി മിക്കവാറും ദിവസ്സങ്ങളിൽ വിളിക്കും .ഞാൻ അങ്ങോട്ടുവിളിക്കാം എന്ന് പറയുമ്പോൾ സമ്മതിക്കില്ല.അവൾക്ക് തിരക്ക് ഒഴിഞ്ഞ സമയത്തു് വിളിക്കുന്നതാണ് സൗകര്യം എന്ന് പറയും.
പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നതുപോലെ ഒരു തോന്നൽ എനിക്ക് എപ്പോഴും അവളുടെ സംസാരത്തിൽ അനുഭവപ്പെട്ടു.
രണ്ടുമൂന്നുതവണ ശ്രുതിയുടെ അമ്മയെ വിളിച്ചു,അവർക്കും ഒന്നും അറിയില്ല എന്ന് തോന്നുന്നു.
ഇടക്ക് ഒരു ദിവസം അഞ്ജലിയുടെ ഏറ്റവും മൂത്ത സാഹോദരൻ ഓഫീസിൽ വന്നു.അവളുമായി എന്തോ പതിനഞ്ചുമിനിറ്റ് സംസാരിച്ചിട്ട് തിരിച്ചുപോയി.സാധാരണ അവളെ കാണാൻ വരുമ്പോളൊക്കെ അയാൾ എൻ്റെ കാബിനിൽ വന്ന് ,”ഹലോ” പറഞ്ഞിട്ടുപോകുന്നതാണ്.
കുറച്ചുകഴിഞ്ഞു അഞ്ജലി എന്റെ കാബിനിൽ വന്നു.എന്തോ ഒന്ന് അവളുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്നത് ഉറപ്പാണ്.അവൾക്ക് എന്തോ എന്നോട് പറയാനുണ്ട്.
“എന്തുപറ്റി അഞ്ജലി?”അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു ,പരാജയപ്പെട്ടു.അല്പസമയം അവൾ എൻ്റെ മുഖത്ത് നോക്കിയിരുന്നു.എന്നിട്ടു ഒന്നും പറയാതെ എഴുന്നേറ്റു.
“അഞ്ജലി,എന്താണെങ്കിലും പറഞ്ഞിട്ട് പോകു.”
“മാത്യു,എനിക്ക് പറയണമെന്നുണ്ട്,പക്ഷേ പറയില്ല എന്ന് ഞാൻ സത്യം ചെയ്തുപോയി”.ഇതെന്തു കഥയില്ലായ്മയാണ്?അവളെ നിർബന്ധിക്കുന്നതും ശരിയല്ല,എന്നുതോന്നുന്നു.
ആകെക്കൂടി ഒരുഅസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി.
പിറ്റേദിവസം ഓഫീസിൽ വരുമ്പോൾ മേശപ്പുറത്തു് കുറെ റോസാപ്പൂക്കൾ ,അതിൽ ബർത്ത് ഡേ വിഷസ്സ് എഴുതിയ ഒരു കാർഡും ഇരിക്കുന്നു.ഞാൻ ഒരിക്കലും എൻ്റെ ജന്മദിനം ഓർക്കുകയോ ആഘോഷിക്കുകയോ ചെയ്തിട്ടില്ല.
അഞ്ജലി എൻ്റെ ജന്മദിനം ഓർത്തുവച്ചു് കൊണ്ടുവന്നു വച്ചതാണ് ഈ പൂക്കൾ.ഞാൻ കാബിനിൽ കയറിയ ഉടനെ നിറഞ്ഞചിരിയുമായി അഞ്ജലി വന്നു.പതിവിലും മോടിയായി ഡ്രസ്സ് ചെയ്തിട്ടുണ്ട്.
“ഹാപ്പി ബിർത്തഡേ മാത്യു”അവൾ എൻ്റെ നേരെ കൈ നീട്ടി.എൻ്റെ കൈയ്യിൽ അവളുടെ കൈഅമർന്നു.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടിവിടർന്നു.
അഞ്ജലി റാം അവതാർ ആൻഡ് കോ.യുടെ തലപ്പത്തുവന്നിട്ട് രണ്ട് മാസമാകുന്നു.ഈ സമയംകൊണ്ട് അവൾ എല്ലാവരുടേയും സ്നേഹവും പ്രശംസയും പിടിച്ചുപറ്റി.എന്തെങ്കിലും സംശയമുണ്ടെങ്കിൽ എൻ്റെ അടുത്തുവരും.ചിലപ്പോൾ സംശയം ഉണ്ടാകാൻ കാത്തിരിക്കുകയാണ് എന്ന് തോന്നും.
പെട്ടന്ന് ഒരു ദിവസം അവൾ ഒരു ചോദ്യം,”മത്തായി,എന്ന വാക്കിൻ്റെ അർഥം എന്താണ്?”എന്ന്.
“ഇതെവിടെനിന്നു കിട്ടി ?”
“ഇഷ്ടമുള്ളവർ അങ്ങിനെ വിളിക്കുന്നത് കേൾക്കാറുണ്ടല്ലോ?പലതവണ അനിയത്തി ഫോണിൽ വിളിക്കുന്നത് കേട്ടതുകൊണ്ട് ചോദിക്കുകയാണ്”
“മത്തായി,എന്ന് പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ എന്നാണ് അർഥം.”
“എങ്കിൽ ഞാൻ മത്തായി,എന്ന് വിളിച്ചോട്ടെ?”.
മറുപടി പറയാൻ ഇല്ലാത്തപ്പോൾ ഞാനുപയോഗിക്കുന്ന ട്രിക്ക് ആണ് വെറുതെ ഒരു ചിരി.അവളുടെ മനസ്സിൽ എന്താണ് എന്ന് എനിക്ക് അറിയാതിരിക്കാൻ ഞാൻ ഇരുമ്പ് കട്ടയൊന്നുമല്ല.പക്ഷേ ശ്രുതിയെ എനിക്ക് മറക്കുവാൻ കഴിയുമായിരുന്നില്ല.
പുതിയ ഉത്തരവാദിത്വങ്ങളുടെ തിരക്കിൽ പലപ്പോഴും എനിക്ക് ജോൺ സെബാസ്ത്യനെ കാണാൻ സാധിക്കുന്നില്ല.ഇടക്ക് ഒരു ദിവസം അവൻ പറഞ്ഞു,അവൻ്റെ റിസൾട്ട് വന്നു,ഇനി ഒരു നല്ല ജോലി കണ്ടുപിടിക്കണം എന്ന്.പിന്നെ ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോൾ അവൻ പറഞ്ഞു,അവന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലികിട്ടി,ഒരുമാസം കഴിഞ്ഞു ട്രെയിനിങ് പ്രോഗ്രമിൽ ജപ്പാനിലേക്ക് പോകുന്നു.അവൻ്റെ ഈ വേർപാട് വല്ലാത്ത ഒരു വിഷമാവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടു .സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു മനസ്സാണ് അവന്.
അഞ്ജലി എനിക്കുവേണ്ടി ഒരു നല്ല വീട് കണ്ടുപിടിക്കാൻ അവളുടെ സഹോദരന്മാരോട് പറയട്ടെ,എന്ന് ചോദിച്ചു.മലബാർ ലോഡ്ജിൽ നിന്നും മാറുന്നതിനെക്കുറിച്ച ഞാനും ആലോചിച്ചു തുടങ്ങി.ജോൺ സെബാസ്റ്റ്യൻ ജപ്പാനിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ മലബാർ ലോഡ്ജിൽ താമസിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി എന്നെഞെട്ടിച്ചുകൊണ്ട് ശ്രുതിയുടെ ‘അമ്മ എന്നെ കാണാൻ ഓഫീസിൽ വന്നു.ഒരുപാട് പരാതികൾ പറഞ്ഞു.അവൾ കൃത്യമായി വിളിക്കാറില്ല,എന്തെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടുന്നു, അങ്ങിനെപോയി പരാതികൾ.
ഇത് തന്നെയാണ് എൻ്റെയും അവസ്ഥ എന്ന് എനിക്ക് പറയേണ്ടി വന്നു.കുറച്ചുസമയം അവിടെയിരുന്ന് കരഞ്ഞു
.”ഞങ്ങൾ അമ്മയും മകളും പോലെ ആയിരുന്നില്ല,കൂട്ടുകാരെപോലെ ആയിരുന്നു.അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.പഠനം വിഷമമാണങ്കിൽ തിരിച്ചുപോരാൻ പറഞ്ഞിട്ട് അവൾ ദേഷ്യപെടുന്നു”.
“പ്രസാദ് അവിടെയുണ്ട്,ഞാൻ ഒന്ന് കോൺടാക്ട് ചെയ്യാൻ നോക്കാം”സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു.
അവർ പോയിക്കഴിഞ്ഞു അല്പസമയം കഴിഞ്ഞപ്പോൾ ശ്രുതിയുടെ കോൾ വന്നു.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ തിരിച്ചുവരുന്നു.വിശേഷങ്ങൾ വന്നിട്ട് പറയാം”.
അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്‌തു..
(തുടരും)
Leave a Reply