ജോൺ കുറിഞ്ഞിരപ്പള്ളി
കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാ ണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല
ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.ജോൺ സെബാസ്റ്റ്യൻ ഗേറ്റിൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തു നിൽക്കാം എന്നും തീരുമാനിച്ചു.
ഞാൻ വിചാരിച്ചതിലും വലിയ ഒരു സ്ഥാപനമായിരുന്നു NGEF.റിസപ്ഷനിൽ ഏതാണ്ട് ഇരുപതോളം പേർ ഇന്റർവ്യൂ ന് എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് പരിഭ്രമവും ഭയവും തെളിഞ്ഞു കാണാം.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ ഇന്റർവ്യൂ ആണ്.കിട്ടിയാൽ കിട്ടി,പോയാൽ പോട്ടെ എന്ന ഒരു ആറ്റിട്യൂട് ആയിരുന്നു മനസ്സിൽ.
നാട്ടിലെ ക്ലബും ചീട്ടുകളിയും മറ്റുമായിരുന്നു എനിക്ക് ഈ ജോലിയെക്കാൾ പ്രധാനം.
ഒരു ക്ലാർക്ക് വന്ന് എല്ലാവരുടെയും CV വാങ്ങി അകത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞു ഓരോരുത്തരെയായി ഇന്റർവ്യൂ ന് വിളിച്ചു തുടങ്ങി.
എനിക്ക് മനസ്സിൽ ഭയം ഇല്ലാതില്ല.ഞങ്ങളെ കാറിൽ കയറ്റി ഇവിടെ എത്തിച്ച ആ സ്ത്രീ ഞാൻ ഇവിടെ ഇരിക്കുമ്പോൾ കയറി വന്നാൽ ആകെ നാണക്കേടാകും.അഥവാ അവർ കയറി വന്നാൽ എന്തുചെയ്യണം ?അവരിൽ നിന്നും രക്ഷപ്പെടുന്നത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ലർക്ക് വന്ന് എന്റെ പേരുവിളിച്ചു.
“മാത്യു എം.എ.”
രക്ഷപെട്ടു.ഇനി അവരെ പേടിക്കണ്ട .തമ്മിൽ കണ്ടാൽ എന്തെങ്കിലും തരികിട കാണിച്ചു രക്ഷപെടാം.
ഞാൻ വാതിൽ തുറന്ന് അകത്തുകയറി.
അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ് ആയിരുന്നു ഇന്റർവ്യൂ ബോർഡ് .നടുഭാഗത്തെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാനൊന്നേ നോക്കിയുള്ളൂ.അത് അവരായിരുന്നു, ഞങ്ങളെ കാറിൽ കയറ്റി കൊണ്ടുവന്ന ആ യുവതി.
അവർ യാതൊരു പരിചയവും കാണിച്ചില്ല.പുരുഷന്മാരിൽ ഒരാൾ ഇരിക്കാൻ പറഞ്ഞു.ഞാൻ കസേരയുടെ ഒരറ്റത്തിരുന്നു.
അവർ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഒന്നും മനസ്സിലാകുന്നില്ല.ഒരാൾ എന്റെ ബയോ ഡാറ്റ നോക്കിയിട്ട് മദ്ധ്യത്തിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.ആരൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു.
എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ചിട്ട് രക്ഷപ്പെട്ടാൽ മതിയെന്നായി.ഇനി ബോർഡ് ചെയർമാന്റെ ഊഴമാണ്.അവർ മലയാളി അല്ലാത്തത്.ഭാഗ്യമായി.ഞങ്ങൾ മലയാളത്തിൽ അവരെക്കുറിച്ചു തമ്മിൽ പറഞ്ഞ വളിച്ച കോമഡി ഏതായലും അവർക്ക് മനസിലായിട്ടില്ല.
പിന്നെ ഒരു ലിഫ്റ്റ് കിട്ടാൻ ഒരു ചീപ് കളി കളിച്ചു.
സാരമില്ല.
ഞാൻ സ്വയം സമാധാനിച്ചു.
അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം?ഇത് കൊലപാതക കേസ് ഒന്നുമല്ലല്ലോ.
കൂടിവന്നാൽ ഈ ജോലി കിട്ടില്ല. അത്ര തന്നെ.
എന്റെ ബയോ ഡാറ്റയിൽ നിന്ന് മുഖമുയർത്തി അവർ ഒരുചോദ്യം.
“മാത്യു ,പാലാക്കാരൻ ആണ് അല്ലെ”?
ഈശ്വര ഇവർ മലയാളി ആണോ ?വായിലെ ഉമിനീർ വറ്റിപോയി.”കൂട്ടുകാരൻ എവിടെ,?നിങ്ങളുടെ അസിസ്റ്റന്റ്?”
ഒന്നും പറയാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു.ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനമില്ല.
അവർ പറഞ്ഞു.”ഇരിക്കൂ”
ഞാൻ അറിയാതെ ഇരുന്നുപോയി.അപ്പോൾ ഞാൻ തീരുമാനിച്ചു,ഇവരെ അങ്ങിനെ ജയിക്കാൻ അനുവദിക്കരുത്.
“അല്ല.കാഞ്ഞിരപ്പള്ളിയാണ്”ഞാൻ വെറുതെ തട്ടിവിട്ടു.
“അവിടെ?”
“കൊട്ടാരത്തിൽ ജോസഫ് എന്ന് കേട്ടിട്ടുണ്ടോ?”അറിയുന്ന ഏറ്റവും വലിയ പണക്കാരന്റെ പേര് വെറുതെ പറഞ്ഞതാണ്.
“കേട്ടിട്ടുണ്ട് ,എന്നുമാത്രമല്ല അടുത്തറിയും എൻ്റെ പപ്പയാണ്”അവർ തുടർന്നു.
“പപ്പാ വലിയ തമാശക്കാരനാണ്.”
ഞാൻ ശരിക്കും വിയർത്തുപോയി.അവരെ പറ്റിക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ആളിന്റെ പേര് പറഞ്ഞതാണ്.
“എൻ്റെ പപ്പയുടെ ഓരോ താമാശുകൾ..അതുപോകട്ടെ ,അപ്പോൾ എന്റെ ജോലിയുടെ കാര്യം എങ്ങിനെ?”
ഇത്രയുമായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു
“പേരെന്താ?”
“നിങ്ങളുടെ തരികിട കളി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിങ്ങൾ മലയാളികളാണെന്ന്”അവർ പറഞ്ഞു.അടുത്ത ചോദ്യത്തിൽ ശരിയ്ക്കും ഞാൻ ചമ്മി.
.”നിങ്ങളുടെ സ്റ്റീയറിങ് കൂട്ടുകാരന്റെ കയ്യിലാണോ?”
“അത് വെറുതെ.വഴി അറിഞ്ഞുകൂടാത്തതുകൊണ്ട് ലോഡ്ജിൽ നിന്നും കൂട്ടികൊണ്ടു വന്നതാണ് അയാളെ..”
അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.ബോർഡിൽ ഉള്ളവർ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണം.
ഇന്റർവ്യൂ കഴിഞ്ഞുപുറത്തിറങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള എൻ്റെ അടുത്ത ഒരു സുഹൃത്ത് ,ജെയിംസിനെ ഓർമ്മ വന്നു.ഏതായാലും അവനെ ഒന്ന് വിളിച്ചു നോക്കാം.
സംസാരമദ്ധ്യേ അവനോട് കാര്യം പറഞ്ഞു,”എടാ നീ കൊട്ടാരത്തിൽ ജോസഫ് ചേട്ടനെ അറിയുമോ?”
“അറിയും.ഞങ്ങളുടെ അടുത്ത ബന്ധു ആണ്”.
“പുള്ളിക്കാരന്റെ മകളെ ഇന്ന് പരിചയപ്പെട്ടു”
“മകളെ?”
“അതെ.ബാംഗ്ലൂരിൽ വച്ച്”
“അതിന് അങ്കിളിന് മകളില്ലല്ലോ”
“നീ എന്താ പറഞ്ഞത്?.മകൾ ഇല്ലന്നോ?”
“അങ്കിളിന് പെണ്മക്കളില്ല.രണ്ട് ആണ്കുട്ടികളേയുള്ളു.”
അപ്പോൾ ഞാൻ വെറും മത്തായി .
ശശി വീണ്ടും ശശി ആയി എന്ന് പറയുന്നതുപോലെ മത്തായി വീണ്ടും വെറും മത്തായി.
എന്നാൽ പോസ്റ്റിൽ അടുത്ത ദിവസം വന്ന ലെറ്റർ തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടിപ്പോയി.
N.G.E.F.ൽ HR ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ആയി ജോലിക്കുള്ള ഓഫർ ലെറ്റർ ആയിരുന്നു അത്.
(തുടരും)
ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” നോവൽ അദ്ധ്യായം -2
ജോൺ കുറിഞ്ഞിരപ്പള്ളി
Leave a Reply