ജോൺ കുറിഞ്ഞിരപ്പള്ളി

പ്രസാദും ശ്രുതിയും പോയിക്കഴിഞ്ഞിരുന്നു.
അവളെ എങ്ങിനെയാണ് കുറ്റം പറയുക?
പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ?
അടുത്ത ദിവസം ” റാം അവതാർ ആൻഡ് കോ.” യിൽ ഒരു ഇൻ്റർവ്യൂ ഉണ്ട്.അതിലാണ് എൻ്റെ ശ്രദ്ധ പതിയേണ്ടത്.
പറഞ്ഞിരുന്നതുപോലെ കാലത്തു പത്തുമണിക്കുതന്നെ അവിടെ ചെന്നു.
ഒരു വലിയ ഗോഡൗണിൻ്റെ മുകൾ ഭാഗത്തേക്ക് ഒരു സ്റ്റെയർ കേസ് കാണാം.മുകളിൽ തട്ടുകൾ ഉണ്ടാക്കി അതിന് ഗ്ലാസ് പാനലുകൾ പിടിപ്പിച്ചു മനോഹരമാക്കിയതായിരുന്നു “റാം അവതാർ ആൻഡ് കോ.”യുടെ ഓഫീസ് .മുകളിലിരുന്നാൽ താഴെ ഗൗഡൗണിലെ ചരക്കു നീക്കങ്ങൾ കാണാം.
ബംഗാളിലെ ചണമില്ലുകളിൽ ഉണ്ടാക്കുന്ന ചാക്ക് സൗത്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസിയാണ് റാം അവതാർ ആൻഡ്.കോ.
ശരാശരി ദിവസം മൂന്നു കോടി രൂപ യുടെ ബിസ്സിനസ്സ് അവർക്ക് ഉണ്ട്.അതായത് വർഷത്തിൽ ആയിരം കോടി രൂപയുടെ ടെർണോവർ .ഞാൻ വിചാരിച്ചതുപോലെ നിസ്സാരക്കാരല്ല നമ്മുടെ റാം അവതാർ ആൻറ് കോ.
ഓഫിസിൽ ചെന്ന് മാനേജരെ അന്വേഷിച്ചു.
മെലിഞ്ഞ ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ തനി ബംഗാളി ഡ്രെസ്സിൽ, അവിടെ ഓഫിസിൽ ടെലിഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു.ഒന്നും ചോദിക്കുന്നതിനു മുമ്പ് അക്കൗണ്ട് ഓഫിസർ എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് ചൂണ്ടി കാണിച്ചു.
അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ പോയി ഇരിക്കാൻ ആയിരിക്കണം അയാൾ ഉദ്ദേശിച്ചത് .ഒരു മണിക്കൂർ അവിടെ അങ്ങിനെ ഇരുന്നു.ഇടക്ക് ഒരു പ്യൂൺ കാപ്പിയും ഉഴുന്നുവടയും കൊണ്ട് വന്നു തന്നു. കുറച്ചകഴിഞ്ഞു പ്യൂൺ വന്നു വിളിച്ചു ,കൂടെ വരാൻ പറഞ്ഞു.
ചുറ്റും നോക്കുമ്പോൾ ഏകദേശം പതിനഞ്ചു പേർ അവിടവിടെ കംപ്യൂട്ടറുകളുമായി മല്ലടിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം.
മാനേജർ ഞാൻ ആദ്യം കണ്ട ആ മനുഷ്യൻ തന്നെ ആയിരുന്നു.അയാൾ ഇരിക്കാന്‍ പറഞ്ഞു.
ഇരുന്നതിനുശേഷം ഞാൻ കയ്യിലെ CV അയാളുടെ നേരെ നീട്ടി. അയാൾ അത് കണ്ടതായി ഭവിച്ചതേയില്ല.
“എന്താ പേര്?”
ഞാൻ പേരുപറഞ്ഞു
” ഇന്നുമുതൽ ഇവിടെ അക്കൗണ്ട് ഓഫിസർ ആയിട്ട് ജോയിൻ ചെയ്യാം”..
“ഞാൻ അക്കൗണ്ട് കൈകാര്യം ചെയ്തിട്ടില്ല.”
“നിങ്ങൾക്ക് രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടാനും കുറക്കാനും അറിയാമോ?”
“അറിയാം.”
” ഗുണിക്കാനും ഹരിക്കാനും അറിയാമോ?”.
“അറിയാം”.
“ഇനിയുള്ളത് ടാബുലേഷൻ കോളങ്ങളിൽ ഗുണിച്ചതും ഹരിച്ചതും എഴുതാൻ സാധിക്കുമോ?”
“സാധിക്കും.”.
“എങ്കിൽ ജോയിൻ ചെയ്തോളു”
വിചിത്രമായ ഒരു ഇന്റർവ്യൂ.
ജോലി,അക്കൗണ്ട് ഓഫീസറുടേത് .
ഞാൻ ഒരിക്കൽ കൂടി CV അയാളുടെ നേരെ നീട്ടി.
അയാൾ അത് കണ്ടതായി ഭാവിച്ചതേയില്ല.
ശമ്പളം എന്താണ് എന്നും പറഞ്ഞിട്ടില്ലല്ലോ എന്നും ഞാൻ ഓർത്തു.ആരോ ടെലിഫോണിൽ വിളിച്ചു.
അയാൾ എഴുന്നേറ്റുപോയി.
ഉച്ച ഭക്ഷണത്തിനു ശേഷം അവിടെ ജോലി ചെയ്യുന്ന എല്ലാവരെയും പരിചയപ്പെട്ടു.രണ്ടുമണി ആയപ്പോൾ മാനേജർ,എല്ലാവരും സേട് ജി എന്ന് വിളിക്കുന്ന അയാൾ,എന്നെ കാബിനിലേക്ക് വിളിച്ചു.
ജൂബയുടെ പോക്കറ്റിൽ നിന്നുചുവന്ന മഷിയിലും പച്ചമഷിയിലും എഴുതിയ ഏകദേശം നൂറു കടലാസ്സ് തുണ്ടുകൾ വാരി മേശപ്പുറത്തിട്ടു.എന്നിട്ട് വിശദീകരിച്ചു.
“ഇതിൽ ചുവന്ന മഷിയിൽ എഴുതിയത് ക്രെഡിറ്റ് ആണ്.പച്ച മഷിയിൽ എഴുതിയത് ഡെബിറ്റും.
ഇതെല്ലം അക്കൗണ്ട് ബുക്കിൽ എഴുതി ചേർക്കുക.”
ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു കാബിനിലേക്കു നടന്നു,ആ കടലാസ് തുണ്ടുകളുമായി.അയാൾ തിരിച്ചുവിളിച്ചിട്ടു പറഞ്ഞു,”എല്ലാ അക്കൗണ്ടുകളും ലെഡ്ജറിൽ ചേർക്കുമ്പോൾ ഒരു പൂജ്യം വിട്ടുകളഞ്ഞേക്ക്.”
?
“അതായത് ഒരുകോടി എന്നത് ലെഡ്ജറിൽ എഴുതുമ്പോൾ പത്തു ലക്ഷം ആയിരിക്കും.”
എനിക്ക് സംഗതി പിടികിട്ടി.മൂന്നു കോടി രൂപയുടെ ബിസിനസ്സ് മുപ്പതുലക്ഷമായി കാണിക്കുന്ന മാന്ത്രിക വിദ്യ ആണ് ഇത് .
ഇടപാടുകൾ മുഴുവൻ ബിനാമിയും കുഴൽ പണവും ആണന്നു ചുരുക്കം.
നാലുമണി ആയപ്പോൾ വീണ്ടും സേട്ട്ജി കാബിനിലേക്ക് വിളിപ്പിച്ചു.കാബിൻ്റെ മൂലയിൽ അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിൻ്റെ ഒഴിഞ്ഞ കുറെ പെട്ടികൾ കൂട്ടിയിട്ടിരിക്കുന്നു.ഇന്നത്തെ ക്യാഷ് കളക്ഷൻ അതിൽ നിറക്കാൻ ആവശ്യപ്പെട്ടു.ഇങ്ങനെ ക്യാഷ് നിറയ്ക്കുന്നപെട്ടികൾ കൽക്കത്തയിലേക്കു തിരിച്ചു പോകുന്ന ലോറികളിൽ കൊടുത്തയാക്കുന്നു.
വൈകുന്നേരം അഞ്ചു മണിക്ക് സേട് ജി പറഞ്ഞു,”ജോലി ഇഷ്ടപ്പെട്ടാൽ നാളെ മുതൽ വന്നോളൂ.ഇല്ലങ്കിൽ………………”,ആയിരം രൂപ അയാൾ എന്റെ നേരെ നീട്ടി.
ഞാൻ പൈസ വാങ്ങിയില്ല.
സ്റ്റാഫിൽ ആറുപേർ പെൺകുട്ടികൾ .എല്ലാസ്റ്റാഫിൻ്റെയും പേരുകൾഎഴുതിയ ഒരു നെയിം ഷീൽഡ് അവരുടെ ഡ്രെസ്സിൽ പിൻ ചെയ്തിരുന്നു.
യുവതികൾ ആ നെയിം ഷീൽഡ് അവരുടെ ഇടതു ഭാഗത്ത് ഒരു സൈഡിലായി പിൻചെയ്തിരിക്കുന്നതു എനിക്ക് അല്പം തമാശയായി തോന്നി.
അതിൻ്റെ രഹസ്യം പിന്നീടാണ് മനസ്സിലായത്.
എല്ലാവരുടെയും നെയിം ഷീൽഡ് പിടിച്ചു നോക്കി സേട് ജി പേര് വായിക്കും.ആരുടെയും പേരറിയില്ല.കണ്ണിനു കാഴ്ച കുറവാണെന്ന ഭാവത്തിൽ ഷീൽഡ് പിടിക്കുന്നതിൻ്റെ കൂട്ടത്തിൽ അല്പം അമർത്തി ശരീരത്തിൽ പിടിക്കുക സേട് ജിയുടെ സ്വഭാവമാണ്.
അല്പസമയം എടുക്കും പിടിവിടാൻ,വായിച്ചു തീരാൻ.
കൊള്ളാം സേട് ജി,നിങ്ങൾ അപാരബുദ്ധിമാൻ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.
ഏതായാലും കുറച്ചു ദിവസം ജോലി ചെയ്തു നോക്കാൻ തീരുമാനിച്ചു .
തിരിച്ചുവരുമ്പോൾ ലോഡ്ജിൽ ശ്രുതി കാത്തു നിൽക്കുന്നു.
“എന്തിനാ മാത്തു വേറെ ജോലി അന്വേഷിക്കുന്നത്?”
ഞാൻ വെറുതെ ചിരിച്ചു.
“ഇന്നലെ പ്രസാദ് വഴക്കിട്ടുപോയി.എല്ലാത്തിനും ഞാനാണ് കാരണക്കാരൻ എന്നാണ് അവൻ പറയുന്നത്”ഞാൻ പറഞ്ഞു.
അവൾ പെട്ടെന്ന് മൂകയായി.”എല്ലാം നിനക്ക് മനസ്സിലാകും. ഭാഗ്യത്തിന് നിന്നെ കണ്ടതുകൊണ്ടു രക്ഷപെട്ടു.”
പ്രസാദിൻ്റെ എല്ലാ കോമാളിത്തരങ്ങളും തട്ടിപ്പുകളും ഞാൻ ഒരു തമാശയായ് മാത്രമേ കണ്ടിരുന്നുള്ളൂ.പക്ഷെ ഇത് കടന്ന കയ്യായി പോയി.
ശ്രുതി വീണ്ടും നിർബന്ധിച്ചു,”മാത്തു നീ വേറെ എങ്ങും പോകേണ്ട എൻ്റെകൂടെ വാ.”
““ശ്രുതി നിനക്ക് എൻ്റെ കാര്യങ്ങൾ കുറെ അറിയാം.എനിക്ക് ഒരു ജോലി വേണമെന്ന് തന്നെ ഇല്ല.അപ്പച്ചൻ്റെ ചെറിയ ബിസ്സിനസ്സിൽകൂടി നാട്ടിൽ നിൽക്കുന്നത് തന്നെയാണ് എനിക്കിഷ്ട്ടം.അപ്പച്ചൻ വലിയ ഗൗരവക്കാരനാണെന്നു അഭിനയിക്കും.അമ്മച്ചിയുടെ കയ്യിൽ കാശുകൊടുത്തിട്ട് എനിക്ക് പൈസ അയക്കാൻ പറയും.എന്നിട്ടു ഉച്ചത്തിൽ പറയും ആവശ്യമുണ്ടെങ്കിൽ അവൻ അദ്ധ്വാനിച്ചു പണമുണ്ടാക്കട്ടെ ,ഒരു ചില്ലിപൈസ ഞാൻ കൊടുക്കില്ല.”
അവൾ ഒന്നും പറഞ്ഞില്ല.
“എനിക്ക് ഒരനിയത്തി ഉണ്ട്. ഒരു ദിവസം അവളെ കിള്ളിയില്ലങ്കിൽ എനിക്കുറക്കം വരില്ല.എന്തെങ്കിലും കാരണം പറഞ്ഞു എന്നോട് ഉടക്കിയില്ലങ്കിൽ അവൾക്കും സമാധാനമില്ല.അങ്ങിനെയുള്ള ഞാൻ ഇവിടെ എത്ര നാൾ ജോലിയിൽ ഉറച്ചു നിൽക്കും?”
അവൾ ഒന്നും പറയാതെ അകലേക്ക് നോക്കി നിന്നു.
.കണ്ണുകൾ നിറയുന്നു.ഇങ്ങനെ ഒരു സീൻ ഞാൻ പ്രതീക്ഷിച്ചതല്ല. ബോൾഡായ ഈ പെൺകുട്ടി മെഴുകുപോലെ ഉരുകിപോകുന്നു.
“ശ്രുതി ……”,ഞാൻ വിളിച്ചു.
“മാത്തു നിനക്ക് വർണശബളമായ ഒരു ബാല്യം ഉണ്ട്.സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്.ഒരനിയത്തി യുണ്ട്.ഞാൻ ജീവിതം മുഴുവൻ ഹോസ്റ്റലിലായിരുന്നു.ഒരു നല്ല ജീവിതം സ്വപ്നംകണ്ടു.പ്രസാദ് എല്ലാം ഉഴുതു മറിച്ചു.സാരമില്ല.” അവൾ തുടർന്നു.
“നിനക്ക് മനസ്സിലാകുമോ എന്നറിയില്ല.ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ബാല്യം.എൻ്റെ പപ്പാ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു.അവധിക്കു വരുന്ന പപ്പായുടെ അടുത്ത് നിന്ന് ഞാൻ മാറില്ല പപ്പാ എന്നെയും മമ്മിയെയും കൊണ്ട് നാടുചുറ്റും. വർണ്ണ ശബളമായിരുന്നു ആ കാലം. മമ്മ സർക്കാർ സർവീസിലാണ് .
വെക്കേഷന് ഞങ്ങൾ പപ്പയുടെ അടുത്തുപോകും.ഞങ്ങളെ വിട്ടു താമസിക്കാൻ പപ്പയ്ക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ജോലി രാജിവെക്കാൻ തീരുമാനിച്ചു.ഒരു വർഷം കൂടി ജോലി ചെയ്താൽ കിട്ടുന്ന ആനുകൂല്യങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ജോലിയിൽനിന്നു പിരിയുന്ന അവസാനദിവസം ഒരു ആക്സിടൻറിൽ പപ്പ മരിച്ചു.
ഞാനും മമ്മിയും ഒറ്റക്കായി.ഇടക്കിടെയുള്ള ട്രാൻസ്‌ഫർ കാരണം മമ്മി എന്നെ ഹോസ്റ്റലിലാക്കി.പിന്നീട് ഞാൻ അവധിക്കാലങ്ങളിൽ വീട്ടിൽ പോകുന്ന ഒരു ഹോസ്റ്റൽ ജീവിയായി മാറി.
പ്രസാദിനെ പരിചയപ്പെട്ടപ്പോൾ ഒരാശ്വാസമായിരുന്നു.കൊടിയ വഞ്ചനയാണ് അയാൾ എന്നോട് കാണിച്ചത് .
ഒരു മനുഷ്യൻ പറയുന്നത് മുഴുവൻ കള്ളവും അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയും ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചാലേ മനസ്സിലാകൂ ”
ഞാനെന്തുചെയ്യാനാണ്?
“വരൂ,നമുക്ക് അല്പം നടന്നിട്ട് വരാം .”അവളുടെ ടെൻഷൻ അല്പം കുറയട്ടെ എന്ന് വിചാരിച്ചു ഞാൻ പറഞ്ഞു.ഒന്നും സംസാരിക്കാതെ അരമണിക്കൂർ നടന്നു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു,”ശ്രുതി,കഴിഞ്ഞതെല്ലാം മറക്കുക.ആരെങ്കിലും കാണിക്കുന്ന വിഡ്ഢിത്തരം ഓർത്തു നമ്മൾ വേവലാതിപ്പെടണമോ?”
“മാത്തു ,നീ എൻ്റെ താമസസ്ഥലം കണ്ടിട്ടില്ലല്ലോ.ഇവിടെ ഇന്ദിരാനഗറിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആണ്.എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോളൂ”
ഞാൻ സമ്മതിച്ചു.
കാറിൽ കയറുമ്പോൾ ഒരു ഫോൺ കോൾ.അപ്പച്ചനാണ്, ടെലിഫോണിൽ.സാധാരണ വിളിക്കാറുള്ളതല്ല, അത് അമ്മച്ചിയുടെ ജോലിയാണ്.അമ്മച്ചി സംസാരിക്കുന്നത് കേൾക്കാവുന്ന അകാലത്തിൽ നിന്ന് മുഴുവനും കേൾക്കും.എല്ലാം കേട്ടുകഴിഞ്ഞു പറയും ,”കുരുത്തം കെട്ടവൻ. ”
വെറുതെയാണെന്ന് എല്ലാവർക്കും അറിയാം.
ഇത് എന്തോ അടിയന്തര പ്രശനമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി