തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മുന്‍ മന്ത്രിക്കെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മാറ്റി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രനെ കുറ്റിവിമുക്തനാക്കിയുള്ള കോടതി നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാം.
ഗതാഗത മന്ത്രിയായിരിക്കെയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ശല്ല്യം ചെയ്തുവെന്നും ആരോപിച്ച് ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ പരാതിക്കാരി മൊഴിമാറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള്‍ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പ് പ്രകാരമായിരുന്നു ശശീന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.
പരാതിക്കാരി മൊഴിമാറ്റിയതിലൂടെ മംഗളം ചാനലാണ് വെട്ടിലായിരിക്കുന്നത്. ഫോണ്‍കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ മംഗളത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തേക്കും.
Leave a Reply