പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടു കൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി അനാവശ്യമായി പരിശോധിച്ചെന്ന് യുവതി പറയുന്നത്. ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആശുപത്രിയുടെ ഉടമയും ഡോക്ടറുമായ വ്യക്തിയ്‌ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാല്‍ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കുന്നു.ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് ഈ ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ കടന്നത്. താല്‍ക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ സമയം അമ്മമാര്‍ കിടക്കാറ്. യുവതിയുടെ മേലുണ്ടായിരുന്ന വസ്ത്രം ഇയാള്‍ എടുത്തു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വസ്ത്രം വലിച്ചുമാറ്റിയ ശേഷം പുരുഷ ഡോക്ടര്‍ ഏറെ നേരം യുവതിയുടെ ശരീരം നോക്കി നിന്നു. ഈ ഡോക്ടര്‍ക്ക് തന്നെ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ രഹസ്യഭാഗങ്ങള്‍ വരെ ഇയാള്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു. അസഹ്യത അനുഭവപ്പെട്ട യുവതി ഭര്‍ത്താവിനെ വിളിക്കാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രസവമുറിയാണെന്ന് അറിയില്ലേ എന്നും ഇവിടേക്ക് പുരുഷന്‍ന്മാരെ കയറ്റാന്‍ പാടില്ലെന്നുമായിരുന്നു നഴ്‌സുമാരുടെ മറുപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടറുടെ പെരുമാറ്റത്തില്‍ യുവതിക്ക് മാനസിക സംഘര്‍ഷം കൂടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ തന്റെ ഫോണെടുത്ത് ചിലര്‍ക്ക് വിളിച്ചു. പിന്നീട് മൊബൈല്‍ കാമറയില്‍ തന്റെ നഗ്‌നത പകര്‍ത്തിയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഒപിയിലേക്ക് പോയ ഡോക്ടര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. രക്തസ്രാവം ഉള്ളതിനാല്‍ ഗര്‍ഭപാത്രം നീക്കണമെന്ന് ഈ ഡോക്ടര്‍ നിര്‍ദേശിച്ചു. വിഷയം പറയാന്‍ ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭര്‍ത്താവിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.എന്നാല്‍ അകത്തെത്തിയ ഭര്‍ത്താവ് കണ്ടത് നഗ്നയായി കിടക്കുന്ന യുവതിയെയും ചികിത്സിക്കാനെന്ന മട്ടില്‍ നില്‍ക്കുന്ന പുരുഷ ഡോക്ടറെയുമാണ്. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തപ്പോള്‍ വേഗം രക്തമെത്തിക്കണമെന്ന് പറഞ്ഞ് ഇയാളെ പുറത്തേക്കു പറഞ്ഞു വിടുകയായിരുന്നു.തുടര്‍ന്ന് ഗര്‍ഭ പാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതിയെ കൊണ്ടുപോവാനുള്ള നീക്കങ്ങളായി. എന്നാല്‍ അപ്പോഴും ഒരു തുണി പോലും മറക്കാന്‍ നല്‍കിയില്ല. നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ആശുപത്രിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷ ഡോക്ടര്‍ മൊബൈലുമായി അനാവശ്യമായി പ്രസവമുറിയിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.

പുരുഷ ഡോക്ടര്‍ക്ക് പ്രസവമുറിയിലെന്തു കാര്യമെന്ന് ചോദിച്ച യുവതിയുടെ ഭര്‍ത്താവിനെ പരിഹസിച്ച ഡോക്ടര്‍ ‘പര്‍ദ്ദയിട്ടു കൊണ്ട് അനസ്‌തേഷ്യ’നല്‍കാന്‍ പറ്റുമോ എന്നു ചോദിക്കുകയും ചെയ്തു. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും മുമ്പ് മറ്റൊരു ചികില്‍സക്കെത്തിയപ്പോഴും ഈ ഡോക്ടര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ ഡോക്ടറുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറാന്‍ തന്നെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. ഈ പുരുഷ ഡോക്ടര്‍ക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.