മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടർമാർക്ക് പിഴവ് മനസിലായത്.ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്കിയക്കായി മണ്ണാർക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവരുടെ പേരുകൾ തമ്മിൽ മാറിപ്പോവുകയും ധനുഷിന് വയറിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടർമാർക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.
Leave a Reply