മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് നീക്കുപോക്കിന് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മഞ്ചേശ്വരത്ത് പിന്തുണയ്ക്കാമെന്ന് അറിയിച്ച എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നും പകരം എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണം എന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യം.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കാമെന്ന് എസ്ഡിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നുമാണ് എസ്ഡിപിഐ നേതൃത്വം അറിയിച്ചിരുന്നത്.

എന്നാൽ എസ്ഡിപിഐയുടെ പിന്തുണ തങ്ങൾക്ക് വേണ്ടെന്നും ഒരു വർഗീയ കക്ഷികളുമായും മുസ്‌ലിം ലീഗ് കൂട്ടുകൂടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവാഹാജി അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വരും ദിവസങ്ങളിൽ മുസ്‌ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്ഡിപി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫും ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ തള്ളി ലീഗ് രംഗത്തെത്തിയത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.