ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നേഴ്‌സുമാരുടേത്. അതിജീവനത്തിന്റെ പാതയിലെ മുന്നണി പോരാളികളായിരുന്നു അവർ. അവർക്ക് ആദരം അർപ്പിച്ചാണ് ഈ വർഷത്തെ നേഴ്സസ് ദിനം കടന്നുപോയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സിലെ തീയറ്റര്‍ നേഴ്‌സായ മഞ്ജു മാത്യുവിന് ഈ നേഴ്സസ് ദിനം ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഇത്തവണത്തെ ഡെയ്സി അവാർഡ് മഞ്ജുവിനെ തേടിയെത്തിരിക്കുകയാണ്. അവാർഡിന്റെ സന്തോഷം പങ്കിടാൻ ഭർത്താവും ഒപ്പമുണ്ടായിരുന്നത് ഇരട്ടിമധുരം പകരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ മഞ്ജു നേഴ്സ് ആയി ജോലി ആരംഭിച്ചിട്ട് 23 വർഷങ്ങൾ കഴിഞ്ഞു. സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെയാണ് ഇരുപത് വർഷവും ജോലി ചെയ്തത്.

ഡെയ്സി അവാര്‍ഡ് ഫോര്‍ എക്‌സ്ട്രാ ഓര്‍ഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് അവാർഡ് ലഭിച്ചത്. രോഗികളോടും പ്രിയപ്പെട്ടവരോടും ഏറ്റവും സ്നേഹത്തോടെ പെരുമാറുന്ന നേഴ്സിനെ തേടിയെത്തുന്ന പുരസ്‌കാരം ആണിത്. സേവന മികവിന് രോഗികളുടെ നിര്‍ദേശം വഴിയാണ് ഈ അവാർഡ് ലഭിക്കുക. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കി എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്‌സി അവാര്‍ഡ് തേടിയെത്തുന്നത്. ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക് സ്ട്രാ ഓർഡിനറി നേഴ്സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാൻ വേണ്ടി ജെ. പാട്രിക്ക് ബാൺസിന്റെ കുടുംബം അദ്ദേഹത്തിന്റ ഓർമ്മയ്ക്കു വേണ്ടി 1999 നവംബറിൽ സ്ഥാപിച്ചതാണ് ഡെയ്സി ഫൗണ്ടേഷൻ. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നേഴ്സുമാർക്ക് കൂടി ഡെയ്സി അവാർഡ് നൽകുന്നു.

മഞ്ജുവിന്റെ ഭര്‍ത്താവ് അനീഷ് മാത്യു സ്റ്റാഫോര്‍ഡ് ഹോസ്പിറ്റലില്‍ തന്നെ അനസ്തെറ്റിക് പ്രാക്ടീഷണര്‍ നേഴ്‌സാണ്. സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് അനീഷ്. വിദ്യാര്‍ത്ഥികളായ ആല്‍ഫിയും അമ്മുവുമാണ് ഇവരുടെ മക്കള്‍.