പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിന്റെ ഭാഗമായുള്ള കരാർ വിട്ടതോടെയാണ് ശ്രീകുമാർ മേനോൻ അപവാദപ്രചാരണം നടത്തിയതെന്ന് മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചെന്നും ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു മൊഴി നൽകി. ജില്ലാ പൊലീസ് കേന്ദ്രത്തിലെത്തിയാണ് മഞ്ജു മൊഴി നൽകിയത്.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ പ്രവർത്തനങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ശ്രീകുമാർ മേനോന്റെ ‘പുഷ്’ എന്ന പരസ്യ കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. ഈ കരാറിൽ നിന്ന് പിന്മാറിയതോടെയാണ് കരിയറിനെയും വ്യക്തി ജീവിതത്തെയും അപമാനിക്കുന്ന തരത്തിൽ ശ്രീകുമാർ മേനോൻ പ്രചാരണം നടത്തിയത്.

ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക, 120 ( ഒ) കേരള പൊലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിൽ ചുമത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു.

പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫെയ്സ്ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.