ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.
Leave a Reply