ഷിബു മാത്യൂ.
സീറോ മലബാര്‍ സഭയുടെ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ മന്നയ്ക്ക് നല്‍കിയ ആശംസയുടെ പൂര്‍ണ്ണരൂപം.

Click here to see the video

 

ആയിരം എപ്പിസോഡിന്റെ നിറവില്‍ ‘മന്ന’.
സോഷ്യല്‍ മീഡിയ വചന പ്രഘോഷണത്തിനും കൂടി ഉപയോഗിക്കണമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അന്വര്‍ദ്ധമാക്കി ഫാ. ബിനോയ് ആലപ്പാട്ട് മന്ന എന്ന പേരില്‍ യൂ ട്യൂബില്‍ ദിവസവും പബ്‌ളീഷ് ചെയ്യുന്ന ദൈവവചനപ്രഘോഷണത്തിന്റെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയായി. വചനം പ്രഘോഷിക്കുന്നതോടൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും സഭയുടെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍, അനുസ്മരിക്കപ്പെടേണ്ട ദിവസങ്ങളുടെയും കാലങ്ങളുടെയും ചിന്തകള്‍ ഇവയെല്ലാം വിശുദ്ധ ബൈബിളിലെ വചനങ്ങളുമായി കൂട്ടിയിണക്കി സഭയ്ക്കും സമൂഹത്തിനും വ്യക്തികള്‍ക്കും പോസിറ്റീവായ ഊര്‍ജ്ജം പകരുക എന്നതാണ് മന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുപ്പിറവിക്ക് ഒരുക്കമായ സന്ദേശങ്ങള്‍ നല്‍കി 2017 ഡിസംബര്‍ ഒന്നിനാണ് മന്നയുടെ ആദ്യ എപ്പിസോഡ് റിലീസായത്.
മുടങ്ങാതെ ആയിരം എപ്പിസോഡില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും വീഡിയോ രൂപത്തില്‍. വായനക്കാര്‍ക്ക് താല്പര്യമുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളം യുകെ സ്പിരിച്ച്വല്‍ ടീം ഫാ. ബിനോയ് ആലപ്പാട്ടുമായി ബന്ധപ്പെട്ടിരുന്നു.

മന്ന എന്ന ചിന്ത ജന്മമെടുത്തതെങ്ങനെയെന്ന ചോദ്യത്തിന് ഫാ. ബിനോയ് മറുപടി പറഞ്ഞതിങ്ങനെ.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒരിക്കല്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ സോഷ്യല്‍ മീഡിയയിലാണ് ജനം മുഴുവനും. സോഷ്യല്‍ മീഡിയയിലെ എല്ലാ ഉപകരണങ്ങളും വചന പ്രഘോഷണത്തിനും കൂടി ഉപകരിക്കുന്ന വിധത്തിലാവണം. ഈയൊരു ചിന്തയാണ് മന്നയുടെ പിറവിക്ക് കാരണം. കൂടാതെ, എന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് തേന്‍പള്ളില്‍ അച്ചന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
ഒരു ക്യാപ്‌സൂള്‍ ടൈപ്പാണ് മന്ന. കുറഞ്ഞ സമയം കൊണ്ട് വചനത്തേക്കുറിച്ചൊരു ധ്യാനം. വചനം മനസ്സിന്റെ ഭാഗമാകാന്‍ പെട്ടന്ന് സാധിക്കണം. ഒത്തിരി പറയുന്നതിലല്ല കാര്യം.
മന്ന നേരിട്ട പ്രതിസന്ധികള്‍, മന്ന കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, ആയിരം എപ്പിസോഡ് ചെയ്ത ഫാ. ബിനോയ് മന്നയില്‍ എങ്ങനെ ആനന്ദം കാണുന്നു ഈ ചോദ്യങ്ങളോടെല്ലാം ഫാ. ബിനോയ് പ്രതികരിച്ചതിങ്ങനെ.
ഒരു പ്രതിസന്ധിയും മന്ന നേരിട്ടിട്ടില്ല. ഇത് എന്റെ പാഷനാണ്. ദിവസവും രാവിലെ അല്പനേരം ധ്യാനിക്കും. പിന്നീട് റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ജോലികളും നടത്തി അപ് ലോഡ് ചെയ്യും. ശുശ്രൂഷ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ ഞാനതറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷയില്‍ വചനം പ്രഘോഷിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം മന്നയുമായി മുന്നോട്ട് പോവുക എന്നതാണ് ആഗ്രഹം. മന്നയ്ക്കായി ഒരുങ്ങുന്നത് എനിക്കെന്നും ആനന്ദമാണ്. ഒരു പാട് ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ സഭയിലെ വൈദീക സഹോദരങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഒരു വലിയ സന്തോഷമുള്ളതിതാണ്. ആയിരം എപ്പിസോഡ് ചെയ്തിട്ടും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു. അത് പരിശുദ്ധാത്മാവിന്റെ കൃപ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഫാ. ബിനോയ് പറഞ്ഞു.

സഭാ മേലധ്യക്ഷന്‍മാര്‍ മുതല്‍ സമൂഹത്തിന്റെ നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ മന്നയ്ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായ തടസ്സം ഉള്ളതുകൊണ്ട് പലതും ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.

ആശംസകളിലൂടെ…

ഫാ. മാത്യൂ മുളയോലില്‍

(ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാന്‍, രൂപതയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ )

വചനത്തോട് ബിനോയ് അച്ചന്‍ കാണിക്കുന്ന താല്പര്യമാണ് മന്ന. അത് ആയിരം എപ്പിസോഡില്‍ എത്തിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു. മന്നയുടെ പല എപ്പിസോഡും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ അനുദിന വചന വിചിന്തനങ്ങള്‍, ലോകമാസകലം അനുസ്മരിക്കപ്പെടേണ്ട പ്രത്യേക ദിനങ്ങളുടെ ചിന്തകള്‍, നോമ്പ് കാലം പോലെ അനുസ്മരിക്കപ്പെടേണ്ട കാലങ്ങളേക്കുറിച്ചുള്ള ചിന്തകള്‍ എല്ലാം അടങ്ങിയ മന്ന, അത് ശ്രവിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ജീവിത വിജയം നേടുകയും ചെയ്യുമെന്നതില്‍ തെല്ലും സംശയമില്ല. അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.

 

 

ഫാ. ജോസഫ് അന്തിയാകുളം
(സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)

മന്ന ഇസ്രായേല്‍ ജനത്തിന് വിശപ്പിനുള്ള ആഹാരമായിരുന്നു. പുതിയ നിയ്മത്തിലെ വിശുദ്ധ കുര്‍ബാനയുടെ മുന്നാസ്വാദനമായിരുന്നു പഴയ നിയ്മത്തിലെ മന്ന. ആത്മീയ ദാഹത്തോടു കൂടി മാത്രമേ ഇത് ഭുജിക്കാനാവൂ. ബിനോയ് അച്ചന്‍ ഒരുക്കുന്ന മന്നയിലെ സന്ദേശങ്ങള്‍ കേള്‍ക്കുന്നവരില്‍ തീര്‍ച്ചയായും ഒരു ആത്മീയ ഉണര്‍ച്ച് ലഭിക്കുവാനിടയായിട്ടുണ്ട് എന്നത് ശ്ലാഹനീയമാണ്. ഓരോ പ്രഭാതത്തിലും ഉന്മേഷം നല്‍കുന്ന ആത്മീയ വെളിച്ചമാണ് മന്ന നല്‍കുന്ന സന്ദേശങ്ങള്‍. ധാരാളം പേരുടെ ആത്മീയ വിശപ്പകറ്റാന്‍ മന്ന കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബിനോയ് അച്ചന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.

 

 

സി. ആന്‍ മരിയ SH

(ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)

ഈശോയുടെ കരങ്ങളിലെ ഉപകരണമായി മാറിക്കൊണ്ട് തനിക്ക് കിട്ടിയ ആത്മീയ വെളിച്ചം മന്നയിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരാന്‍ അച്ചനെടുത്ത കഠിനമായ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ത്ഥിക്കുന്നു. ഈ മീഡിയയിലൂടെ കര്‍ത്താവിന്റെ വചനം താന്‍ ആയിരിക്കുന്നിടത്തു നിന്ന് അനേകം ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ തീര്‍ച്ചയായും അച്ചന്റെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിശ്വാസത്തെ തിരുവചനത്തിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും സഭയിലേയ്ക്കുമൊക്കെ ചേര്‍ത്ത് പിടിക്കാന്‍ വലിയ കരുതലും ശ്രദ്ധയും അച്ചന്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. ദൈവവചനം പങ്കുവെയ്ക്കുവാനുള്ള അച്ചന്റെ തീവ്രമായ ആഗ്രഹത്തിന് ദൈവം നല്ല ഫലം തരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഫാ. ജേക്കബ് ചക്കാത്ര
( സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, SMYM ഗ്ലോബല്‍ ഡയറക്ടര്‍, യുവദീപ്തി SMYMചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍)

ബഹുമാനപ്പെട്ട ബിനോയ് ആലപ്പാട്ടച്ചന്റെ ഹൃദയഹാരിയായ വചന പ്രസംഗം ‘മന്നാ’ എന്ന യൂടൂബ് ചാനലിലൂടെ ശ്രവിക്കുമ്പോള്‍ ഒരു പാട് സന്തോഷം. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ അച്ചനെ അഭിനന്ദിക്കുന്നു. ഓരോ നാളിനെയും വചന ബദ്ധമായി അവതരിപ്പിക്കുമ്പോള്‍ വചനത്തിന്മേല്‍ ദിനംപ്രതിയുള്ള ധ്യാനം എത്രമാത്രം ആത്മാര്‍ത്ഥമായുള്ളതാണ്. ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും അച്ചന്റെ ഓരോ ധ്യാന ചിന്തകളേയും വേറിട്ടതാക്കുന്നു. അവസരങ്ങളെ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് വചനാവിഷ്‌കാരം നടത്തുന്ന ബിനോയ് അച്ചന്റെ ധ്യാനം ശ്രവിക്കുമ്പോള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഉണര്‍ത്ത് പാട്ടായും മനസ്സിനെയും ശരീരത്തേയും ബലപ്പെടുത്തുന്ന സ്വര്‍ഗ്ഗീയമന്നയായും മന്നാ പ്രഭാഷണം മാറുന്നു. ഇനിയും ഇടമുറിയാതെ വചനം ഒഴുകട്ടെ. ഒരു പ്രവാഹമായും കടല്‍ ഇരമ്പലായും അച്ചന്‍ ശബ്ദിക്കട്ടെ. വിത്ത് വീഴുന്ന വയല്‍ കോരിത്തരിച്ച് നൂറ് മേനി ഫലങ്ങള്‍ കൊയ്യുമ്പോള്‍ വയലുടമ വിത്ത് വിതച്ച് കൊയ്യുന്നവന്റെ നെറ്റിമേല്‍ ഇപ്രകാരം എഴുതും… ദൈവത്തിന് വിശ്വസ്തനായ കാര്യസ്ഥന്‍..

ജോളി മാത്യൂ
(വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)

ബഹു. ബിനോയി ആലപ്പാട്ട് അച്ചന്‍ ഒരുക്കുന്ന ‘മന്ന’ എന്ന ദൈവവചന പ്രഘോഷണം ആയിരം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ അത് അദ്ധ്യാത്മിക യാത്രയിലെ ഒരു നിര്‍ണ്ണായക നാഴികകല്ലാവുകയാണ്. അച്ചനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക ബന്ധവും, അനുഭവങ്ങളും ഒരു ആത്മ സാഫല്യമായി കരുതുന്നു. വളരെ അഗാധമായ ദൈവശാസ്ത്ര വിഷയങ്ങള്‍ അവയുടെ തീഷ്ണതയും, ഗൗരവവും ശോഷിക്കാതെ സാമാന്യ മനസ്സുകളിലേക്ക് ലളിതവും ദീപ്തവുമായി സംവേദിക്കുവാനുള്ള അച്ചന്റെ അനന്യമായ കഴിവ് ദൈവനിവേശിതമെന്നല്ലാതെ മറ്റെന്തുപറയാന്‍? ദൈവ വചനങ്ങളെ ജീവിത യാത്രയില്‍ അനുഭവവേദ്യമാക്കി ആത്യന്തീക ലക്ഷ്യത്തിലേക്കുള്ള പ്രയാണം അര്‍ത്ഥസമ്പുഷ്ടമാക്കുന്ന ഈ വചന സമൃദ്ധിയുടെ സമ്പന്നതയില്‍ ഒരു നവ ക്രിസ്തീയ ജീവിതം നയിക്കുവാനുതകുന്ന പാത വെട്ടിത്തുറന്ന ബിനോയി അച്ചനെ അത്യന്തം ബഹുമാനപൂര്‍വ്വം അനുമോദിക്കാം. ഇനിയും അപൂര്‍ണ്ണമായ, അപക്വമായ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അച്ചന്‍ തരുന്ന ‘മന്ന’ ധാരാളം പൊഴിക്കട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആദ്ധ്യാത്മിക ജീവിതത്തിന് പുതിയ മാനങ്ങള്‍ തേടുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMFനും മന്നയ്ക്കും മലയാളം യുകെ സ്പിരിച്ച്വല്‍ ന്യൂസ് ടീമിന്റെ ആശംസകള്‍.