ആലപ്പുഴ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ നിര്‍ദേശപ്രകാരം. യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് പൊലീസ്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചു. യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാ‌ല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയെന്നും പൊലീസ്.

മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്നാണ് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിന‍ഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്ക‌ടന്ന് തന്നെയും ബിന്ദുവിന്‍റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.

ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു പരുക്കേറ്റു. ത‌ട്ടിക്കൊണ്ടുപോയവര്‍രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിന്ദുവില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ സഹായിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയനാഥ് വീട്ടിലെത്തി.

ബിന്ദു നാട്ടിലെത്തിയതിനുശേഷം സ്വര്‍ണത്തിന്‍റെ കാര്യം അന്വേഷിച്ച് ചിലര്‍ വീട്ടിലെത്തിയതായി ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കോഴിക്കോ‌ട് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിലെ ദുരൂഹതകള്‍ നീക്കണമെന്ന് സജി ചെറിയാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ഏഴുവര്‍ഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന ബിനോയിയും ബിന്ദുവും എട്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീണ്ടും രണ്ടു തവണ സന്ദര്‍ശകവിസയില്‍ ബിന്ദു ദുബായിലേക്ക് പോയിരുന്നു. ബിന്ദു നാട്ടിലെത്തിയതു മുതല്‍ ചിലര്‍ ബിന്ദുവിന്‍റെയും ഭര്‍ത്താവിന്‍റെയും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ബിന്ദുവിന്‍റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.‌‍ ഫൊറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും പിന്നില്‍ പ്രാദേശികമായി ചിലരുടെ സഹായം ലഭിച്ചിരുന്നുവെന്നും സൂചനകള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.