പനജി: മനോഹർ പരീക്കറിന്റെ മരണ വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഗോവയിൽ തിരക്കിട്ട ചർച്ചകൾ. കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന അനിശ്ചിതത്വങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. അധികാരത്തിൽ തുടരാൻ ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസും നീക്കങ്ങൾ സജീവമാക്കുകയാണ്.

ഞായറാഴ്ച രാത്രിയോടെ ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി എംഎൽഎമാരുമായും സഖ്യകക്ഷി എംഎൽഎമാരുമായും ചർച്ച നടത്തി. മറുവശത്ത് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറിന്റെ വസതിയിലായിരുന്നു കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നത്. ഭരണം പിടിച്ചെടുക്കാനുള്ള ഭാവി നടപടികൾ തന്നെയായിരുന്നു അവിടെയും ചർച്ച.

ഗോവയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യത കോൺഗ്രസ് ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഇടക്കാല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇരുപാർട്ടികൾക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ നിയമസഭ സസ്പെൻഡ് ചെയ്യുമെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഒരു പാർട്ടിക്കുമില്ല. ആകെ 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. രണ്ട് കോൺഗ്രസ് എംഎൽഎമാർ നേരത്തെ രാജിവച്ചിരുന്നു. ഫ്രാൻസിസ് ഡിസൂസയുടെയും മനോഹർ പരീക്കറിന്റെയും മരണം കൂടിയായതോടെ എംഎൽഎമാരുടെ എണ്ണം 36 ആയി കുറഞ്ഞു.

നിലവിൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസാണ്. 14 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 12 എംഎൽഎമാരുണ്ട്. എന്നാൽ പാണ്ടുരാംഗ് മഡ്കായ്ക്കാർ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് ഭരണത്തിൽ തുടരാനുള്ള ഭൂരിപക്ഷം ഇല്ലായെന്ന് കോൺഗ്രസ് വാദമുയർത്തുന്നത്.

എംജിപിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്ന് വീതം എംഎൽഎമാരാണ് ഗോവ നിയമസഭയിലുള്ളത്. ഒരു എൻസിപി എംഎൽഎയും മൂന്ന് സ്വതന്ത്രരുടെ നിലപാടും നിർണായകമാണ്. നിലവിലെ സാഹചര്യത്തിൽ എംജിപിയുടെയും ഗോവ ഫോർവേഡ് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കാണ്. അതേസമയം, പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാരിനെ മാത്രമേ പിന്തുണയ്ക്കൂ എന്ന നിലപാടാണ് ഇവർക്കുള്ളത്.