നയം വ്യക്തമാക്കി വ്ലാഡിമിര്‍ പുടിന്‍; യുഎസുമായുള്ള ആണവക്കരാറിൽ നിന്നും പിന്‍മാറുമെന്ന മുന്നറിയിപ്പുമായി റഷ്യ

നയം വ്യക്തമാക്കി വ്ലാഡിമിര്‍ പുടിന്‍; യുഎസുമായുള്ള ആണവക്കരാറിൽ നിന്നും പിന്‍മാറുമെന്ന മുന്നറിയിപ്പുമായി റഷ്യ
June 07 06:44 2019 Print This Article

അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.

ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസി‍ഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസ‍ി‍ഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റി‍ഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.

റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles