ദേവരാജന്‍ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയില്‍ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണെങ്കിലും വേദികളില്‍ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന ചിത്രത്തിലെ ‘ഉര്‍വ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയന്‍ പറയുന്നത്.

സൗഹൃദ സദസ്സുകളില്‍ ദേവരാജന്‍ മാഷിനെ അനുസ്മരിക്കുമ്പോള്‍ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്. നെടുമുടി വേണു പാടി അഭിനയിച്ച ‘ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍’ എന്നത്. സ്വന്തം പാട്ടുള്ളപ്പോള്‍ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്.

”അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.”

”നിരുപദവമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു” എന്നാണ് നടന്‍ പറയുന്നത്. ദേവരാജന്‍ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാന്‍ ലഭിച്ചത് സുവര്‍ണ്ണാവസരമാണെന്നും ഇപ്പോഴും വരികള്‍ മനഃപാഠമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.