മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.

ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.

2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.

119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.

തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.