ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. 3 സീറ്റുകളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കം. 4 സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ്. തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്നും സര്‍വേ പറയുന്നു.
യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും എന്‍ഡിഎ 13 ശതമാനവും മറ്റുള്ളവര്‍ 6 ശതമാനവും വോട്ട് നേടാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഡിഎഫിന് 2 ശതമാനം വോട്ട് അധികം ലഭിക്കും. എല്‍ഡിഎഫിന് ഒരു ശതമാനം നഷ്ടമാകും. എന്‍ഡിഎയ്ക്ക് 3 ശതമാനത്തോളം വോട്ട് കൂടും.
വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഫോട്ടോഫിനിഷാണ്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ യുഡിഎഫാണ് മുന്നില്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പു നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 43 ശതമാനവും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 9 ശതമാനവും വോട്ടാണു പ്രവചനം.
ബിജെപിക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നും എല്‍ഡിഎഫ് മൂന്നാമതാകും എന്നുമാണ് സർവേയുടെ വിലയിരുത്തലുകളിൽ പ്രധാനം . എന്‍ഡിഎയ്ക്ക് 36%, യുപിഎയ്ക്ക് 35% എല്‍ഡിഎഫിന് 25% വോട്ടു കിട്ടുമെന്നാണ് സർവേ ഫലം.ഇടതുമുന്നണിക്ക് 44ഉം യുഡിഎഫിന് 43ഉം എന്‍ഡിഎയ്ക്ക് 21 ശതമാനവും വോട്ടു കിട്ടുന്ന വടകരയും ഫോട്ടോഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം, 42%. എല്‍ഡിഎഫ് 33, എന്‍ഡിഎ 21 ശതമാനം വോട്ട് നേടിയേക്കും. കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വേ നടന്നത്.
യുഡിഎഫിന് 45, എല്‍ഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 8 ശതമാനം വോട്ടുവിഹിതം പ്രവചിച്ചിരിക്കുന്ന മാവേലിക്കരയിലും ഫോട്ടോഫിനിഷ് മല്‍സരമാണ്. തൃശൂരില്‍ കടുത്ത മല്‍സരമാണെങ്കിലും 41 ശതമാനം വോട്ടു നേടുന്ന യുഡിഎഫാണു മുന്നില്‍. ഇവിടെ എല്‍ഡിഎഫിന് 37ഉം എന്‍ഡിഎയ്ക്ക് 16ഉം ശതമാനം വോട്ടു ലഭിക്കും.
കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫാണ് 42 ശതമാനം വോട്ടുമായി മുന്നില്‍. എല്‍ഡിഎഫിന് 38ഉം എന്‍ഡിഎയ്ക്ക് 14 ശതമാനവും പ്രതീക്ഷിക്കുന്നു. പാലക്കാട് എല്‍ഡിഎഫും പൊന്നാനിയില്‍ യുഡിഎഫും ബഹുദൂരം മുന്നിലാണ്. 44 ശതമാനം വോട്ടുമായി മലപ്പുറത്തും യുഡിഎഫാണു മുന്നില്‍.യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണി മുന്നിലാണെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് 47, യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 4 ശതമാനം വോട്ടുകിട്ടും.
ആറ്റിങ്ങലില്‍ 44 ശതമാനവുമായി എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫിന് 38, എന്‍ഡിഎയ്ക്ക് 13. എല്‍ഡിഎഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരില്‍ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുന്‍തൂക്കം നേടി. എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13% വോട്ട് ലഭിച്ചേക്കും.
ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയില്‍ യുഡിഎഫ് 40, എല്‍ഡിഎഫ് 39, എന്‍ഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം; എല്‍ഡിഎഫിന് 33ഉം എന്‍ഡിഎയ്ക്ക് 11ഉം വോട്ടു ലഭിക്കും.
ഇടുക്കിയില്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് 9 ശതമാനവും പിന്തുണ.
എല്‍ഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരില്‍ 49 ശതമാനവും കാസര്‍കോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ എല്‍ഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 9 ശതമാനവും പിന്തുണച്ചു.
ബിജെപിക്ക് സ്വാധീനമുള്ള കാസര്‍കോട്ട് എല്‍ഡിഎഫിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.
സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കൊല്ലത്ത് യുഡിഎഫിന് 48, എല്‍ഡിഎഫിന് 41 എന്‍ഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എല്‍ഡിഎഫ് 39, എന്‍ഡിഎ 10 ശതമാനം.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീടു മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം എന്നും സർവേ വിലയിരുത്തുന്നു. 20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരില്‍ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തി തയാറാക്കിയ അഭിപ്രായസര്‍വേ ഫലമാണു പുറത്തുവിട്ടത് എന്നാണ് മനോരമ ന്യൂസ് വാദം.
Leave a Reply