പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്പതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടിൽക്കയറിൽ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതിന് പിന്നാലെ ഇതേകയറിൽ ഇവരുടെ ഭർത്താവും തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ മൃതശരീരം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കുന്നതിനിടെയാണ് ഇതേ കയറിൽ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കിയത്.

എലപ്പുള്ളി പികെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. നേതാജി നഗറിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ദാരുണസംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലൻസ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതിൽ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മനുപ്രസാദും മരിച്ചിരുന്നു. മനുപ്രസാദിന് വർക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)