സ്വന്തം ലേഖകൻ ; മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

രാത്രിയിൽ ബസ്
സ്റ്റാൻഡിലിരുന്ന് ഉറങ്ങുമ്പോൾ മനസിൽ തെളിഞ്ഞു നിന്നതു മഞ്ഞു നിറഞ്ഞ ഈ മലമുകളിലെ സൂര്യോദയമായിരുന്നു.പലപ്പോഴും എന്റെ സ്വപ്നത്തിൽ കടന്നു വരാറുള്ള അതേ കാഴ്ച.

പാതയിൽ നിന്നു മാറി ചെറിയ പച്ചപ്പന്നൽ ചെടികൾ പറ്റിപ്പിടിച്ച പടികെട്ടുകൾ കയറുമ്പോഴാണ് കുറേ മുന്നിലായി ഇടക്കു മഞ്ഞിൽ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും ജീൻസും ഓവർ കോട്ടും ധരിച്ച ക്യാപ്പ് വെച്ച ഒരു പെണ്‍ രൂപം..ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചപ്പോൾ അണച്ചു.അവൾ അനായാസം ആ കല്പടവുകൾ നടന്നു കയറി കൊണ്ടിരുന്നു.

പച്ചപ്പാർന്ന മരച്ചില്ലകളിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികൾ അവളുടെ മുടികൾക്ക് സ്വർണ്ണ വർണ്ണം നൽകിയിരുന്നു..അകലെ മലകൾക്കിടയിൽ മേഘകീറുകളിൽകൂടി ഉദിച്ചുയർന്ന സൂര്യനെ നോക്കി അവൾ ഒരു കാറ്റാടി മരത്തിൽ ചാരി നിൽക്കുന്നു.

ഞാൻ അടുത്തെത്തുമ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു

”മടുത്തുവോ”

”ഉം” ഞാൻ ഒന്നുമൂളി.

“ഇവിടെ ആദ്യമാണല്ലേ”

അതെയെന്നര്‍ത്ഥത്തില്‍, ഞാൻ തലകുലുക്കി…

“നിങ്ങളുടെ അലസമായ രൂപം കണ്ടിട്ടു ഒരു സഞ്ചാരി ആണന്നു തോന്നുന്നല്ലോ ”

“അതെ ,ഇവിടെ അടുത്താണോ വീട്..എന്നും വരാറുണ്ടോ ഇവിടെ..?”

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി

“ഞാൻ താഴെയുള്ള ഓർഫനേജിലെ അന്തേവാസിയാണ്.. ഇവിടത്തെ സൂര്യോദയം വളരെ മനോഹരമാണ് ഓരോ നാളും ഓരോ അഴകാണിതിന്.”

സൂര്യൻ ഉദിച്ചു പ്രഭ ചൊരിഞ്ഞു മഞ്ഞുകണങ്ങൾ താഴ്വാരത്തെവിടെയോ പോയി മറഞ്ഞിരിക്കുന്നു..

“പേര് ?”

“അലീന…, എനിക്ക് മടങ്ങാന്‍ സമയമായി, അവിടെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം ..”

ഞാൻ തലയാട്ടി അവൾ ഇറങ്ങി നടന്നു..പിന്നെ തിരിഞ്ഞുനിന്നു

“ഓർഫനേജിൽ വരുവാണേൽ തണുപ്പ് മാറ്റാൻ ഒരു ചൂട് മസാല കാപ്പി കുടിക്കാം..”

ഞാൻ എന്റെ ബാഗ് തോളിലിട്ടു പഴഞ്ചൻ ക്യാമറ കയ്യിൽ പിടിച്ചു അവളുടെ പിന്നാലെ നടന്നു..കല്പടവുകൾക്ക് ഇരുവശവും നിന്ന കാട്ടുപൂക്കളെ എന്റെ ക്യാമറ എത്തിനോക്കി കൊണ്ടേയിരുന്നു… ഞങ്ങൾ പാതയിലേക്ക് ഇറങ്ങി നടന്നു.

“പേരെന്താണ് ”

“ജോർജ്”

പച്ചപ്പാർന്ന തേയില തോട്ടങ്ങളിലൂടെ നടക്കുമ്പോൾ കൊളുന്തു നുള്ളുന്ന സ്ത്രീകളോട് മലയാളം കലർന്ന തമിഴിൽ അവൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതോ സായിപ്പിന്റെ പഴയ ബംഗ്ളാവ് പോലെ തോന്നി പച്ചനിറമുള്ള ഓർഫനേജ്. ബ്രിട്ടീഷ് കുലീനത നിറഞ്ഞ ഭക്ഷണ മുറിയിൽ എന്നെ ഇരുത്തി അവൾ ഏതോ പേരു നീട്ടിവിളിച്ചിട്ടു അകത്തേക്കു നടന്നു പോയി…അല്പം കഴിഞ്ഞപ്പോൾ കപ്പിൽ ആവി പറക്കുന്ന കാപ്പിയുമായി സാന്റാക്രോസിന്റെ പൊലെ വെള്ള താടിയുള്ള ഒരു വൃദ്ധരൂപം ഇറങ്ങി വന്നു.. ഒന്നും മിണ്ടാതെ തിരിച്ചു പോയി..കാപ്പി കുടിച്ചു ,ഭിത്തിയിൽ തൂക്കിയ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അലീന വന്നു.

“കുട്ടികൾ സ്കൂളിലേക്ക് പോയി…” അവൾ പറഞ്ഞു.

അലീനയുമായി കുറെ സംസാരിച്ചു ഇരുന്നു വലിയ പ്ലാന്ററായിരുന്നു അവളുടെ അപ്പച്ചൻ .അപ്പച്ചനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..കുറെകാലം ഡിപ്രെഷനിലയിരുന്നു അവൾ ,അകന്ന ബന്ധത്തിൽ ഉള്ള ഒരു സിസ്റ്ററിന്റെ ഒപ്പമായിരുന്നു കുറേക്കാലം. അവരാണ് അവളെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അവരുടെ നിർദ്ദേശ പ്രകാരമാണ് ഈ വീടു ഓർഫനേജ് ആക്കി മാറ്റിയത്..ഇപ്പോൾ പത്തു കുട്ടികൾ ഉണ്ട്..

“വിവാഹാലോചനകളുമായി വന്നവർ ഒക്കെയും എന്റെ സ്വത്തു നോക്കിയാണ് വന്നത്.പിന്നീടുള്ള ചിന്തകളിൽ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചു…”
അവൾ പറഞ്ഞു നിറുത്തി.

പ്രഭാത ഭക്ഷണം കഴിച്ചു അലീനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ .അവളും ബസ് സ്റ്റോപ്പിൽ വരെ വന്നു..

എന്റെ ഓർഫനേജ് ജീവിതത്തിന്റെ പൊള്ളിക്കുന്ന കഥകൾ അവളോട്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളില്‍ എതൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു…

“ഇനിയും സൂര്യോദയം കാണാൻ വരുമ്പോൾ ഇവിടെ ഞാനുണ്ടാവും തീർച്ചയായും ഇതുവഴി വരണം മസലാകാപ്പി കുടിച്ചു കഥകൾ പറഞ്ഞു മടങ്ങാം …” അവൾ പറഞ്ഞു മൃദുവായി ചിരിച്ചു..

“ഐ ടി കമ്പനിയിലെ മനസു മടുക്കുന്ന ജോലികളിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ യാത്രകൾ പലപ്പോഴും..
ഒരർത്ഥവുമ ല്ലാത്ത യാത്രകൾ…”

മലമ്പാതയിലൂടെ ഹോണമടിച്ചു കയറി വന്ന ചുമന്ന ആനവണ്ടിയിൽ കയറുമ്പോൾ എന്റെ കയ്യിൽ ഏൽപിച്ച പേപ്പറിൽ ഓർഫനേജിന്റെ ഫോണ് നമ്പർ അവൾ കുറിച്ചിരുന്നു….

ബസ് നീങ്ങുമ്പോൾ തേയില തൊട്ടത്തിനടുത്തു ഒരു യൂക്കാലിപ്റ്റസ് മരത്തിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു.

ഇനിയും ഇതു പോലെയുള്ള യാത്രകൾ നല്ല സൗഹൃദങ്ങൾ നേടുന്നതിന് കൂടിയാവട്ടെ എന്ന ചിന്തയോടെ ..വീണ്ടും ഞാൻ ഓഫീസ് തിരക്കുകളിലേക്ക്‌ മടങ്ങി..

പിന്നീട് കമ്മീറ്റെഡായ പല യാത്രകളും ഉള്ളതിനാൽ അലീനയുടെ മനോഹരമായ കുന്നിൻ ചെരുവിലേക്ക് പോകാൻ കഴിഞ്ഞില്ല..

ഒരു വർഷത്തിനു ശേഷം വീണ്ടും പോകുവാൻ തുടങ്ങുമ്പോൾ ഓർഫനേജിലെ അവൾ തന്ന നമ്പറിൽ വിളിച്ചു ആരും അറ്റൻഡ് ചെയ്തില്ല.എന്നാൽ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന ചിന്തയിലാണ് അന്ന് രാവിലെ ഓർഫനേജിന്റെ കല്പടവുകൾ കയറി ചെന്നത് . അവിടെ എന്തൊക്കെയോ ഒരു അപൂർണ്ണതയും പഴയപോലെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടത് പോലെ തോന്നി എനിക്ക്. പ്രധാന വാതിലിൽ തുക്കിയിരുന്ന ബെൽ അടിച്ചു.വാതിൽ തുറന്നതു അന്നത്തെ നീണ്ട നരച്ച താടിയുള്ള മനുഷ്യനായിരുന്നു.അയാൾ കൂടുതൽ ക്ഷീണിതനായിരിക്കുന്നു .

“ഞാൻ ജോർജ് മുൻപ് വന്നിട്ടുണ്ട് ഇവിടെ…അലീന..”

അയാൾ “എനിക്കറിയാം മിസ്റ്റർ ജോർജ്ജ് നിങ്ങളെ …നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..,”

“അലീന..”എന്റെ ചോദ്യം അയാളിൽ ഒരു നിശ്ശബ്ദത നിറച്ചു.. പ്രധാന മുറിയിലേക്ക് എന്നെ ആനയിച്ചു..അവിടെ ഭിത്തിയിൽ തൂക്കിയ ഫോട്ടോ എന്നെ ..കണ്ണുകൾകൊണ്ടു കാണിച്ചു തന്നു ,അതേ അലീനയുടെ മാല ചാർത്തിയ ഫോട്ടോ.. ചോദിക്കാൻ ശ്രമിച്ച ചോദ്യം
എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം മാത്രമായിനിന്നു..
..

“അലീന മോളുടെ ശരീരത്തെ കാർന്നു തിന്നത് ക്യാൻസറായിരുന്നു .അതിന്റെ മേജർ സ്റ്റേജിൽ എത്തുമ്പോളാണ് അറിഞ്ഞത്. പിന്നീട് കുറെ ചികിത്സകൾ.. ഒന്നും ഫലം കണ്ടില്ല ”

അയാൾ ദൂരേക്ക്‌ നോക്കി ചാരു ബെഞ്ചിൽ ഇരുന്നു..

“അവസാന നാളുകളിൽ എപ്പോളോ ഒന്നു രണ്ടു വട്ടം ജോർജിനെ അന്വേഷിച്ചിരുന്നു ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു..

സെമിത്തേരിയിൽ ‘അലീന മാത്യു’ എന്നു കുറിച്ചിരുന്ന കല്ലറയിൽ മുഖം അമർത്തി ഇരുന്നു ഞാൻ. എന്റെ അരുകിൽ നേർത്ത വെയിലിലും ചെറിയ മഞ്ഞു വന്നു നിറഞ്ഞപോലെ തോന്നി..അവൾ പരിഭവം പറയുകയാവും. ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആ ചെറിയ മഞ്ഞും എങ്ങോ പോയി മറഞ്ഞിരുന്നു…പാതവക്കുകളിൽ ബോഗെന്‍വില്ലകൾ ഇനിയും ആർക്കോ വേണ്ടി നിറംതൂവി
പൂത്തുനിന്നിരുന്നു…

മനു ശങ്കർ പാതാമ്പുഴ