യുകെയിൽ ആളൊഴിഞ്ഞ പലസ്ഥലങ്ങളിലും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പല സ്ഥലങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്തുന്നതിന് കുറ്റവാളികൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളിൽ വരെ ഒഴിഞ്ഞ കടകളും പബ്ബുകളും ഇങ്ങനെയുള്ളവർ ലക്ഷ്യമിടുന്നതായി പോലീസ് അറിയിച്ചു . കഴിഞ്ഞ വർഷം, സ്‌കോട്ട്‌ലൻഡിലെ അയറിലെ ഒരു പഴയ കളിപ്പാട്ടക്കട മുതൽ പോവിസിലെ വെൽഷ്‌പൂളിലെ ഒരു മുൻ ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പോലീസ് കഞ്ചാവ് കൃഷിയോടും വ്യാപാരത്തോടും അനുബന്ധിച്ച് റെയ്ഡുകൾ നടത്തിയിരുന്നു.

ഒഴിഞ്ഞുകിടക്കുന്ന റെസ്റ്റോറൻ്റുകൾ, കഫേകൾ, നിശാക്ലബ്ബുകൾ, ബിങ്കോ ഹാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയെല്ലാം മയക്കുമരുന്ന് വളർത്താൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാണ് പോലീസ് പറയുന്നത്. സൗത്ത് വെയിൽസിലെ ന്യൂപോർട്ടിലെ ഒരു മുൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൻ്റെ നിരവധി നിലകൾ കുറ്റവാളികൾ 3,000-ത്തിലധികം കഞ്ചാവ് ചെടികൾ വളർത്താൻ ഉപയോഗിച്ചു . അവിടെ മാത്രം വളർത്തിയ കഞ്ചാവിന്റെ മാർക്കറ്റ് മൂല്യം ഏകദേശം രണ്ട് ദശലക്ഷം പൗണ്ട് ആണ്. എസ്റ്റേറ്റ് ഏജൻ്റുമാർ, വ്യാപാരികൾ തുടങ്ങിയവർ ഏതെങ്കിലും രീതിയിൽ കഞ്ചാവ് ഫാമുകൾ വളർത്താൻ കൂട്ടു നിന്നാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ കുറെ നാളുകളായി വ്യവസായ മേഖലയിൽ ഉണ്ടായ തകർച്ച കഞ്ചാവ് മാഫിയയ്ക്ക് തണലായതായും സൂചനയുണ്ട്. പല സ്ഥാപനങ്ങളും നഷ്ടത്തിലായതിനെ തുടർന്ന് ഒഴിഞ്ഞ് കിടന്നത് ക്രിമിനൽ സംഘങ്ങൾ കഞ്ചാവ് വളർത്താനായി ഉപയോഗിക്കുകയായിരുന്നു. കടകളും മറ്റും വലിയതോതിൽ അടച്ചത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് അവസരം നൽകിയതായി മയക്കുമരുന്ന് വിരുദ്ധസേനയുടെ തലവനായ റിച്ചാർഡ് ലൂയിസ് പറഞ്ഞു. കഴിഞ്ഞവർഷം കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട് ഏകദേശം 1000 അറസ്റ്റുകൾ ആണ് നടന്നത്. തിരക്കേറിയ നഗരങ്ങളുടെ മധ്യത്തിൽ പോലും ആളൊഴിഞ്ഞ കെട്ടിടങ്ങൾ കഞ്ചാവ് കൃഷിക്കായി ഉപയോഗിക്കുന്നത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി അടഞ്ഞു കിടക്കുന്ന ജനലുകളും അതിരാവിലെ തെളിച്ചമുള്ള ലൈറ്റുകൾ ഇടുന്നതും മറ്റും കഞ്ചാവ് വളർത്തുന്നതിനായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ലക്ഷണങ്ങൾ ആകാൻ സാധ്യത ഉള്ളതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ. ഏതെങ്കിലും രീതിയിൽ സംശയകരമായ രീതിയിൽ ഒരു കെട്ടിടത്തെ കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.