അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കുപ്രസിദ്ധ പാതയായ ‘ഡങ്കി റൂട്ടി’ല്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം അമേരിക്കയില്‍നിന്ന് നാടുകടത്തിയ ഹരിയാണ കർണാല്‍ സ്വദേശി ആകാശ്(20) പകർത്തിയ ദൃശ്യങ്ങളാണ് വിവിധ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലേക്ക് കടക്കാനായി മരണംമുന്നില്‍ക്കണ്ട് ആകാശ് നടത്തിയ യാത്രയുടെ വിശദാംശങ്ങളും കുടുംബം മാധ്യമങ്ങളോട് പങ്കുവെച്ചു.

പനാമയിലെയും മെക്സിക്കോയിലെയും വിവിധ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ആകാശ് അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് കുടുംബം പറഞ്ഞു. യു.എസ്. അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ പന പനാമയിലെ കൊടുംവനത്തില്‍നിന്ന് ആകാശ് പകർത്തിയ ചില ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനെത്തിയ മറ്റുള്ളവർക്കൊപ്പം കാട്ടില്‍ ടെന്റ് കെട്ടി താമസിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ദുഷ്കരമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.

തെക്കൻ അതിർത്തിയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്സിക്കോയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിവിധരാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം. കൊടുംകാടുകളും ജലാശയങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വഴിയിലുണ്ട്. ബസുകളിലും ബോട്ടുകളിലും കണ്ടെയ്നർ ട്രക്കുകളിലുമെല്ലാമാണ് ഈ റൂട്ടിലൂടെ ഏജന്റുമാർ ആളുകളെ അതിർത്തിയിലെത്തിക്കുന്നത്. ഇതിനിടെ അപകടകരമായ പലസാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരിയാണ സ്വദേശിയായ ആകാശ് പത്തുമാസം മുമ്ബാണ് അമേരിക്കൻ സ്വപ്നവുമായി ഇന്ത്യയില്‍നിന്ന് യാത്രതിരിച്ചത്. മെക്സിക്കോ വഴി നേരിട്ട് അമേരിക്കയിലേക്ക് പ്രവേശിക്കാനായാണ് ഏജന്റിന് പണം നല്‍കിയതെങ്കിലും അപകടംനിറഞ്ഞ പാതയിലൂടെയാണ് ആകാശിനെ കൊണ്ടുപോയതെന്നാണ് കുടുംബം പറയുന്നത്. ഏകദേശം 72 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയതെന്നും കുടുംബം പറഞ്ഞു.
ജനുവരി 26-ന് മെക്സിക്കൻ അതിർത്തിയിലെ മതില്‍ ചാടിക്കടന്നാണ് ആകാശ് യു.എസില്‍ പ്രവേശിച്ചത്. എന്നാല്‍, പിന്നാലെ യു.എസിന്റെ ചെക്ക്പോയിന്റില്‍ പിടിക്കപ്പെട്ടു. തുടർന്ന് തടങ്കലിലാക്കിയ യുവാവിനെ നാടുകടത്തല്‍ രേഖകളില്‍ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. രേഖകളില്‍ ഒപ്പിട്ടില്ലെങ്കില്‍ അമേരിക്കയില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ആകാശിന്റെ കുടുംബം വെളിപ്പെടുത്തി.

രണ്ടര ഏക്കറോളം വരുന്ന ഭൂമി വിറ്റും സ്വർണം പണയംവെച്ചുമാണ് കുടുംബം ആകാശിനെ യു.എസിലേക്ക് അയച്ചത്. അനധികൃത യാത്രയ്ക്കായി ആദ്യം 65 ലക്ഷം രൂപ നല്‍കി. പിന്നീട് ഏഴുലക്ഷം രൂപ കൂടി ഏജന്റുമാർ വാങ്ങിയെന്നും ആകാശിന്റെ സഹോദരൻ ശുഭം മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇത്തരംരീതിയില്‍ യു.എസിലേക്ക് പോകാൻ ശ്രമിക്കരുതെന്നും ഇതിന് നേതൃത്വം നല്‍കുന്ന ഏജന്റുമാർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.