ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷുകാരുടെ പല ഇഷ്ടഭക്ഷണങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാം, ബേക്കൺ, ചീസ് എന്നിവ കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണത്തിൽ ഉപ്പ് കഴിക്കുന്നതും കുറയ്ക്കണം. ഉപ്പ് കൂടുതൽ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും . ജീവിതശൈലിയോട് ബന്ധപ്പെട്ട ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. 4 മില്യൺ ബ്രിട്ടീഷുകാരാണ് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകാത്തതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നത്.
ബ്ലഡ് പ്രഷറിനെയും ഹൃദയാരോഗ്യത്തെയും സംബന്ധിച്ച് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത് ചാരിറ്റി ബ്ലഡ് പ്രഷർ യുകെയാണ്. അമിതമായ രക്തസമ്മർദ്ദമുള്ള രോഗികളെ നേരത്തെ കണ്ടെത്താനാവാത്തത് ഒരു വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു. രക്ത സമ്മർദ്ദം കൂടിയവർക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതാണ് തിരിച്ചറിയപ്പെടാതിരിക്കാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ആരെങ്കിലും ഒരു പരിശോധനയ്ക്ക് വിധേയനാകുകയോ ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്തില്ലെങ്കിൽ ഇത് പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നു.
ഒരു ദിവസം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് എൻഎച്ച്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. മുതിർന്നവർ സ്ഥിരമായി രക്തസമ്മർദ്ദം പരിശോധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്താൻ സഹായിക്കുമെന്ന് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫിൽ പ്യാറ്റ് പറഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുകയും ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഇംഗ്ലണ്ടിലെ മുതിർന്നവരിൽ 32 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.
Leave a Reply