ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിൽ അടിയന്തര ചികിത്സാ സഹായം വേണ്ട രോഗികൾ കാത്തിരിക്കേണ്ടി വരുന്നതായുള്ള വാർത്തകൾ പുതിയതല്ല. എന്നാൽ നിലവിൽ എൻഎച്ച്എസിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.2 ദശലക്ഷമാണ്. ഇത് എൻഎച്ച്എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. നവംബർ, ഡിസംബർ മാസങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡും ജീവനക്കാരുടെ അഭാവവുമാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 മാർച്ചിൽ കോവിഡ് മഹാമാരി പിടിമുറുക്കുന്നതിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സംഖ്യ മൂന്നിൽ രണ്ട് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് പിടിമുറുക്കുകയാണെങ്കിൽ എൻഎച്ച്എസ് നേരിടുന്ന പ്രതിസന്ധി വീണ്ടും ഉയരാനാണ് സാധ്യത.

എൻഎച്ച്എസിലെ പ്രശ്നങ്ങൾ പ്രധാനമന്ത്രി റിഷി സുനകിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻഎച്ച്എസിന്റെ ചികിത്സ കിട്ടാത്തത് മൂലം ഓരോ ആഴ്ചയിലും 500 രോഗികൾ എങ്കിലും മരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് വിദഗ്ധഭിപ്രായം. ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് എൻഎച്ച്എസ് നേരിടുന്നതെന്ന് സൊസൈറ്റി ഫോർ അക്യൂട്ട് മെഡിസിന്റെ പ്രസിഡൻറ് ഡോക്ടർ ടിം കുക്ക്സ്ലി പറഞ്ഞു. നിലവിലെ സാഹചര്യം കോവിഡ് മഹാമാരി അതിന്‍റെ മൂര്‍ദ്ധന്യത്തിൽ നിന്നതിനേക്കാൾ കടുത്തതാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്