കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ അന്വേഷണ സംഘ്ം കാവ്യയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ അരങ്ങേറിയത്. ആലുവയിലുളള ദിലീപിന്റെ തറവാട്ടുവീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യയുടെ മറുപടികള്‍ വ്യക്തമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. നടിക്കെതികരെ ക്വട്ടേഷന്‍ ഉള്ളതായും അറിയില്ല. പള്‍സര്‍ സുനിയെ നേരത്തേ അറിയില്ലെന്നും കാവ്യ പോലീസിനോട് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമല്ലാത്ത മറുപടികളാണ് കാവ്യ നല്‍കിയത്. മൊഴി പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ആവശ്യമാണെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ പല തവണ വിതുമ്പിയ കാവ്യ നടിയെ ആക്രമിച്ചതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.