ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലുടനീളം വോഡാഫോൺ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപകമായ സേവന തടസ്സം നേരിടേണ്ടി വന്നു. ഇന്റർനെറ്റ്, മൊബൈൽ കോളുകൾ, വോഡാഫോൺ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങൾ എല്ലാം താൽക്കാലികമായി പ്രവർത്തനരഹിതമായി. ഉച്ചയ്ക്ക് 3 മണിയോടെ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 3.20 ഓടെ റിപ്പോർട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ കൂടുതലും പരാതികൾ വീടുകളിലെ ബ്രോഡ്ബാൻഡ് സേവനവുമായി ബന്ധപ്പെട്ടതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൊബൈൽ ഇന്റർനെറ്റ് സേവനത്തിലും കോളിംഗ് സേവനത്തിലും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഏകദേശം എട്ട് ശതമാനം പേരാണ് മൊബൈൽ സിഗ്നൽ പൂർണ്ണമായും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ തുടങ്ങി പ്രധാന നഗരങ്ങളിലാകെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ബ്രോഡ്ബാൻഡ്, 4G, 5G സേവനങ്ങളിൽ താൽക്കാലിക തടസ്സം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായും ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നതായും വോഡാഫോൺ വക്താവ് വ്യക്തമാക്കി.

സൈബർ ആക്രമണമല്ല ഈ തടസ്സത്തിന് പിന്നിൽ എന്നതാണ് പ്രാഥമിക സൂചന. വൈകുന്നേരം 6 മണിയായിട്ട് പോലും ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ഏകദേശം 4,000 പേർ സേവന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. വോഡാഫോണുകൾക്ക് യുകെയിൽ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ‘ത്രീ’ നെറ്റ്‌വർക്കുമായി വോഡാഫോൺ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിട്ടുണ്ട്. എന്നാൽ ഈ തകരാർ ‘ത്രീ’ ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല. ബിടി, ഈഇ, വിർജിൻ മീഡിയ ഓടുൾപ്പെടെയുള്ള മറ്റ് പ്രധാന നെറ്റ് വർക്കുകൾ സാധാരണ നിലയിലാണെന്ന് അവരുടെ വക്താക്കൾ വ്യക്തമാക്കി. ഓഫ്‌കോം നിയമപ്രകാരം ബ്രോഡ്ബാൻഡ് സേവനം രണ്ട് ദിവസത്തിലധികം നിലച്ചാൽ പ്രതിദിനം £9.76 നഷ്ടപരിഹാരം ഉപഭോക്താവിന് നൽകണം. മൊബൈൽ സേവന തടസ്സങ്ങൾക്ക് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.