കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴി പുറത്ത്. പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്യന്റെ മൊഴി.

പൊലീസ് വാഹനത്തില്‍ വച്ച് തന്നെ ഡിവൈഎസ്പി തന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ് മൊഴിയിലുള്ളത്.

‘ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചതെന്ന് മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡിവൈഎസ്പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും എടുക്കാന്‍ വിട്ടില്ല.

പിന്നീട് എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു. രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു.

ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.

എന്റെ അര്‍ദ്ധ നഗ്നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി’- ആദിത്യന്റെ മൊഴിയില്‍ പറയുന്നു.

രാത്രി കഫെയില്‍ പോയി മെയില്‍ അയച്ചതിന്റെ ഡോക്യുമെന്ററി കോപ്പി എടുത്ത് തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.

എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ആദിത്യന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.