കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ആഗോള കത്തോലിക്കാസഭയിൽ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം (കോണ്ഗ്രിഗേഷൻ ഫോർ കാത്തലിക് എഡ്യൂക്കേഷൻ) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സഭാതലത്തിലുമുള്ള മൗലികവും സമഗ്രവുമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. പൊന്തിഫിക്കൽ പദവിയുള്ള പൗരസ്ത്യവിദ്യാപീഠം നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്.
ദൈവശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ വിജ്ഞാനശാഖകളിൽ, മാർ പവ്വത്തിലിന്റെ തനതായ ദൈവശാസ്ത്രദർശനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ മാർ പവ്വത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും പൗരസ്ത്യ വിദ്യാപീ ഠം പത്രക്കുറിപ്പിൽ അറിയിച്ചു.
മാർ പവ്വത്തിൽ: ഭരണഘടനാവകാശങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളി
കോട്ടയം: ന്യൂനപക്ഷ സമുദായങ്ങൾക്കു ഭരണഘടന ഉറപ്പുനല്‍കുന്ന വ്യത്യസ്ത അവകാശങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കാനും സഭാതലത്തിലും പൊതുസമൂഹത്തിലും അതു വിശദീകരിക്കാനും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. ഇതടക്കം സമൂഹത്തിനു നൽകിയ നിരവധിയായ സംഭാവനകൾ അദ്ദേഹത്തോടുള്ള ആദരവിനു കാരണമായി.
സഭയിൽ ആധുനീകരണത്തിന് തുടക്കമിട്ട രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ദൈവശാസ്ത്ര വീക്ഷണം അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകളെ മൗലികമായി സ്വാധീനിച്ചിരുന്നു. “തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മ’യാണ് എന്ന ചിന്ത ഭാരതസഭയിൽ സജീവമാക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി. തത്ഫലമായി, ഭാരതത്തിലെ മൂന്നു വ്യക്തിസഭകൾ തമ്മിൽ പരസ്പര ധാരണയും സഹവർത്തിത്വവും വളർന്നുവന്നു.
ആരാധനാക്രമത്തിന്റെ പുനരുദ്ധാരണത്തിൽ, “ഉറവിടങ്ങളിലേക്ക് മടങ്ങുക’ എന്ന വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം സീറോ മലബാർ സഭയിൽ പ്രാവർത്തികമാക്കാൻ മുൻകൈ എടുത്തതും മാർ പവ്വത്തിലാണ്. അകത്തോലിക്കാ സഭകളുമായി സഭൈക്യ സംവാദങ്ങൾക്കും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നല്കി. തത്ഫലമായി രൂപപ്പെട്ടവയാണ് ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യൂക്കേഷനും നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനവും.
ദൈവശാസ്ത്രമേഖലയിലെന്നപോലെതന്നെ പ്രധാനപ്പെട്ടതാണ് സാമൂഹിക വിഷയങ്ങളിലെ, പ്രത്യേകിച്ചു കേരള വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ. മതസൗഹാർദത്തിന്റെ പ്രയോക്താവ് എന്ന നിലയിൽ മാർ പവ്വത്തിൽ സ്ഥാപിച്ച ഇന്റർ റിലിജിയസ് ഫെലോഷിപ്പ്, വിദ്യാഭ്യാസരംഗത്തും സാമൂഹിക മേഖലകളിലും മതമൈത്രിയുടെയും സമുദായങ്ങളുടെ പരസ്പര സഹകരണത്തിന്റെയും വേദിയായി.
വിദ്യാഭ്യാസ, ദൈവശാസ്ത്ര, സാംസ്കാരിക, സാമൂഹിക വിഷയങ്ങളിൽ മാർ പവ്വത്തിലിന്റെ പണ്ഡിതോചിതമായ രചനകൾ ഗഹനവും പഠനാർഹവുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിനുശേഷം എസ്ബി കോളജിലെ സാന്പത്തികശാസ്ത്ര അധ്യാപകനായിക്കെ, വൈദിക ജീവിതത്തിന് ആരംഭം കുറിച്ച മാർ പവ്വത്തിൽ, വൈജ്ഞാനിക മേഖലകളിൽ നല്കിയ സംഭാവനകൾ അക്കാദമിക് സ്വഭാവത്തിലും അധ്യയന മാർഗത്തിലും ആയിരുന്നില്ല. മറിച്ച്, ഒരാത്മീയാചാര്യൻ എന്ന നിലയിൽ മാനുഷിക മൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അടിയുറച്ച് നൂതനങ്ങളായ ദൈവശാസ്ത്രദർശനങ്ങളും വിദ്യാഭ്യാസമൂല്യങ്ങളും താനുൾപ്പെടുന്ന സമൂഹത്തിന് പകർന്നു നല്കിക്കൊണ്ടായിരുന്നു.
നിതാന്ത ജാഗ്രതയുള്ള സാമൂഹ്യനിരീക്ഷകനും വ്യക്തമായ നിലപാടുകളുള്ള ദാർശനികനുമായ ഒരു ആത്മീയ നേതാവാണ് മാർ ജോസഫ് പവ്വത്തിൽ.
Leave a Reply