ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിസന്ധി ഘട്ടത്തിൽ നയിക്കാൻ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭയുടെ സിനഡ് തിരഞ്ഞെടുത്തു. മാർ റാഫേൽ നിലവിൽ ഷംഷാബാദ് രൂപതയുടെ മെത്രാനാണ്. നാളെ ഉച്ചകഴിഞ്ഞ് സെൻറ് തോമസ് മൗണ്ടിലാണ് സ്ഥാനാരോഹണം നിശ്ചയിച്ചിരിക്കുന്നത്.
സിനഡിൽ നടന്ന രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ കൂടി അന്തിമ അനുമതി ലഭിച്ചതോടെയാണ് ഒരേസമയം അന്തിമ പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സെന്റ്. തോമസ് മൗണ്ടിലും പ്രഖ്യാപിച്ചത്.
തൃശ്ശൂർ അതിരൂപതയിലെ തട്ടിൽ ഔസേപ്പ് – ത്രേസ്യ ദമ്പതികളുടെ ഇളയ മകനായ മാർ റാഫേൽ തട്ടിൽ ജനിച്ചത് 1956 ഏപ്രിൽ 21 -നാണ് . 1980 ഡിസംബർ 21 -ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനിക മെത്രാനുമായിരുന്നു.
സഭയ്ക്ക് എല്ലാ പ്രതിസന്ധികളെയും ദൈവാനുഗ്രഹത്താൽ തരണം ചെയ്യാൻ കഴിയുമെന്ന് സ്ഥാന ലബ്ധിക്കുശേഷം മാർ റാഫേൽ തട്ടിൽ പ്രതികരിച്ചു .കുർബാന തർക്കത്തിന്റെ പേരിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് പുതിയ പദവി നൽകുന്നത് ഒട്ടേറെ വെല്ലുവിളികളാണ് . കുർബാന തർക്കത്തെ കുറിച്ച് ഇപ്പോൾ അഭിപ്രായം ഒന്നും പറയുന്നില്ലെന്നും എല്ലാവരെയും കേട്ട ശേഷം പരിഹാരം ഉണ്ടാക്കാമെന്നുമാണ് പ്രശ്നത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം .
Leave a Reply