ലണ്ടന്‍: യു.കെ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ത്ഥിയും സംഘവും. ജി.സി.എസ്.ഇ വിദേശ ഭാഷപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗെയിഡ് രൂപേണ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് മലയാളിയായ മെല്‍വിന്‍ ബേബി ഉള്‍പ്പെടുന്ന 15 അംഗ വിദ്യാര്‍ത്ഥി സംഘം വികസിപ്പിച്ചിരിക്കുന്നത്. ‘സ്റ്റഫോര്‍ഡ്‌ഷെയര്‍ കമ്പനി ഓഫ് ദി ഇയര്‍’ എന്ന് പേരിട്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ പതിനഞ്ച് പേരും ന്യൂകാസിലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ‘കണക്ട് ലിംങ്കോ എന്നാണ് ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. നിലവില്‍ കണക്ട് ലിങ്കോ വെബ്‌സൈറ്റ് വഴി മാത്രമാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. വൈകാതെ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിലേക്കും വ്യാപിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ജി.സി.എസ്.ഇ പരീക്ഷയില്‍ വിദേശ ഭാഷകള്‍ തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി നിലവില്‍ ആധികാരിക പുസ്തകങ്ങളോ ഓണ്‍ലൈന്‍ വിവരങ്ങളോ ലഭ്യമല്ല. ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ‘സ്റ്റഡി മെറ്റീരിയലുകള്‍’ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കണക്ട് ലിങ്കോ ആപ്ലിക്കേഷന്‍ ഉച്ഛാരണത്തിലും സാങ്കേതികമായ പദപ്രയോഗത്തെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കും. കൂടാതെ ഉച്ഛാരണത്തിലെ അപാകതയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാനും ആപ്പില്‍ പ്രോഗ്രാം സെറ്റ് ചെയ്തിട്ടുണ്ട്. ആപ്പ് ശ്രദ്ധ നേടിയതോടെ യം​ഗ് എഡ്രപ്രണേഴ്സ് അവാർഡും മെൽവിനും സംഘവും സ്വന്തമാക്കിയിട്ടുണ്ട്.

ഹാര്‍ട്ട്‌സ്ഷില്‍ സ്വദേശിയും മലയാളി കൂടിയായ മെല്‍വിന്‍ ബേബിയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി സംഘത്തിന്റെ തലവന്‍. 17കാരനായ മെല്‍വിന്‍ എ ലെവല്‍ വിദ്യാര്‍ത്ഥിയാണ്. അഞ്ചൂറിലധികം സാധ്യത ചോദ്യങ്ങളും ഉത്തരങ്ങളും ആപ്പിന്റെ സെര്‍വ്വറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നതായി മെല്‍വിന്‍ ബേബി വ്യക്തമാക്കുന്നു. ആപ്പിൽ കൂടുതൽ ഫീച്ചേഴ്സ് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥി സം​​ഘം.