ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.

യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.

അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.

[ot-video][/ot-video]