കൊച്ചി ∙ സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടിൽ രണ്ടു ദിവസമായി നടന്ന ഫ്ലാറ്റു പൊളിക്കൽ ദൗത്യം പൂർണം. മരട് നഗരസഭയിൽ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിർമിച്ച നാലു ഫ്ലാറ്റുകളിൽ അവസാനത്തേതായ ഗോൾഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത്. ആൽഫാ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റുകൾ ഇന്നലെയും ജെയിൻ കോറല്‍ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഇന്നുമാണ് തകർത്തത്.

ഫ്ലാറ്റ് പൊളിക്കുന്നതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ സമയമെടുത്തതിനാൽ നിശ്ചയിച്ച സമയത്തിൽ നിന്നും അരമണിക്കൂർ വൈകിയാണ് ഗോൾഡൻ കായലോരം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. 1.56ന് ആദ്യ സൈറണും 2.21നു രണ്ടാമത്തേതും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറൺ മുഴങ്ങിയത്. മൂന്നാം സൈറൺ മുഴങ്ങിയതിനു പിന്നാലെ ഗോൾഡൻ കായലോരം സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി തകര്‍ത്തു. ആറു സെക്കൻഡിലാണ് ഗോൾഡൻ കായലോരം മണ്ണടിഞ്ഞത്. ഫ്ലാറ്റിനു സമീപത്തെ അങ്കണവാടി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും ചുറ്റുമതിൽ ഭാഗികമായി തകർന്നു. അവശിഷ്ടങ്ങൾ കായലിൽ വീണിട്ടില്ലെന്നാണു വിവരം. ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ഫ്ലാറ്റാണ് കണ്ണാടിക്കാട് ഗോൾഡൻ കായലോരം. 20 കൊല്ലം മുൻപ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി.

മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് രാവിലെ നടന്ന സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ മനോരമ ഓൺലൈനോട് പറഞ്ഞു. ഇതുവരെ തകർത്തതിൽ ഏറ്റവും വലിയ ഫ്ലാറ്റാണ് 128 അപ്പാർട്ട്മെന്റുകളുള്ള ജെയിൻ കോറൽ കോവ്. ഇതിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞുകൂടി. മുൻ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനു പിന്നാലെ 11.01ന് കെട്ടിടം തകർന്നു തുടങ്ങി. 5.6 സെക്കൻഡിൽ ജെയിൻ നിലംപതിച്ചു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

“ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്” തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്.  പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’

സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.’ മേജര്‍ രവി പറഞ്ഞു.