മരങ്ങാട്ടുപ്പിള്ളി: ബൈക്ക് അപകടം നടന്നിട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കൈ നീട്ടാത്ത വാഹനങ്ങള്‍ ഒന്നും ഇല്ല. അവസാനം അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളുമായി ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത് സ്വകാര്യബസും, ക്ഷമകെട്ട് നാട്ടുകാര്‍ തടഞ്ഞ കാറുമായിരുന്നു. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി റാന്നി മുല്ലംകുഴിയില്‍ ഡോ.തോമസ് മാത്യുവിന്റെ മകന്‍ വിനു മാത്യു തോമസ് (19) ഇന്നലെ വൈകുന്നേരം മരണമടഞ്ഞിരുന്നു.
സഹബൈക്ക് യാത്രക്കാര്‍ ആയിരുന്ന രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി കൊല്ലം തേങ്ങാകൊട്ടിലില്‍ ലക്ഷര്‍ ഫെർണാഡോ (19), രണ്ടാം വര്‍ഷ ബി.എസ്.സി സുവോളജി വിദ്യാര്‍ത്ഥി കൊല്ലം ആയൂര്‍ തെക്കേച്ചിറ അശ്വിന്‍ വിശ്വനാഥ് (21) എന്നിവര്‍ ഇന്ന് പുലര്‍ച്ചെ ആണ് മരണപ്പെട്ടത്. മൂന്നു പേര്‍ക്കും തലക്കേറ്റ മുറിവില്‍ നിന്നുണ്ടായ രക്തം വാര്‍ന്നതാണ് മരണകാരണം.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലാ മരങ്ങാട്ടുപ്പള്ളി റോഡില്‍ ഇല്ലിക്കല്‍താഴെ വച്ച് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുപേരും റോഡില്‍ തെറിച്ചുവീണ ഇവരെ ആശുപത്രയില്‍ എത്തിക്കാന്‍ ഈ വഴിയെ കടന്നുപോയ വാഹന ഉടമകള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മരങ്ങാട്ടുപള്ളി പബ്ലിക് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.