പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ എന്നുവിളിക്കുന്ന സുരേഷ്(30) കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു ക്രൂര കൊലപാതകം.

സരിതയ്ക്ക് പരപുരുഷബന്ധ ആരോപിച്ചാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്കിയതായി അന്വേഷണോദ്യോഗസ്ഥൻ മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ് പറഞ്ഞു. പ്രതി കുത്താനുപയോഗിച്ച കത്തിയും കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രവും പ്രതിയുടെ ബാബുനഗറിലെ വീടിനുപിന്നിൽനിന്ന് കണ്ടെടുത്തു.

പെരിയപ്പെട്ടി സ്വദേശി പരേതനായ മുരുകന്റെയും ലക്ഷ്മിയുടെയും മകളായ സരിത (27) അമ്മയുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷുമായി ഒന്നര വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സരിത. ഇവർ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏകമകൻ അഭിലാഷ് (11) സരിതയുടെ കൂടെയായിരുന്നു. സരിതയുടെ അമ്മ ലക്ഷ്മി ഹോംനഴ്‌സായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയാണ്.

മറയൂർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ താത്കാലിക ജീവനക്കാരിയായ സരിതയെ മകൻ ബന്ധുവീട്ടിൽ പോയദിവസമാണ് സുരേഷ് കുത്തികൊലപ്പെടുത്തിയത്. സ്‌പൈസസ് ഷോപ്പിൽ ജോലി ചെയ്ത ശേഷം രാത്രി 7.15നാണ് സരിത വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ വീട്ടിലെത്തിയ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തി ആദ്യമേ കഴുത്തിൽ കുത്തിയിറക്കുകയും പിന്നീട് വായ പൊത്തിപ്പിടിച്ച് പത്തിലധികം തവണ നെഞ്ചിൽ കുത്തുകയുംചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച സരിതയുടെ കൈകളിലും കുത്തേറ്റ് നിരവധി മുറിവുകളുണ്ട്. പ്രതി വീടിനുപിന്നിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ ഇയാളെ ബാബുനഗറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സരിത ദേവികുളം കോടതിയിൽ വിവാഹമോചനത്തിനായി കേസ് നൽകിയിരുന്നു. ഒൻപതിന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സരിതയെ കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചത്.

ഞായറാഴ്ച മൃതദേഹം പരിശോധനാനടപടികൾ പൂർത്തീകരിച്ച് മറയൂരിൽ സംസ്‌കരിക്കും. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. മൂന്നാർ ഡിവൈഎസ്പി ആർ സുരേഷ്, മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ്, എഎസ്‌ഐമാരായ കെപി ബെന്നി, ജോളി ജോസഫ്, സജി എം ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.