ഷാനോ എം കുമരൻ

കഥയുടെ കഥാ തന്തു അതങ്ങനെയാണെങ്കിലും കഥ ഇങ്ങനെയാണ്.
പണ്ട് മുതലേ ഒരു പായയിലുണ്ടുറങ്ങിയ രാവുണ്ണിയും മത്തായിച്ചനും ഇപ്പൊ കണ്ടാൽ മിണ്ടാറില്ല. നാട്ടു വഴിയിലെ കലിങ്കുകൾ അങ്ങുമിങ്ങും ചോദിച്ചു , ‘എന്തേ അവരു മിണ്ടാത്തത് ‘ ?

കലുങ്കുകളിൽ കുത്തിയിരുന്ന അയൽക്കൂട്ട നിരീക്ഷണ യന്ത്രങ്ങൾ തലങ്ങും വിലങ്ങും പരതി. വന്നവരോടും പോയവരോടും വഴി തെറ്റി വന്നവരെ പിടിച്ചു നിറുത്തിയും ചോദിച്ചു ” നിങ്ങൾക്കറിയാമോ മാളോരേ രാവുണ്ണിയും മത്തായിച്ചനും എന്തേ മിണ്ടാത്തേ”?
ആവോ ആർക്കറിയാം. ആർക്കുമറിയില്ല. എന്നാൽ എല്ലാ അവന്മാർക്കും അറിയുകയും വേണം, അവളുമാർക്കും അറിയണം. അന്തി ചർച്ചയിൽ ഉത്തരം കിട്ടിയാൽ പിന്നെ അടി സക്കേ …. അന്തി പായയിൽ അതെത്തിക്കൊള്ളും. പ്രതീക്ഷകൾ അങ്ങനങ്ങനെ നീളെ നീളെ.

‘ എന്തേ നിങ്ങള് തമ്മില് മിണ്ടാത്തെ ‘ രാവുണ്ണിയുടെ വാമഭാഗം അത്താഴ പാത്രത്തിനു മുന്നിലിരുന്നു ചോദിച്ചു. കുഞ്ഞു കാലം മുതൽക്കേ ഉറ്റവരായി വളർന്നു വന്ന ആ ചങ്ങാതിമാർ മിണ്ടാത്തതിൽ ഏറ്റവും ആധി രാവുണ്ണിയുടെ സുമതിക്കും മത്തായിച്ചന്റെ അച്ചായത്തി സാറാമ്മയ്ക്കുമായിരുന്നു.
‘എന്നാലും അവനെന്നോടിങ്ങനെ ഒക്കെ ചെയ്യാൻ കൊള്ളാമോ’? എരിയുന്ന ബീഡിക്കുറ്റിയുടെ ഇടയിലൂടെ രാവുണ്ണിയുടെ ചുണ്ടുകൾ പായാരം പറഞ്ഞു.
‘ ആര് എങ്ങനെയൊക്കെ ചെയ്തെന്നാ ‘ കാരണം കാത്തിരുന്ന സുമതിയുടെ മുന്നിൽ എരിഞ്ഞ ബീഡിക്കുറ്റി കെട്ടു പോയി. ‘ ആവോ ആർക്കറിയാം ‘. നാട്ടുവരമ്പിലെ ആത്മഗതം സുമതിയും ഏറ്റുപറഞ്ഞു.
” രാവുണ്ണിയമ്മാച്ചനെ കണ്ടിട്ട് കുറെ നാളായല്ലോ ”
മത്തായിച്ചന്റെ മകൻ സണ്ണി കുട്ടി സൈക്കിളും തള്ളി പോകുന്ന രാവുണ്ണിയോട് ചോദിച്ചു.
“നീയെന്തിനാ എന്നെ കാണുന്നെ ? കാണാൻ മുട്ടി നിൽക്കുവാണേൽ ആ ചായക്കട കുട്ടൻ നായരേ പോയി കാണേടാ നീയും നിന്റപ്പനും ”
മിണ്ടില്ലെന്നറിഞ്ഞിട്ടും കുശലം ചോദിച്ച സണ്ണിക്കുട്ടിയോടു രാവുണ്ണി ചാടിക്കടിച്ചു.
രാവുണ്ണിയമ്മാച്ചന്റെ സൈക്കിളിനേക്കാൾ വേഗത്തിൽ സണ്ണിക്കുട്ടി ഓടി. ഓടിയോടി സണ്ണിക്കുട്ടി സ്വന്തം പെൺപിറന്നോത്തി ലില്ലിയുടെ അടുത്തെത്തി. പെണ്ണൊരുമ്പെട്ടാൽ. …….. എന്തേലുമൊക്കെ നടക്കുമെന്നാ നാട്ടു നടപ്പു. പെണ്ണൊരുമ്പെട്ടു. …. ലില്ലിക്കുട്ടി ഒരുമ്പെട്ടിറങ്ങി. നാട്ടാർക്കറിയാത്ത കഥയുടെ കാര്യം അറിയണമല്ലോ. കൂട്ടിനു അമ്മായി അമ്മയും ചട്ട വാല് മുറുക്കി കെട്ടി. നേരെ പോയി രാവുണ്ണിയുടെ വീട്ടിലേക്കു. സുമതിയെ കണ്ടു , മിണ്ടാതിരുന്ന രാവുണ്ണിയമ്മാച്ചനെ ചിരിപ്പിച്ചു. കാര്യങ്ങൾ അന്യോന്യം ബോധ്യപ്പെട്ടു. വഴക്കു തീർന്നു. വാനവും മാനവും തെളിഞ്ഞു. ആഹ്ളാദം ആഹാ ….

” അയ്യോടാ ഇവന്മാര് ജോയിന്റായോ , ഇതെപ്പോ “?
നാട്ടുവഴിയിലെ കലിങ്കുകൾക്കു മുകളിൽ വളഞ്ഞു കുത്തിയിരുന്ന വേലയില്ലാത്ത നേരമ്പോക്കുകൾ അന്യോന്യം നോക്കി പുരികം വളച്ചു. ‘ ഇതെപ്പോ ‘
‘ ആവോ ആർക്കറിയാം ‘
അറിഞ്ഞു എല്ലാരുമറിഞ്ഞു. ലില്ലിക്കുട്ടിയുടെ ബുദ്ധി . സാറാമ്മ ചട്ട മുറുക്കിപ്പോയില്ലേ. നാട്ടു വാർത്തകൾക്കു അയൽക്കൂട്ടം നല്ലതാ.
പെണ്ണുങ്ങൾ പറഞ്ഞു. പാടത്തും വരമ്പത്തും അടുക്കളപുറത്തുമെല്ലാം പെണ്ണുങ്ങൾ പറഞ്ഞു നടന്നു. സാറാമ്മയും ലില്ലിക്കുട്ടിയും ചുമ്മാ ചിരിച്ചു. ആശ്വാസം. ആളുകൾ വീണ്ടും പറഞ്ഞു. ‘ ഇപ്പളാ രാവുണ്ണിയും മത്തായിച്ചനും സ്വരുമപെട്ടതു. തോളിൽ കയ്യിട്ടു രണ്ടാളും പോകൂന്നെ കണ്ടോ ! കരളിൽ കുളിരു കോരണ് ! .
‘ എന്തിനാ അവര് തമ്മില് മിണ്ടാതിരുന്നേ ‘ അറിയാത്തവർ ചോദിച്ചു.
‘ എനിക്കറിയാം എനിക്കറിയാം ‘
അറിഞ്ഞവർ അറിഞ്ഞവർ ഒരുമിച്ചു പറഞ്ഞു.
എന്നാൽ പറ എന്താ കാര്യം ?
‘ അതോ മ്മടെ മത്തായിച്ചന്റെ മോൻ സണ്ണിക്കുട്ടിയില്ലേ ഓന്റെ കൊച്ചു ചെറുക്കന്റെ പിറന്നാളായിരുന്നു. പരിഷ്‌കാരം ……..സണ്ണിക്കുട്ടിയുടെ കൂടെ പട്ടണത്തിൽ പണിയെടുക്കണ ചങ്ങാതിമാർ കൊച്ചു ചെറുക്കനു സമ്മാനവുമായി വന്നു. ഓർക്കാപ്പുറത്തു വന്നതല്ലേ വിരുന്നുകാർ. സാറാമ്മ കൊച്ചു ചെറുക്കനെ കുട്ടൻ നായരുടെ ചായക്കടയിലേക്ക് ഓടിച്ചു വിട്ടു. വറ കടികൾ വാങ്ങി വരുവാൻ. ചെറുകടികൾ എണ്ണയിൽ കുളിക്കുയായിരുന്നത് കൊണ്ട് ‘ നീ പോയീനെടാ ചെറുക്കാ എണ്ണ കോരി ഞാൻ അങ്ങെത്തിച്ചേക്കാമെന്നു
കുട്ടൻ നായർ.

വട്ടിയിലെടുത്ത എണ്ണയിൽ വറുത്ത ചെറു കടികളുമായി മത്തായിച്ചന്റെ വീട്ടിലെത്തിയ കുട്ടൻ നായർ കേട്ടു ഇംഗ്ലീഷ് പാട്ട് ” ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ഡിയർ …….”
നായരും കഴിച്ചു കേക്ക്. നല്ല സ്വാദ് . അത് കൊള്ളാം. പട്ടണത്തിൽ കടയിടണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” നിങ്ങളീ കടയും തുറന്നു വെച്ചേച്ചു എങ്ങോട്ടെഴുന്നള്ളിയതാ നായരേ “? കടി കൊണ്ടുപോയ
വട്ടിയും കൊണ്ട് വന്ന കുട്ടൻ നായരോട് കടത്തിണ്ണയിൽ കാത്തിരുന്ന രാവുണ്ണി ചോദിച്ചു.
” ആഹാ അത് നല്ല തമാശ ചങ്ങാതിയുടെ വീട്ടില് വിശേഷം നടക്കുമ്പോൾ നീയെന്നാ രാവുണ്ണി എന്റെ കടത്തിണ്ണയിൽ കുത്തിയിരിക്കുന്നെ. ”
” വിശേഷമോ ” ആരെടെ ?
“പുറന്നാളു, കൊച്ചു ചെറുക്കന്റെ എന്നെ വിളിച്ചായിരുന്നു ഞാനിപ്പോ അവിടെ പോയേച്ചും വരുവല്ലേ വടയും വെട്ടുകേക്കും സമ്മാനവും കൊടുത്തു. പട്ടണക്കാരുമുണ്ടായിരുന്നു നിന്നെ വിളിച്ചില്ലേ നിങ്ങള് വല്ല്യ മച്ചാനും മച്ചമ്പിയുമല്ലാരുന്നോ എന്നിട്ടെന്നാ
നിന്നെ വിളിക്കാത്തതു. വിളിക്കാത്തിടത്തു പോണത് മോശമാ നീ പോകണ്ടാട്ടോടാ രാവുണ്ണിയെ”.

മാനം കപ്പലിലേറി കടല് കടന്നു പോയ രാവുണ്ണി തോർത്തിലെ പൊടി തട്ടി തോളിലിട്ട് ഉശിരോടെ നടകൊണ്ടു. വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു പോകുന്ന രാവുണ്ണിയെ നോക്കി നായര് പാടി ഹാപ്പി ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … …………

” അയ്യാൾക്കിത് സ്ഥിരം ഏർപ്പാടാല്ലിയോ ” കഥ കേട്ട് നിന്ന കാർത്യായനി മൂക്കത്തു വിരൽ വച്ചു ഇന്നാളിതു പോലെ വടക്കു പുറത്തെ പൗലോച്ചേട്ടന്റെ മകള് പട്ടണത്തിൽ പഠിക്കാൻ പോയവള് വേലി ചാടി പ്രേമിച്ചവന്റെ കൂടെ പോയി. പൗലോച്ചേട്ടന്റെ വല്യപ്പന്റെ മകനെ പട്ടണത്തീ വച്ച് കണ്ടപ്പോൾ നായര് പറഞ്ഞുവത്രേ വേലി ചാടിയവളുടെ കല്ല്യാണം പൊടി പൊടിച്ചാ നടത്തിയെന്ന്. കല്ല്യാണം വിളിക്കാത്തതിന് വല്യപ്പനും മകൻ മാണിക്കുഞ്ഞും കൂടെ പൗലോച്ചേട്ടന്റെ വീട്ടിൽ വന്നു തെറി വിളിച്ചേച്ചും പോയി. ”
” കല്ല്യാണം മുടക്കലുമുണ്ടെന്നാ കേട്ടത് ” കേട്ട് നിന്ന പെണ്ണുങ്ങളിലാരോ പറഞ്ഞു “. ആവോ ആർക്കറിയാം.
കുട്ടൻ നായരുടെ കഥകൾ പറയുവാൻ മൈൽകുറ്റികൾ പോലും മുന്നോട്ടു വന്നെന്നാ കണ്ടവരും കേട്ടവരുമൊക്കെ പറഞ്ഞത്. നായരുടെ ചായക്കോപ്പയിൽ കഥകളൊത്തിരി അടിച്ചു നുരഞ്ഞു പൊന്തി .

ചായക്കടയിലെത്തുന്ന ചെറു വാല്യക്കാർ കളിയായി പറയും ‘ നയരേട്ടാ ഇവിടൊരു ചായേം അവിടെയൊരു കേക്കും ”
വഴിയേ പോണ പള്ളിക്കൂടം പിള്ളേർ നായരുടെ കടയുടെ മുന്നിലെത്തുമ്പോൾ എന്തിനെന്നറിയില്ല ചുമ്മാ പാടും
‘ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … …………..ഹാപ്പി ബർത്ഡേ ടു യു … ………………………………..ശുഭം

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.