ഷാനോ എം കുമരൻ

അന്നമ്മയും അമ്മിണിയും ഒരു ഇരുവാ കയ്യാലയ്‌ക്കു അപ്പുറവും ഇപ്പുറവും താമസിക്കുന്ന രണ്ടു ഗ്രാമീണ കുടുംബത്തിലെ ഗൃഹ നാഥകൾ .

അയൽക്കാരെന്നതിനേക്കാൾ സർവോപരി സ്നേഹിതകൾ അങ്ങനെയാണിരുവരും. അവിടെയൊരു കടുക് വറുത്താൽ , ചക്കയോ പൂളയോ വച്ചാൽ അതിലൊരു പങ്ക് ഇവിടേയ്ക്കുള്ളതാണ് അങ്ങനെയാണതിന്റെ കണക്ക്. അന്നമ്മയും അമ്മിണിയും രണ്ടും’അ ‘ കാരത്തിലാണല്ലോ തുടക്കം. അങ്ങനെയൊരു ബന്ധം. സുന്ദരം എന്ത് ചേർച്ചയാണ്.

മനോഹരം. അമ്മിണിയുടെ പറമ്പിലെ തെങ്ങ് അതും കയ്യാലയോടു ചേർന്നിരിക്കുന്ന ഒരു ചെന്തെങ്ങു തന്നെ ചെന്തെങ്ങിന്റെ കരിക്കു വെള്ളം നല്ല സ്വാദുള്ളതാണ് എന്നൊരു സംസാരമുണ്ട് നാട്ടിൽ നേരിട്ടറിവില്ല പറഞ്ഞു കേട്ടതാണ് ചെന്തെങ്ങിന്റെ മാഹാത്മ്യം. കഥാകൃത്തു നാളിതു വരെ ഒരിക്കലേ ചെന്തെങ്ങിന്റെ കരിക്കിൻ വെള്ളം കുടിച്ചിട്ടുള്ളു അതിനാണെങ്കിൽ വാട്ട ചുവയുമായിരുന്നു. എങ്ങനെ വാടാതിരിക്കും താഴത്തെ വീട്ടിലെ കുഞ്ഞപ്പൻ ചേട്ടൻ വീട്ടിൽ നിന്നിറങ്ങിയാൽ കൈ പിന്നിൽ പിണച്ചു കെട്ടി മേലോട്ട് നോക്കിയേ നടക്കു. പ്രമാദമായ ആ നടത്തത്തിനിടയിൽ രണ്ടു വരിക്ക പ്ലാവും അഞ്ചാറു കൂഴപ്ലാവിലെയും മൂത്തതും മൂക്കാത്തതുമായ ചക്കകൾ ഉഴിഞ്ഞു ഉഴിഞ്ഞു നോക്കി പഴുപ്പിച്ചു പോകുന്നതിടയിൽ ചെന്തെങ്ങിലെ ഇളം കുലകളെയും വെറുതെ വിടാറില്ല നോക്കി വാട്ടുകയായിരിക്കാം അതായിരിക്കും കഥാകൃത്തിന്റെ ചെന്തെങ്ങിലെ കരിക്കിന് വാട്ട വെള്ളത്തിന്റെ ചുവ. അതെന്തെലുമാകട്ടെ കാഥികന്റെ ചെന്തെങ്ങു വാരിക്കുന്തങ്ങളായി തൂമ്പകളിലും കോടാലികളിലും കയറി പറ്റി.

ഇവിടെ താരം ‘ അ ‘ കുടുംബത്തെ ചെന്തെങ്ങാണല്ലോ. ചെന്തെങ്ങിന്റെ കരിക്കു വെള്ളം കുടിക്കാനും മധുരമുള്ള കാമ്പ് തിന്നാനും കൂട്ടുകാരികൾ ചെന്തെങ്ങു കുലയ്ക്കുന്നതും കാത്തു കാത്തിരുന്നു. ഒരിയ്ക്കൽ ചെന്തെങ്ങു കുലച്ചു വെള്ളക്ക കരിക്കായി. കരിക്കിട്ടു കുടിക്കാൻ അവർ കാത്തിരുന്നു. എങ്ങനെ കരിക്കിടും ? തോട്ടി കൊണ്ട് വലിച്ചാലോ വേണ്ട താഴെ വീണാൽ പൊട്ടിപ്പോകും അപ്പൊ വെള്ളം കിട്ടുകേല കാമ്പ് മാത്രം തിന്നേണ്ടി വരും. അങ്ങനെ കാശ് പോയാലും തരക്കേടില്ല തെങ്ങേൽ കയറാൻ അവറാച്ചനെ വിളിക്കാൻ പദ്ധതി പാസ്സായി. അവറാച്ചനെ നോക്കിയിരുന്നു.

കാറ്റിനറിയില്ല അവറാച്ചനെ വിളിച്ച കാര്യം. കാറ്റു വീശി. അന്നയുടെയും അമ്മിണിയുടെയും ആദ്യത്തെ കരിക്കു അതാ നിലത്തു. …….. ആണോ ? അല്ല നിലത്തു വീണില്ല. പിന്നെവിടെ പോയി അന്നമ്മയുടെ മുറ്റത്തും ഇല്ല അമ്മിണിയുടെ മുറ്റത്തും വീണിട്ടില്ല , പിന്നെവിടെ. അതാ ഇരുന്നു ചിരിക്കുന്നു കയ്യാലപ്പുറത്തു. അപ്പുറവുമില്ല ഇപ്പുറവുമില്ല. കാറ്റിനറിയില്ലെങ്കിലും കരിക്കിനറിയാം ‘അ ‘ കൂട്ടുകാരികൾ തന്റെ മധുരമുള്ള വെള്ളം കുടിക്കുവാനും ഇളം കാമ്പ് നുണഞ്ഞിറക്കുവാനും എത്രയാശിച്ചുവെന്നു.

ആരാദ്യം എടുക്കുമെന്നെ എന്നോർത്ത് കരിക്കവിടെയിരുന്നു അപ്പുറത്തുന്നു അന്നമ്മയും ഇപ്പുറത്തുന്നു അമ്മിണിയും ഒരുമിച്ചു കണ്ടു. പഴംചൊല്ലിൽ പതിരില്ല എന്ന്. അതാ ഇരിക്കുന്നു ‘കയ്യാലപ്പുറത്തെ തേങ്ങ ‘

കൂട്ടുകാരികൾ പങ്കിട്ടു കഴിച്ചു തൃപ്തിയായി സന്തോഷമായി തെങ്ങിന് കോരിയ വെള്ളത്തിന്റെ കണക്കുകൾ തൂളിയ ചാരം ചാണകപ്പൊടി എല്ലാം അവരൊരുമിച്ചു ഓർമ്മിച്ചു. കൊതിയോടെ മേലേക്ക് നോക്കി. ഇനിയെപ്പോഴാ ഒരെണ്ണം നാലു കണ്ണുകൾ ഒരേപോലെ വഴിയിലേക്ക് നീണ്ടു അവറാച്ചനെങ്ങാനും വരുന്നുണ്ടോ?,

അവറാച്ചൻ വന്നു കരിക്കിട്ടു കൂട്ടുകാരികളും വീട്ടുകാരും കുടിച്ചു വയറു നിറയെ കുടിച്ചു ഏമ്പക്കം വരും വരെ കരിക്കിൻ കാമ്പ് തിന്നു ആഹാ എന്തൊരു മധുരം. ഇടക്കിടയ്ക്ക് കാറ്റ് കുസൃതിയൊപ്പിക്കുന്നുണ്ട് അന്നമ്മയുടെ മുറ്റത്തേക്ക് വീശും കൂടെ ഒന്നോ രണ്ടോ കരിക്കു കുട്ടന്മാരെ അന്നമ്മയുടെ മുറ്റത്തേക്ക് തള്ളിയിടുകേം ചെയ്യും. ഇപ്പുറത്തു വീണാലും തനിയെ തിന്നാൻ ഒരു വിമ്മിഷ്ടം കൂട്ടുകാരിയോടാണേലും കള്ളം പറഞ്ഞു കട്ട് തിന്നുന്നതിന് ഒരു സുഖം പോര. എങ്കിലും മനസ്സിന്റെ കാര്യമല്ലേ അതുണ്ടോ പിടിച്ചിടത്തു നിൽക്കുന്നു. പയ്യെ പയ്യെ അമ്മിണിയറിയാതെ കൂടെ നിന്നു സഹായിച്ച കാറ്റു പോലുമറിയാതെ അമ്മിണിയുടെ കരിക്കുകളും തേങ്ങകളും അന്നമ്മയുടെ അടുക്കളയിലെത്തിയിരുന്നു. കട്ടു തിന്നുന്നത് ഒരു തരം സുഖമുള്ള ഏർപ്പാടാണെന്നു അന്നമ്മ തിരിച്ചറിഞ്ഞിരുന്നു.

അമ്മിണി തെങ്ങേൽ നോട്ടം തുടർന്ന് കൊണ്ടേയിരുന്നു. താഴേക്ക് നോക്കുവാൻ മറന്നും പോയിരുന്നു. മറന്നതല്ല വിശ്വാസം അതല്ലേ എല്ലാം. വിശ്വാസവഞ്ചനയ്ക്കുണ്ടോ അയൽ സ്നേഹം. ഇടയ്ക്കിടെ അന്നമ്മ പറയും ” താഴോട്ടൊന്നും വരുന്നില്ലല്ലോ അമ്മിണിയെ അവറാച്ചനെ വിളിക്കണമെന്നാ തോന്നുന്നേ ”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എന്റെ തെങ്ങേലെ തേങ്ങയിടാൻ ഇവളെന്തിനാ അവറാച്ചനെ വിളിക്കണേ ‘ എന്ന് ചിന്തിക്കുവാൻ പോലും സുഹൃത്സ്നേഹം അമ്മിണിയെ അനുവദിച്ചില്ല. പാവം.

പുതുതായി എത്തിയ അയൽക്കാരി ബിന്ദു അമ്മിണിയുമായി പെട്ടെന്ന് ചങ്ങാത്തമായി. ബിന്ദു അമ്മിണി കൂട്ടുകെട്ട് അന്നമ്മയ്ക്കു രസമായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ പ്രമാണിത്തം പോയ് പോയാലോ ‘അ ‘ സ്നേഹം തുടർന്ന് പോന്നു.

അമ്മിണിയുടെയും അന്നമ്മയുടെയും അയൽ സ്നേഹം അത് ബിന്ദുവിനെത്ര സുഖമായില്ല. എങ്ങനെ ഞാൻ പണി തുടങ്ങേണ്ടു എന്നാലോചിച്ചു ചുണ്ടിൽ വാരിവിതറിയ പാൽ പുഞ്ചിരിയുമായി അമ്മിണിയുടെയും അന്നമ്മയുടെയും ഇടയിലൂടെ പാറിപ്പറന്നു നടന്ന ബിന്ദുവെന്ന പുത്തൻ കുടുംബിനിയ്ക്കു ചുമ്മാ ഒരു അവസരം വീണു കിട്ടി. അമ്മിണിയുടെ കരിക്കു മുണ്ടിന്റെ കോന്തലയിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പോയ അന്നമ്മയെ ബിന്ദു കണ്ടുപിടിച്ചു ഒന്നല്ല പലവട്ടം. അവസരം നോക്കി ബിന്ദു പണി തുടങ്ങി. ” അല്ല അമ്മിണിയമ്മേ ഇതിപ്പോ എന്തിനാ ആ ചെന്തെങ്ങു അവിടെ നിർത്തിയേക്കണേ തെങ്ങിവിടെയാണേലും തേങ്ങ അവിടെക്കാണല്ലോ പോണത്. തന്നേമല്ല വടക്കു കിഴക്കു തെങ്ങു വച്ചാൽ തന്തക്കു പകരം തെങ്ങു വെക്കേണ്ടി വരുമെന്നാ കേട്ടേക്കണേ ”

നെറ്റി ചുളിച്ചെങ്കിലും ബിന്ദുവിന്റെ നിത്യ സഹവാസം കൊണ്ട് അമ്മിണിക്കു കാര്യം കത്തി. കാറ്റു ചതിച്ചു. കാറ്റ് മാത്രമല്ല അന്നമ്മയും. തെങ്ങു മുറിക്കുവാൻ ശുപാർശ തേങ്ങാ വട്ടം മുറിച്ചു ആപത്തു പ്രവചിക്കുന്ന കൂട്ടരും കൂടെയുണ്ടല്ലോ. ശുപാർശ ഫലം കണ്ടു. തെങ്ങു മുറിക്കുവാൻ തീരുമാനമായി. തെങ്ങിന്റെ ചുവട്ടിൽ മഴു വീണ ശബ്ദം കേട്ട് അന്നമ്മ അന്ധാളിച്ചു. എന്തേ പെട്ടെന്നിങ്ങനെ ഒന്നും പറഞ്ഞില്ല ഒന്നും അറിഞ്ഞതുമില്ല
ചോദിച്ചു എന്തിനാ തെങ്ങു മുറിക്കണേയെന്നു ചോദിക്കാതെ ഇരിക്കുവാൻ തോന്നിയില്ല. ചോദിച്ചതിനാലാവാം ഉത്തരവും കിട്ടി. ‘ എന്റെ തെങ്ങു ഞാൻ നട്ടതു ഞാൻ മുറിക്കുകേം ചെയ്യും അതിനാർക്കാണ് ദെണ്ണം …..കൂട്ടത്തിലൊരു ഉപമയും ‘എന്റെ വീട്ടിലെ കോഴി എന്റെ പെരേല് വന്നു മുട്ടയിടണം ആരാന്റെ ചായ്‌പിൽ മുട്ടായിട്ടാൽ കോഴിക്ക് ഉറക്കം ചട്ടിയിലാ ‘

ഉപമ കുറിക്കു കൊണ്ടു. പതം പറഞ്ഞിരുന്നു കണ്ണും മൂക്കും തുടയ്ക്കുന്ന നേരം ആരാന്റെ ചെന്തെങ്ങിൽ ചോട്ടിൽ ഒഴിച്ച വെള്ളത്തിന്റെയും വിതറിയ ചാണക പൊടിയുടെയും കണക്കുകൾ വെറുതെ തികട്ടി വന്നു. മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു കൊണ്ട് പോയ കരിക്കിന്റെയും തേങ്ങയുടെയും കണക്ക് ഓർത്തില്ല താനും അല്ലെങ്കിലും അതങ്ങനെ ആണല്ലോ.

കഥയല്ലേ അങ്ങനെയൊക്കെ ഭാവന വിടരും. ഇനി കാര്യത്തിനായാലും അങ്ങനെ തന്നെ വെറുതെ കിട്ടിയത് പൊന്നാണേലും കണക്കു വയ്ക്കില്ല വെറുതെ കൊടുത്ത് പോയത് കാരികാടിയാണേലും ഓർത്തു വയ്‌ക്കും ഒന്നിനുമല്ല വെറുതെ ഇങ്ങനെയിരുന്നു പായാരം പറയാനും വേണമല്ലോ ഒരു വിധി. അങ്ങനെ സ്നേഹബന്ധം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി പൊളിച്ചു കളയുവാനിരുന്ന ഇരുവാ കയ്യാല സിമന്റും കമ്പിയുമിട്ട് ഉയർത്തി പൊക്കി. എല്ലാം ബിന്ദുവിന്റെ ഐശ്വര്യം അല്ലാതെന്താ. അമ്മിണി അങ്ങനെ നാലു മക്കളെ കൂടാതെ ബിന്ദുവിന്റെ കൂടി അമ്മിണിയമ്മയായി. അഭിമാനം. ആഹ്‌ളാദം…. എത്രനാൾ ആവോ അറിയില്ല.

കഥാസാരം…… അതിങ്ങനെ ഇടയിൽ ‘മൂന്നാമതൊരാൾ ‘വന്നാൽ ….. ജാഗ്രതൈ .

അല്ലെങ്കിലും പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുള്ളത് എന്തെന്നാൽ എന്തൊക്കെയോ തമ്മിൽ ചേർന്നാലും മറ്റെന്തൊക്കെയോ തമ്മിൽ ചേരുകയില്ലെന്നാണല്ലോ..!

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.