ഷാനോ എം കുമരൻ
യുകെയിൽ പുതിയതായി എത്തിയവരിൽ ഏറിയ പങ്കും സർക്കാരാശുപത്രിയിൽ ആരോഗ്യ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള ജോലിക്കു വന്നവർ. കൂടുതലും പെണ്ണുങ്ങൾ. അവരുടെ കെട്ടിയവന്മാരും കുട്ടികളുമൊക്കെയായി അങ്ങനെ തെറ്റില്ലാതെ ആർഭാടത്തിൽ കാലം തള്ളി നീക്കുന്നവർ. പുതിയതായി ചിലർ കൂടി കാക്കത്തുരുത്തിലേക്ക് ചേക്കേറി. നല്ല ജീവിതം ആസ്വദിക്കുവാൻ.
അക്കൂട്ടത്തിലെ മിടുമിടുക്കനായിരുന്നു മഹാ ബുദ്ധിശാലിയെന്നു മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുവാൻ കേമനായിരുന്ന ലോനപ്പൻ. ആളൊരു ശുദ്ധൻ എന്നിരുന്നാലും എനിക്ക് അല്പം കേമത്തമൊക്കെയാവാം. സായിപ്പിന്റെ നാട്ടിലാണല്ലോ ജീവിതം അങ്ങനെയും മോഹം . തെറ്റ് പറയുവാനാവില്ല. ആളൊരു മിടുക്കനാണ് കേട്ടോ മോഹിക്കാമല്ലോ മോഹത്തിനെന്തു വില. ചുമ്മാ മോഹിക്കട്ടെ എന്നിരുന്നാലും ഉള്ളവരിൽ വലിയ തെറ്റില്ല. ഉയരങ്ങളിൽ എത്തണം എന്ന ഉറച്ച തീരുമാനം അത് ലോനപ്പന്റെ ഒരു സവിശേഷതയായിരുന്നു. കുറച്ചു പഴമക്കാർ അല്ലെങ്കിൽ പഴയ ചിന്താഗതികൾക്കുടമസ്ഥരായിട്ടുള്ളവർ നമ്മുടെ ലോനപ്പനെ നോക്കി ചുമ്മാ അസൂയപ്പെടും. പുറമെ അല്ല കേട്ടോ ഉള്ളിൽ അതാരറിയാനാ ?
ലോനപ്പന്റെ അവധി ദിനങ്ങളിൽ കൂട്ടത്തിൽ കൂടി ഒരു മിടു മിടുക്കി . സൽസ്വഭാവി. ഭംഗിവാക്കല്ല നേരായിട്ടും തനി തങ്കം. തങ്കമ്മ നഴ്സ്. തങ്കമ്മ ലോനപ്പനൊപ്പം കൂട്ട് കൂടി. ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ അവരെ. സംഭവം നമ്മുടെ ലോനപ്പൻ സായിപ്പിന്റെ നാട്ടിലെ ആരോഗ്യ മേഖലയിലെ പുതിയ ചില വിഷയങ്ങൾ പഠിക്കുവാൻ തീരുമാനിച്ചു. അത് തനിക്കും കൂടെ ഉപയോഗപ്പെടുത്താമല്ലോ അതാണ് തങ്കമ്മ നഴ്സിന്റെ ആലോചന. അങ്ങനെ പഠിത്തം ഉഷാറായി നടന്നു തങ്കമ്മ സിസ്റ്റർ മുൻകൈയെടുത്തു കൊണ്ട് മറ്റു പല നേഴ്സ് പെൺകുട്ടികളും ലോനപ്പന്റെ ഒറ്റ മുറി വീട്ടിൽ ഒത്തു കൂടി സായിപ്പിന്റെ സർക്കാരാശുപത്രിയുടെ മേൽ നോട്ടത്തിൽ നടത്തി വന്ന പല പരീക്ഷകളും അവർ നേരിട്ടു അതിൽ ചിലരൊക്കെ വിജയിച്ചു. ചില ദിവസങ്ങളിൽ അവർ തങ്കമ്മ സിസ്റ്ററിന്റെ ഫ്ലാറ്റിൽ ഒത്തു ചേർന്ന് പഠനം മുന്നോട്ടു കൊണ്ട് പോയി.
വിരസമായ വേളകളിൽ അവരെല്ലാം പാശ്ചാത്യരായ തച്ചന്മാർ പണി തീർത്ത പുരാതനമായ പള്ളികളിലും മറ്റു ഇടപ്രഭുക്കന്മാരുടെ മാളികകളിലും മറ്റും സന്ദർശനം നടത്തി വന്നിരുന്നു. ലോനപ്പന്റെ അഭാവത്തിൽ ചില പെണ്ണുങ്ങൾ വട്ടം കൂടിയിരുന്നു വൈനും മറ്റും നുണഞ്ഞിരുന്നു പോലും. ചങ്ങാതി അറിഞ്ഞാൽ മോശമായെങ്കിലോ ? അങ്ങനെ ചിന്തിച്ചതും നല്ലതു തന്നെ. സ്വഭാവ സർട്ടിഫിക്കറ്റ് കളഞ്ഞു കുളിക്കരുതല്ലോ. അല്ലെങ്കിലും ഇക്കാലത്തു പെണ്ണുങ്ങൾ അല്പം ലഹരി രുചിച്ചാലിപ്പോൾ എന്താ പറ്റുക തണുപ്പുള്ള ദേശം അല്ലയോ വല്ലപ്പഴും തലയ്ക്കൊരല്പം മത്തു , അത് നല്ലതു തന്നെ.
എല്ലാവർക്കും ആശ്രയം നമ്മുടെ ബൈജുവിന്റെ പഴഞ്ചൻ ബെൻസ് കാറ് മാത്രമാണ് പഠിക്കുവാൻ പോകാനും ചുറ്റിക്കറങ്ങുവാനും ജോലിക്കു പോകുന്നതിനു എന്തിനേറെ എല്ലാത്തിനുമെല്ലാത്തിനും അവർക്കാശ്രയം പണ്ടെങ്ങോ ചേക്കേറിയ ബൈജുവിന്റെ ബെൻസ് വണ്ടി തന്നെ ശരണം. ചുമ്മാതല്ല കേട്ടോ. വണ്ടി കൂലി കൊടുത്തിട്ടാണേ അതും ഒന്നര ചക്രം കൂടുതൽ . നമ്മുടെ ബൈജു ചേട്ടൻ പാവം എപ്പോ വിളിച്ചാലും ഓടിയെത്തുമല്ലോ അത് വലിയ ഒരു കാര്യമല്ലേ ? ചോദ്യമാണോ ആരോട്. ? അല്ല പെണ്ണുങ്ങൾ വാസ്തവം പറഞ്ഞതാ.
അങ്ങനെ ബൈജു ചേട്ടന്റെ വണ്ടിയിൽ സവാരി പഠനം ജോലി. എല്ലാം കൂടെ ബ്രിട്ടൻ ജീവിതം എത്ര സുന്ദരം എത്ര മനോഹരം.
ബൈജു ചേട്ടൻ അത്യാവശ്യം ത്രില്ലിലാണ്. രണ്ടു നേരവും സായിപ്പിന്റെ തൊഴുത്തിലെ പൈക്കളുടെ പാൽ യന്ത്രം വച്ച് ഊറ്റി എടുത്തു സംഭരണിയിലൊഴിച്ചിട്ടു മിച്ചമുള്ള സമയം വണ്ടിയോട്ടം പഴഞ്ചനെങ്കിലും മെഴ്സിഡസ് ഒരു അലങ്കാരം തന്നെ. ഒഴിവുള്ള വൈകുന്നേരങ്ങളിൽ കാക്കത്തുരുത്തിലെ പുത്തൻ അച്ചായന്മാരുടെയും ചേട്ടന്മാരുടെയും വക കള്ളു സൽക്കാരം സംഗതി ജോർ. നമ്മുടെ ബൈജു ചേട്ടന് ഒരു ചെറിയ കുഴപ്പമുണ്ട്. സംഗതി ബൈജു സ്വതവേ അധികമാരോടും അങ്ങനെ മിണ്ടാറില്ല , പെണ്ണുങ്ങളോ ആണുങ്ങളോ വണ്ടിയിൽ കയറിയാൽ പിന്നെ പൂച്ചയാ പുള്ളി ശാന്തൻ. പക്ഷെ രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ മട്ടും ഭാവവും തെല്ലു വിത്യാസം വരും . ഒന്നരയടിച്ചാൽ പിന്നെ വേണമെങ്കിൽ പുള്ളി വിമാനവും പറത്തും. അതൊക്കെ സഹിക്കാം പക്ഷെ ഫിറ്റായാൽ പിന്നെ സ്വന്തം പെമ്പറന്നോത്തിയും താനും അപ്പോൾ മദ്യം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുന്നവരും ഒഴിച്ചാൽ പിന്നെ മറ്റെല്ലാ പെണ്ണുങ്ങളും ആണുങ്ങളും മൂപ്പരുടെ കണ്ണിൽ ശെരിയല്ല. അന്യരുടെ വണ്ടിയിൽ അസമയത് കേറുന്നത് വശപിശകു പെണ്ണുങ്ങളാണത്രെ.
അത് കൊണ്ട് അടി തുടങ്ങിയാൽ പിന്നെ ചേട്ടൻ ഭയങ്കര മാന്യനായ ഡ്രൈവർ ആണ്. മോശം മോശം ഞാൻ പോകില്ല അവളുടെ ഓട്ടം അവള് ശെരിയല്ലന്നെ.
ഒഴിച്ച് കൊടുക്കുന്ന ചില മാമന്മാർ മൂപ്പിയ്ക്കും. എടാ ബൈജുവെ ആരെടെ കാര്യവാണെടാ നീ പറയുന്നേ? ഇല്ലെ മറ്റേ ലവളാണോ ? എനിക്കും ചില ഡൌട്ട് ഉണ്ട്. നീ പറഞ്ഞെ, കേൾക്കട്ടെ. ശരിയാണോയെന്നു.
അങ്ങനെയങ്ങനെ നീളുന്ന കള്ളിൻ കോപ്പയ്ക് മുന്നിലെ അന്തിയ്ക്കുള്ള അപരാധം പറച്ചിൽ.
ഇനിയൽപ്പനേരം നമുക്കു ഇടത്തും വലത്തും നേരെ മുകളിലും ഒക്കെ ഇരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പോയേക്കാം. അവിടെ ഇടത്തരം കുടുംബത്തിലേ ചെറുപ്പക്കാരനായ ഗൃഹനാഥൻ സദാനന്ദൻ ചേട്ടൻ ഫോണിൽ സെറ്റ് ചെയ്ത അലാറം അടിക്കുന്നതിനു മുന്നേ എണീറ്റു ഒരു ഫോൺ കാൾ ആരാണത് ഈ വെളുപ്പിനെ ? അമ്മായിയമ്മയുടെ ‘അമ്മ വലിച്ചു വലിച്ചു കിടക്കുവാ ഇനി എന്തേലും ?? ഫോണെടുത്തു നോക്കി ലണ്ടനിന്നു ഭാര്യയാണ്. ആര് നമ്മുടെ തങ്കമ്മ സിസ്റ്റർ എന്ന തങ്കം. ആള് നമ്മുടെ സദാനന്ദൻ ചേട്ടന്റെ നല്ല പാതിയാണ് രണ്ടു പിള്ളേരെ ഓമനത്തത്തോടെ പെറ്റു കൊടുത്തിട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ ലണ്ടനിലേക്ക് വണ്ടി കയറിയ സ്നേഹവതിയായ ധീര വനിത. ഭാഗ്യം വല്യമ്മയ്ക്ക് കുഴപ്പമൊന്നുല്ല. ‘
‘ എന്താണാവോ ഈ നേരത്തു വിളി പതിവില്ലാലോ. എന്റെയും പിള്ളേരുടേം വിസ ശരിയായിക്കാണും. എന്നിങ്ങനെ ധൃതിയിൽ മനോരാജ്യം കണ്ടു ഫോണെടുത്തു ചെവിട്ടിൽ വച്ചു
” എന്താ തങ്കമ്മേ “?
അപ്പുറത്തു ഒരു ഏങ്ങി കരച്ചിൽ. ചേട്ടന്റെ ഉറക്കം പാടെ പോയി. എന്നാ പറ്റിയെടീ എന്നാത്തിനാ കരയുന്നെ?
ചേട്ടൻ വേവലാതി പൂണ്ടു ചോദിച്ചു.
” സദുവേട്ടാ, ചേട്ടനെന്നെ അവിശ്വസിക്കരുത് . തങ്കമ്മ കരച്ചിൽ തുടർന്നു. ഏഹ് അവിശ്വസിക്കരുതെന്നോ അതിനു മാത്രം നീയെന്നാ ചെയ്തേ? സദാനന്ദൻ ചേട്ടൻ പരവശനായി. അയാൾ വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു. ” നീ കാര്യം പറ തങ്കമ്മേ മനുഷ്യന്റെ പ്രാണൻ പോകുന്നു.
നമ്മുടെ ലോനപ്പനില്ലേ അയാളേം എന്നെയും പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു നടക്കാണ് …. ഞങ്ങൾ ഒരുമിച്ചു ഇരുന്നല്ലേ പഠിക്കണേ അതാണെന്ന് തോന്നുന്നു.( കരച്ചിൽ) എനിക്കറിയാന്മേല സദുവേട്ട എന്നാ ചെയ്യണ്ടെന്നു. എന്റെ പിള്ളേരാണെ അയാള് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാ എനിക്ക്.
സദാനന്ദന്റെ ശ്വാസം നേരെ വീണു. ഓഹോ ഇത്രയുമേയുള്ളോ കാര്യം എനിക്കേ നല്ലവണ്ണം അറിയാം എന്റെ ഭാര്യയെ. ലോനപ്പനെയും എനിക്കറിയാം പറഞ്ഞു നടക്കണ പൊ…….ടി മക്കളോട് പോയി ………..പറഞ്ഞേക്കു കേട്ടോ. നീ കിടന്നുറങ്ങാൻ നോക്ക് അല്ല പിന്നെ. എനിക്കിന്ന് കമ്പനിയിൽ നൂറ്റമ്പതു കൂട്ടം തിരക്കുള്ളതാ “… സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
തങ്കമ്മ സിസ്റ്ററിന്റെ മനസ്സിൽ ഒരു ആയിര തുടം കുളിർമഴ ഒരുമിച്ചു പെയ്തു തോർന്നു. കെട്ടിയവൻ കൂടെയുണ്ട് പോകാൻ പറ അപരാധകമ്മിറ്റിയോട്. ത്ഫൂ ….’ നീട്ടിയൊന്നു തുപ്പി. സങ്കടം പോയൊഴിഞ്ഞു. തങ്കം പഠനം തുടർന്ന് കൊണ്ടേയിരുന്നു തോൽവി മനസ്സ് മടുപ്പിച്ചപ്പോൾ പല കൂട്ടുകാരും അത് നിർത്തി പിരിഞ്ഞു
പോയി ഉള്ള ജോലിയുമായി തൃപ്‌തിയടഞ്ഞു.
അങ്ങനെ കുറച്ചു നാളുകൾക്കപ്പുറം സദാനന്ദനും കുട്ടികളും തങ്കമ്മയുടെ അടുത്തെത്തി. തങ്കം ഇപ്പോൾ ഗ്രേഡ് കൂടിയ നഴ്സ് ആണ്. കൂട്ടായ പഠനത്തിന്റെ വെളിച്ചം അല്ലാതെന്തു പറയുവാൻ സുകൃതം. കഴിവാണ് മുഖ്യം കേട്ടോ. തങ്കമ്മ വിവരിച്ചത് പോലെയല്ല അതിലും ഭംഗിയാണ് സായിപ്പിന്റെ നാടിന്.
എന്തിനും ഏതിനും പാശ്ചാത്യരെയും അവരുടെ രീതികളെയും കുറ്റം പറഞ്ഞു കൊണ്ട് ഏറെ സൗകര്യമുണ്ടായിരുന്നിട്ടും ഒന്നും ലഭിക്കാതെ പോകുന്ന വിഡ്‌ഢി കിഴങ്ങന്മാരായ സ്വജനത്തെകുറിച്ചോർത്തു ഉള്ളിൽ ഒരല്പം വേദനയും സഹതാപവും തോന്നാതിരിക്കുവാൻ നല്ല കർഷകൻ കൂടിയായ ആ കമ്പനി തൊഴിലാളിക്ക് മനസ്സ് വന്നില്ലെന്നത് മറ്റൊരു വാസ്തവം ആയിരുന്നു. അല്ലെങ്കിലും കിണറ്റിലെ തവളകൾ അങ്ങനെയാണല്ലോ ! തത്കാലം അങ്ങനെ ആശ്വസിക്കാം. വിശ്വാസം ആശ്വാസം രണ്ടും ഒരേ നാണയത്തിന്റെ മറു പുറം ആണെന്ന് സമ്മതിക്കാതെ വയ്യല്ലോ. വിശ്വസിക്കുവാനും ആശ്വസിക്കുവാനും ഒരു കാരണവും വേണ്ട അതെന്തു കൊണ്ടാണെന്നു വച്ചാൽ … അത് ….അത്….അതങ്ങനെയാണ്.
കാലം കടന്നു പോകുന്നതിനിടയിൽ നമ്മുടെ പാവം ബൈജു ചേട്ടന് ഒരു അക്കിടി പറ്റി. കള്ളിൻ പുറത്തു കറക്കാൻ ചെന്നപ്പോൾ പശു ചവിട്ടി പുറത്താക്കിയതാണോ അതോ സായിപ്പ് രണ്ടെണ്ണം പൊട്ടിച്ചതാണോ ആർക്കുമറിയില്ല. എന്തായാലും ഇപ്പൊൾ കറവയില്ല. കള്ളു നല്ലപോലെയുണ്ട് താനും. കാക്കത്തുരുത്തിലെ നല്ലവരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രാക്ക് ആണോ. ? ആയിരിക്കും.
സദാനന്ദൻ ചേട്ടൻ ബൈജുവിനെ പരിചയപെട്ടു. ബൈജു പക്ഷെ അടുപ്പം കൂടാൻ അത്രയ്ക്കങ്ങു തയ്യാറായില്ല എന്തോ. അങ്ങനെയിരിക്കെ ഒരു മഞ്ഞുകാലത്തെ സായാഹ്നം. ജോലിയും കഴിഞ്ഞു തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴി സദാനന്ദൻ ചേട്ടന് ബൈജുവിനെ വഴിയിൽ നിന്നും കിട്ടി. സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അത്. നമ്മുടെ ബൈജു ചേട്ടന് വണ്ടിയില്ല ബെൻസ് വണ്ടി എവിടെപ്പോയി. സദാനന്ദൻ ചേട്ടൻ ചോദിച്ചു. ‘ ഓ അത് പഴയതായി ഇനി ഓടത്തില്ല. ഉദാസീനനായി ബൈജു പറഞ്ഞു.
എന്നാ വാ കയറ് ഞാൻ വിടാം വീട്ടിലേക്ക് .
സദാനന്ദൻ ചേട്ടന്റെ ഓഫർ ബൈജു ചുമ്മാ നിരസിച്ചു.
കുഴപ്പമില്ലന്നെ കയറ് എനിക്ക് സമയമുണ്ട്. എന്നായാലും ഞാനും അത് വഴിക്കല്ലേ പോകുന്നത് എനിക്കെന്നാ നഷ്ടം വരാനാ. സദാനന്ദൻ ചേട്ടൻ തന്റെ ബ്രാൻഡ് ന്യൂ മെഴ്സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു. ബൈജു കയറി അല്ലാതെന്തു ചെയ്യുവാനാ.
സദാനന്ദൻ ചേട്ടൻ ഓരോരോ കാര്യങ്ങളിങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. ബൈജു എല്ലാം മുക്കിയും മൂളിയും മറുപടികൾ കൊടുത്തു. അങ്ങനെ ബൈജുവിന്റെ വീടിനു മുന്നിൽ കാർ നിറുത്തി.
താങ്ക്സ് പറഞ്ഞു വീട്ടിലേക്കു കാൽചുവടു തിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞു. ഒരു ഔപചാരികത. വാ ഇറങ്ങുന്നില്ലേ!
സദാനന്ദൻ ചേട്ടൻ ക്ഷണം കേട്ടയുടനെ വണ്ടിയിൽ നിന്നുമിറങ്ങി കാർ ലോക്ക് ചെയ്തു ബൈജുവിന്റെ കൂടെ നടന്നു. കുറച്ചായി വിചാരിക്കുന്നു ബൈജുന്റെ വീട്ടിലൊന്നു വരണമെന്നു ഇതായിരിക്കും ചിലപ്പോൽ പറ്റിയ സമയം. സദാനന്ദൻ പറഞ്ഞത് കേട്ട് വഴിയേ പോയ വയ്യാവേലിയെടുത്തു ഉടുത്തു പോയല്ലോ എന്നോർത്ത് ബൈജു അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു. ബൈജുവിന്റെ ഭാര്യ വന്നു വാതിൽ തുറന്നു.
ഇതാരാഎന്ന മട്ടിൽ കെട്ടിയവന് നേരെ നോക്കി പുരികം വളച്ചു. സാധാരണ ഇതിയാൻ അങ്ങനെ ആരെയും വീട്ടിൽ വിളിച്ചു കൊണ്ട് വരാത്തതാണല്ലോ.
മോളിക്കുട്ടി ഇത് സദാനന്ദൻ ചേട്ടൻ മ്മടെ തങ്കമ്മ സിസ്റ്ററിന്റെ ഹസ്ബൻഡ്……. വാ ചേട്ടാ ഇരിക്ക്. വലിയ ആതിഥേയ ഭാവത്തിൽ ബൈജു സദാനന്ദൻ ക്ഷണിച്ചിരുത്തി. മോളമ്മ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ എന്ന് പറഞ്ഞു അടുക്കളയിലേക്കു നടന്നു.
പിള്ളേരൊറങ്ങിയോ എന്ന ചോദ്യത്തിന് ‘ ആ എന്നൊരു മറുപടി അടുക്കളഭാഗത്തു നിന്ന് വന്നു.
ചേട്ടാ ഒരു മിനിട്ടു ഇപ്പൊ വരാമേ എന്ന് പറഞ്ഞു കയ്യിലുള്ള സഞ്ചിയുമായി അടുക്കളയിലേക്കു നീങ്ങിയ ബൈജുവിനോട് സദാനന്ദൻ ചോദിച്ചു. ബൈജു ലോനപ്പനെ അറിയുമോ?
ബൈജു ഒന്ന് ഞെട്ടി പിന്നെ തിരിഞ്ഞു നിന്നു. ഏതു ലോനപ്പൻ ? ലോനപ്പനെ അറിയാത്ത മട്ടിൽ നിഷ്കളങ്കനായി ചോദിച്ചു. സദാനന്ദൻ മെല്ലെ എഴുന്നേറ്റു ബൈജുവിന്റെ അടുത്തേക്ക് ചെന്നു പടക്കം പൊട്ടുന്ന പോലെ ബൈജുവിന്റെ കവിളിൽ ഒരടി വച്ച് കൊടുത്തു. ഒരടിയ്ക്കു തന്നെ ബൈജുവിന്റെ കിളികൾ മുഴുവനും പറന്നു പോയി. പോയ കിളികൾ തിരിച്ചു വന്നപ്പോൾ സദാനന്ദൻ നോക്കി ബൈജു അലറി
എഡോ മൈ….താനെന്നെ തല്ലിയല്ലേ? തന്നെ ഞാനിന്നു കൊല്ലുമെടാ നായെ.
സദാന്ദന്റെ മുഖത്തു അത് കേട്ട് ഭാവ വിത്യാസമൊന്നുമില്ലായിരുന്നു. അയാൾ പറഞ്ഞു.
നീ ഒരു കോപ്പും ചെയ്യത്തില്ല ഇനി മേലാൽ നല്ല രീതിയിൽ കഴിഞ്ഞു പോകുന്ന ആളുകളെപ്പറ്റി അവരാധം പറയരുത്. പറഞ്ഞാൽ …. ഇവിടെയുള്ള സകല മലയാളികളുടെയും മുന്നിൽ വച്ച് നിന്നെ ഞാൻ അടിക്കും. മനസ്സിലായോടാ നാറീ …..നേരാം വണ്ണം കഴിഞ്ഞു പോകുന്ന ആളുകളെപറ്റി അവരാധം പറഞ്ഞുണ്ടാക്കലാണ് നിന്റെ മെയിൻ പണിയെന്നു നാട്ടിൽ നിന്ന് ഞാൻ അറിഞ്ഞതാ. അന്നേ ഞാൻ ഒന്ന് ഓങ്ങി വച്ചതാ നിനക്കിട്ടു. ഇപ്പഴാ തരമായത്!
കയ്യിൽ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കൊണ്ട് വന്ന മോളമ്മയ്ക്കു കാര്യമൊന്നും മനസ്സിലായില്ല. സദാനന്ദൻ ആ ഗ്ലാസ് വാങ്ങി ബൈജുവിന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ടു പറഞ്ഞു. ” കുടിച്ചോ ഒന്ന് തണുക്കട്ടെ”
സദാനന്ദൻ തിരികെ പോകുവാനിറങ്ങുന്നേരം മോളമ്മയോടായി പറഞ്ഞു ” കൊച്ചെ ഞാൻ ഇപ്പൊ കൊച്ചിന്റെ കയ്യിന്നു വല്ലതും വാങ്ങി കുടിച്ചാൽ ഒരു കടപ്പാടുണ്ടായി പോകും അപ്പൊ പിന്നെ എനിക്കെന്റെ കുടുംബത്തോടുള്ള കടപ്പാട് നിറവേറ്റാൻ ഒക്കാതെ വരും അത് കൊണ്ടാ കേട്ടോ അപ്പൊ ശരി ബൈജു ഞാൻ ഇറങ്ങുവാണെ ”
അത്രയും പറഞ്ഞിട്ട് സദാനന്ദൻ ചിരിച്ചു നടന്നു. എന്താന്ന് നടന്നതെന്ന് പിടി കിട്ടാതെ മോളമ്മ വെറുതെ സ്തംഭിച്ചു നിന്ന് പോയി. എന്തായാലും ബൈജു അതോടു കൂടെ നന്നായി. കള്ള് ഇപ്പൊ കുടിക്കാറേയില്ലത്രേ. സദാനന്ദൻ ചേട്ടന്റെ ധീരകൃത്യം ആരും അറിഞ്ഞില്ല അയാൾ പക്ഷെ ഭാര്യയോടും ലോനപ്പനോടും മാത്രം പറഞ്ഞു. തന്റെ ഉത്തരവാദിത്വം അവരെ അറിയിക്കേണ്ടതുണ്ടെന്നയാൾക്കു തോന്നിക്കാണും. അതെന്തായാലും നന്നായി. തങ്കമ്മ നഴ്സിന്റെ മുഖം അല്പം കൂടെ തെളിഞ്ഞു കാണപ്പെട്ടു.
അയാൾ ഒരു സായാഹ്നത്തിൽ ലോനപ്പനോട് പറഞ്ഞു. ലോനപ്പാ ആളുകൾ അങ്ങനെയാ പ്രത്യേകിച്ച് ചിലർ നാട്ടിൽ മുക്കാൽ ചക്രത്തിനു തെണ്ടി നടക്കുന്നവൻ സായിപ്പിന്റെ നാട്ടിൽ വന്നു ഒന്ന് നിവർന്നു നിൽക്കുമ്പോൾ ചെറുതായൊന്നു എല്ലിന്റെ ഇടയിൽ കുത്തും. അപ്പൊ, ഇങ്ങനെയുള്ള അവരാധങ്ങളൊക്കെ പടച്ചു വിടും. അത് മറ്റുള്ളവർക്ക് വേദനിക്കുമോ എന്നൊന്നും പിതാവിന് പിറക്കാത്ത ഈ പൊന്നു മക്കൾ നോക്കാറില്ല. നീ വിഷമിക്കണ്ട കേട്ടോ!
ബൈജു മറ്റുള്ളവരെക്കുറിച്ചു ചുമ്മാ ദ്വേഷിക്കുന്നത് നിർത്തിയെങ്കിലും മറ്റു ചില മാന്യന്മാർ നിർബാധം ബൈജുവിന്റെ പണി തുടർന്ന് കൊണ്ടേയിരുന്നു. അവരറിയാതെ അവർ ഏതോ സദാന്ദൻമാരെ കാത്തിരിക്കുന്നുണ്ടാവാം. കാലം അതങ്ങനെയല്ല മുന്നോട്ടു പോകൂ!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
Leave a Reply