ഷാനോ എം കുമരൻ
പ്രൊഡക്ഷൻ ഷെഡ്യൂൾ ചെയ്തിട്ട് ഒരു ആവർത്തി ഫാക്ടറിയുടെ അകത്തുകൂടെ ഞാൻ നടന്ന് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. എല്ലാം നല്ലരീതിയിൽ പോകുന്നുണ്ട്. സൂപ്പർവൈസർ മുക്‌സിൻ ഉഷാറാണ്. അവനെ വച്ചാണ് ഫാക്ടറിയിലെ തൊഴിലാളികളെ കൊണ്ട് ഊർജ്ജിതമായി പണിയെടുപ്പിക്കുന്നത്. കാര്യം ഞാൻ ഫാക്ടറി മാനേജർ ആണെങ്കിലും അസാമാന്യമാം വിധം കായബലമുള്ള കറുത്ത കാപ്പിരികളെ നിയന്ത്രിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. ഭയം ആണെന്ന് വേണമെങ്കിൽ പറയാം. കിഴക്കൻ ആഫ്രിക്കയിലെ തൻസാനിയൻ കാടുകൾക്കു നടുവിലൂടെ കുതിച്ചു പായുന്ന ഹൈവേയിലെ ആ ചെറു പട്ടണത്തിലെ മിഠായി ഫാക്ടറിയിൽ അല്പം വെളുത്തതായി ഞാൻ മാത്രം. രണ്ടു നേരവും ഭംഗിയായി കിട്ടാറുള്ള ഉഗാളി എന്ന ചുവയില്ലാത്ത ഉപ്പുമാവിന്റെ ഉറപ്പിന്മേൽ നിത്യവും ജോലിക്കെത്തുന്ന നീഗ്രോകളെന്നു ഏഷ്യനും യൂറോപ്യനും മറ്റും വിളിക്കുന്ന കാരിരുമ്പിനെയും കയ്യിൽ വച്ച് വളയ്ക്കുന്ന ബലിഷ്ഠകായന്മാരെ ഞാൻ കേവലമൊരു കമ്പനി മാനേജർ എങ്ങനെ നേരിടാനാണ്. ഭാഗ്യമെന്നോണം അവരിൽ അസാമാന്യ നേതൃപാടവം ഉള്ള മുക്‌സിനാണ് എന്റെ സഹായത്തിനുള്ള സൂപ്പർവൈസർ. ഭാഗ്യമല്ലാതെന്തു പറയാൻ. തമ്പുരാന് ഒരു പ്രത്യേക നന്ദി.
തീവണ്ടികളുടെ ചൂളം വിളികളെ തെല്ലു നാണിപ്പിക്കും വിധം ഫാക്ടറിയിലെ മെഷീനുകൾ ഓടിത്തുടങ്ങി. കോലു മിറായികൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞു പെട്ടികളിലേക്കു വഴുതി വീണുകൊണ്ടിരുന്നു. അവയിങ്ങനെ കൺവെയർ ബെൽറ്റിലൂടെ തന്നെ നുണയുവാൻ വിധിക്കപെട്ടവനെ കാത്തു ഗോഡൗണിലേക്കു പോകുന്ന ഒരു കാഴ്ച അല്പം നയാനന്ദകരമാണ്. ഒരെണ്ണം എടുത്തു വായിലിട്ടു മെല്ലെ കടിച്ചു നോക്കി. പൊട്ടുന്നില്ല ഉം. കുക്കറിന്റെ താപം ശരിയായ രീതിയിലാണ്. സമാധാനം. വായിൽ കിടന്ന കോലു മിറായി നുണഞ്ഞു കൊണ്ട് ഞാൻ മെല്ലെ വാതിലിനു പുറത്തേക്കു നടന്നു. മുതലാളി ജസ്റ്റിൻ സിൽവിംബാ അവിടെയുണ്ട് പുറം പണിക്കാരുടെ നേതാവ് ശ്രീമാൻ കിലോലയ്ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി കൊണ്ട് നില്കുന്നുണ്ടവിടെ. ഞാൻ അവിടേയ്ക്ക് ചെന്ന് അഭിവാദനം ചെയ്തു. പ്രത്യഭിവാദനത്തോടൊപ്പം ഒരു സിഗരറ്റു എന്റെ നേർക്ക് നീട്ടി. ഞങ്ങൾ രണ്ടാളും അന്നത്തെ മിഠായി ഉത്പാദനത്തെ പറ്റി ഒരു ചെറു സംഭാഷണം നടത്തി. ചുണ്ടിലെരിഞ്ഞ സിഗരറ്റ് തീർന്നതും മുതലാളി അയാളെക്കാളും ഉയരമുള്ള പിക്ക് അപ്പ് ട്രക്കിലേക്ക് ചാടിക്കയറി പൊടിപറത്തി കൊണ്ട് ഓടിച്ചു പോയി. മുറ്റത്താണെങ്കിലും വേഗത അയാളുടെ മുഖമുദ്രയാണ്.
ബ്രേക്ക് ഫാസ്റ്റിനു ശേഷം പുകച്ചു തള്ളുവാൻ അയാളോട് ഒരു സിഗരറ്റ് കൂടി ചോദിയ്കുവാൻ മറന്നു പോയതിൽ കുണ്ഠിതപ്പെട്ടു ഞാൻ അകത്തേയ്ക്കു നടന്നു.
മുക്സിൻ കാത്തു നിൽപ്പുണ്ട്. ആദ്യ ബാച്ച് മിഠായി ഉണ്ടാക്കി കഴിഞ്ഞിരിയ്ക്കുന്നു. പാക്കിങ് തുടങ്ങണം. പാക്കിങ് മെഷീന്റെ ബെൽറ്റ് ഒരു പക്ഷെ പൊട്ടിപോകുവാൻ സാധ്യതയേറെ ആണ്. ഒരു ബലത്തിന് ഞാൻ കൂടെ വേണം. അതിനാണയാൾ എന്നെ കാത്തു നിന്നത്. അവന്റെ ആവശ്യവും സാധിച്ചു കൊടുത്തിട്ട് ഞാൻ മെല്ലെ എന്റെ കസേരയിൽ വന്നിരുന്നു. ഇന്ന് പേപ്പർ വർക്ക് അല്പം കുറവാണ്. ഇന്നലെ കൂടുതൽ തീർത്തു വച്ചിരിക്കുന്നു.
അലസമായ മനസ്സു മടി പിടിച്ചിരിയ്ക്കുന്നു.
കണക്കപിള്ള ഇമ്മാനുവേൽ ഇനിയും വന്നിട്ടില്ല. എന്ത് പറ്റി എന്തോ. അവനുണ്ടെങ്കിൽ അവനോടു അല്പം ഇംഗ്ലീഷ് പറഞ്ഞിരിയ്ക്കാമായിരുന്നു. ബോറിങ് തന്നെ.
സ്വന്തം കയ്യാൽ ഇട്ട ഒരു കാപ്പിയും ഊതികുടിച്ചു കൊണ്ടങ്ങനെ ഇരുന്നു. പഞ്ചസാര തീർന്നു പോയിരിയ്ക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി. കാര്യം പറഞ്ഞാൽ പ്ലാന്റിൽ ടൺ കണക്കിനു പഞ്ചസാര ഉണ്ട്. വേണ്ട ഇന്ന് ഞാനതിൽ നിന്നും സ്വകാര്യ ആവശ്യത്തിനല്പം കടം കൊണ്ടാൽ കാപ്പിരികൾ അത് ഒരു പക്ഷെ ശീലമാക്കിയേക്കാം. ഞാന്നെന്തിനാ വെറുതെ ഒരു വയ്യാവേലിയെടുത്തു കക്ഷത്തിൽ വയ്ക്കുന്നത്. മധുരമില്ലാത്ത കട്ടൻ കാപ്പിയ്ക്ക് നല്ല രുചിയുണ്ടെന്ന് ഞാൻ അന്ന് കണ്ടെത്തി. ആരോഗ്യം മുഖ്യം പ്രമേഹത്തിനു വിട.
ചുണ്ടിൽ കാപ്പി കപ്പുമായി പ്ലാന്റിലേക്ക് നോക്കിയിരിയ്ക്കുമ്പോൾ ഒരാശ. സ്വല്പം മ്യൂസിക് കേൾക്കാം. ഫോണെടുത്തു മെമ്മറി കാർഡിൽ ഒന്ന് പരതി.
‘തൊട്ടാൽ വാടീ ….നിന്നെയെനിക്കെന്തിഷ്ടമാണെന്നോ …. ‘
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചിയുടെ ആലാപന മാധുര്യം ആസ്വദിച്ചങ്ങനെ കാപ്പി കപ്പു വറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. മുന്നിൽ ഒരുത്തൻ അതാ എന്നോട് ചോദിക്കാതെ എന്റെ ഫോണിലെ പാട്ടും അസദിച്ചങ്ങനെ നിൽക്കുന്നു. സൂത്രക്കാരനായ ഇദ്രിസ്സാ
പാക്കിങ്ങിൽ മുക്‌സിന്റെ കണ്ണ് വെട്ടിച്ചവൻ വന്നങ്ങനെ നിൽപ്പാണ് പാട്ടും കേട്ട്. എനിക്കതെങ്ങോട്ട് ദഹിച്ചില്ല. രൂക്ഷമായി അവനെ ഞാനൊന്നു നോക്കി. നോട്ടത്തിന്റെ പൊരുൾ ഗ്രഹിച്ചതിനാലാവണം അവൻ ഓടിപ്പോയി.
ഞാൻ ആലോചിച്ചു. എപ്പോഴൊക്ക ചിത്ര ചേച്ചിയുടെ പാട്ടുകൾ ഞാൻ കേൾക്കുന്നോ അപ്പോഴൊക്കെ ഇദ്രിസ്സ അവിടെയുണ്ടാകും. പിന്നീട് ഞാൻ അവനോടു അതിനെക്കുറിച്ച് ആരാഞ്ഞു. അപ്പോഴവൻ പറഞ്ഞ മറുപടി എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവനു വലിയ ഇഷ്ടമാണത്രെ. മാത്രവുമല്ല അവനു ചിത്ര ചേച്ചിയുടെ പേരും അറിയാം. എന്റെ തല അല്പമൊന്നുയർന്ന് സഗൗരവം മലയാളിയെന്ന ബോധത്തെ തലയിലേറ്റി. വെറുതെ ഒരു അഹം ഭാവം അത്താഴപട്ടിണിക്കാരനായ അവന്റെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന ഒരല്പനായി ഞാൻ മാറിയോ ….?
അവനു വേണ്ടി അല്ലെങ്കിൽ അവനെ കേൾപ്പിയ്ക്കുന്നതിലൂടെ എനിയ്ക്കെന്തോ ഒരു നിർവൃതി. അനാവശ്യമായ ഒരു നേരമ്പോക്ക്. ഒരിയ്ക്കൽ അവനെന്നോട് ചോദിച്ചു ” ബോസ്സ്, ബോസ്സിന്റെ ഫോൺ എനിക്ക് തരുമോ ”
എന്തിനാ നിനക്കെന്റെ ഫോൺ? കൗതുകത്തോടെ ഞാൻ ആരാഞ്ഞു.
എനിക്ക് നിങ്ങളുടെ ഫോണിലുള്ള പാട്ടുകൾ കേൾക്കുവന്നാണ്. അവന്റെ താഴ്ന്ന ശബ്ദത്തിലുള്ള മറുപടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ അല്പം ചിരി വന്നു. അതെന്റെ മുഖത്ത് പ്രകടമായിരുന്നു താനും.
ഞാൻ ആ തമാശ മുക്‌സിനുമായി പങ്കു വച്ചു.
മുക്‌സിൻ എന്നോട് പറഞ്ഞു. ഇദ്രിസ്സ കാര്യമായിട്ടാണ് നിങ്ങളോട് അത് ചോദിച്ചത്. അവനു നിങ്ങൾ കേൾക്കുന്ന പാട്ടുകൾ വലിയ ഇഷ്ടമാണ് . അത് കേട്ട് മിണ്ടാതിരുന്ന എന്നോട് അവൻ ഇത്രയും കൂടി പറഞ്ഞു. വലിയ ശമ്പളം വാങ്ങുന്ന നിങ്ങൾക്കു ഈ ഫോൺ നിസ്സാരമല്ല ബോസ് . സൂപ്പർവൈസറുടെ ആ അനാവശ്യമായ ഇടപെടൽ എന്നെ അല്പം ചൊടിപ്പിച്ചു. നീ നിന്റെ കാര്യം നോക്ക് എന്നായി ഞാൻ. അതോടു കൂടി അവൻ അടങ്ങി. ഞാൻ ചിന്ത തുടങ്ങി. ശെരിയാണ് അവൻ പറഞ്ഞത്. മാസം നല്ലൊരു തുക ശമ്പളമായി വാങ്ങുന്ന എനിക്ക് നാട്ടിൽ ജോസഫേട്ടന്റെ കടയിൽ നിന്നും രണ്ടായിരത്തു അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരു സ്പെയർ ഫോൺ ഒരു ബാധ്യത അല്ലേയല്ല. സ്മാർട്ട് ഫോൺ വേറെയുണ്ട് താനും. എങ്കിലും ഫോൺ കൈ വിട്ടു കളയുവാൻ മനസ്സനുവദിച്ചില്ല. ഒപ്പം ഇദ്രിസ്സയുടെ ദാരിദ്ര്യം എന്നെ പിടിച്ചുലയ്ക്കുന്നുമുണ്ട്. ഒടുവിൽ ഞാൻ അവനോടു പറഞ്ഞു. ശെരി ഇന്നൊരു ദിവസത്തേയ്ക്ക് മാത്രം തരാം. നീ പാട്ടു കേട്ടിട്ട് എനിയ്ക്കു നാളെത്തന്നെ തിരികെ തരണം സമ്മതമാണോ. അതെന്നവൻ തലകുലയ്ക്കി. അനാവശ്യമായി യാതൊരു ഉപയോഗവുമില്ലാതെ കാശിന്റെ പുളപ്പു കൊണ്ട് മാസാമാസം ചാർജ് ചെയ്തിരുന്ന സിം കാർഡ് ഊരി പേഴ്സിൽ വച്ചിട്ട് ഒരു രാത്രി പാട്ടുകൾ കേൾക്കുവാൻ എന്റെ രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഫോൺ അവനു കൈ മാറി. അവനും കേൾക്കട്ടെ നമ്മുടെ പാട്ടുകൾ. മലയാളത്തിന്റെ വസന്തഗാനങ്ങൾ കാപ്പിരിയുടെ വീടുകളിലും അലയടിക്കട്ടെ. ഒരേയൊരു രാത്രി. സാരമില്ല സഹിച്ചു കളയാം. പിറ്റെന്നാൾ രാവിലെ തന്നെ ഫോൺ തിരികെ വാങ്ങിക്കണം എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നുവെങ്കിലും ആവശ്യമില്ലാതെ ഉള്ളിൽ കുടിയിരിയ്ക്കുന്ന ഗർവ് അനുവദിച്ചില്ല. ഞാൻ ഇദ്രിസ്സയെപോലെ മുക്‌സിനെപോലെ കേവലമൊരു തൊഴിലാളിയല്ല. ഫാക്ടറി മാനേജർ ആണ് . അതി രാവിലെ തന്നെ ഫോൺ തിരികെ വാങ്ങി തരം താഴരുതല്ലോ. വരട്ടെ അവനായിട്ടു തരുമല്ലോ പിന്നെന്തിനാ ധൃതി.
എല്ലാവരും ഉച്ച ഭക്ഷണം വരെ കഴിഞ്ഞു. അവനിതു വരെ എന്റെ ഫോൺ തിരികെ തന്നില്ല. ഞാനെത്തി നോക്കി അവനെവിടെയെന്നു അവനതാ വർക്ഷോപ്പിൽ ജോർജുമൊത്തു സൊറ പറഞ്ഞിരിയ്ക്കുന്നുണ്ട്. മേമ്പൊടിയായി മലയാളം പാട്ടുകൾ കേൾക്കാം. അത് ശെരി. ആവട്ടെ നോക്കാം. വൈകുന്നേരമായി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവരും രെജിസ്റ്ററിൽ ഒപ്പിട്ടു അവനും. എന്റെ ഫോൺ തരാനുള്ള മട്ടൊന്നും കാണുന്നില്ല. ഞാനൊട്ടു ചോദിച്ചതുമില്ല. അവനെന്റെ മുഖത്ത് നോക്കിയത് പോലുമില്ല. അവനോട് എന്റെ ഫോൺ തിരികെ തരിനെടാ കള്ള കരിമ്പാറ കാപ്പിരി മോനെ എന്ന് ചോദിക്കണമെന്നുണ്ട്. എന്തോ തോന്നുന്നില്ല അതിന്. നാവിനെന്തോ വിഷമം നേരിട്ടതു പോലെ. വരട്ടെ നാളെ ചോദിക്കാം. നാളെ വന്നു മറ്റന്നാളും അതിന്റെ പിറ്റെന്നാളും വന്നു പോയി. അങ്ങനെ പല ദിനങ്ങളും എന്നെ ചുറ്റി കടന്നു പോയി എന്റെ ഫോൺ മാത്രം തിരികെ വന്നില്ല. എന്റെ ഫോണിലെ എന്റെ പ്രിയപ്പെട്ട മലയാളത്തിന്റെ മനോഹരങ്ങളായ സുവർണ്ണ ഗീതങ്ങൾ എന്റെ ചെവികളിൽ അവൻ്റെ കീശയിൽ നിന്നും പലപ്പോഴായി അലയടിച്ചു. എന്നും ഞാൻ അവനോടു എന്റെ ഫോൺ തിരികെ തരുവാൻ ആവശ്യപെടുന്നതിനായുള്ള ഒരുക്കങ്ങൾ എന്റെ മനസ്സിൽ ഞാൻ നടത്തും. എന്തോ എനിക്കതിനു കഴിഞ്ഞിരുന്നില്ല. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്താണെന്റെ നാവു നിശ്ചലമായിരിയ്ക്കുന്നതെന്ന്. എന്റെ ഉൾനാവിൽ ഞാൻ ദേഷ്യത്തിന്റെ ഒരു മാലപടക്കത്താൽ ഒരു പാട് വാചകങ്ങൾ എഴുതി ചേർത്തു എന്റെ പാട്ടുകൾ എനിക്ക് തിരികെ ലഭ്യമാക്കുന്നതിന്. പക്‌ഷേ, എനിക്ക് മുന്നിലൂടെ അവൻ മലയാളം പാട്ടുകൾ ആസ്വദിച്ച് കൊണ്ട് ഉരു ജേതാവിനെപോലെ നടന്നു. എനിക്കവനോട്, കേവലം എന്റെ ഒരു തൊഴിലാളിയോട്, എന്റെ കൈവശം എന്റെ മാത്രമായിരുന്ന ഒന്ന്. അതും ഒരു രാത്രിയിലേക്ക് കടം കൊടുത്ത ഒന്ന് തിരികെ വാങ്ങുവാൻ കഴിയാത്തത് എന്ന വിചാരം എന്നെ തീർത്തും ആശങ്കാകുലനാക്കിയിരിയ്ക്കുന്നു. ഞാൻ മനസ്സിലാക്കി എനിക്കവനോട് ആ ഫോൺ തിരികെ ചോദിക്കുവാൻ കഴിയില്ലായെന്ന്. ഏതോ ഒരു അദൃശ്യ ശക്തിയാലെന്നവണ്ണം എന്റെ നാവുകൾ കെട്ടുപിണഞ്ഞു പോകുന്നു. എന്റെ ഫോണൊഴികെ എനിക്കവനോട് മറ്റെല്ലാം സംസാരിയ്ക്കുവാൻ കഴിയുന്നുണ്ട്. പക്ഷെ … ഇത് മാത്രം കഴിയുന്നില്ല.
ഞാൻ ഈ വസ്തുത എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനോട് എന്റെ ദുരവസ്ഥയെപ്പറ്റി പറഞ്ഞു കൊണ്ട് ഞാൻ ആകുലചിത്തനായി. ഫോണിന്റെ അങ്ങേത്തലയ്ക്കലിരുന്നവൻ പറഞ്ഞുതന്നത് മുഴുവനും കാപ്പിരികളുടെ നാട്ടിലെ ഭയപെടുത്ത കറുത്ത മന്ത്രവാദങ്ങളെ പറ്റിയായിരുന്നു. ബ്ലാക്ക് മാജിക് കൺകെട്ടുവിദ്യ പോലെ നാവു കെട്ടുന്ന കൈമന്ത്രവാദങ്ങൾ. സ്നേഹിതന്റെ വാക്കുകൾ ശെരി വയ്ക്കുന്നതായിരുന്നു എന്റെ അനുഭവങ്ങൾ. ഏതോ ദുർമന്ത്രത്താൽ നാവു ബന്ധിച്ചപോലെ തന്നെയായിരുന്നു എന്റെ അവസ്ഥയത്രയും.
നഷ്ടപ്പെട്ടുപോയ ഫോൺ അത്ര വലുതല്ലെങ്കിലും അവന്റെ കൂടെ മാനേജർ ആയിരുന്ന എന്റെ ബന്ധനാവസ്ഥയെപ്പറ്റി വർഷങ്ങൾക്കിപ്പുറം ആലോചിയ്ക്കുമ്പോൾ ഇപ്പോഴും എനിയ്ക്കുത്തരം കിട്ടാത്ത ഒരു സമസ്യയായി ഇദ്രിസയും കൈനഷ്ടം വന്ന ചിത്രച്ചേച്ചിയുടെ പാട്ടുകളും ഒരു പുക മഞ്ഞായി കറുത്ത മൂടൽ മേഘങ്ങൾ പോലെ എന്റെ ചിന്തകളെ മറയ്ക്കുന്നു.
ഒരു സംശയം മാത്രം ബാക്കി. സത്യമായിരിയ്ക്കുമോ. കാപ്പിരിയുടെ നാട്ടിലെ ബ്ലാക്ക് മാജിക്. !
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
Leave a Reply