ഷാനോ എം കുമരൻ

തല പൊന്തിക്കാനാവുന്നില്ല ചന്ദ്രദാസ് എന്ന ചന്ദു കിടക്കയിൽ നിന്നും എഴുന്നേൽക്കുവാൻ നന്നേ പരിശ്രമിച്ചു. അതിശക്തമായ തലവേദന. വിസ്കിയും ബിയറുമെല്ലാം കൂടെ എത്ര പെഗ് കുടിച്ചു എന്ന് ഓർമ്മയില്ല. തലേദിവസം അസോസിയേഷന്റെ കലാമേളയിൽ നടന്ന വടം വലിയിൽ വിജയിച്ചത് ചന്ദ്രദാസിന്റെ ടീം ആയിരുന്നു. അതിന്റെ ആഘോഷം ടീമംഗങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിച്ചതാണ്. അയാൾ ഒരു വിധം എഴുന്നേറ്റു. ഭാര്യ അവിടെ ഇല്ല വാതിൽപുറകിലെ കൊളുത്തിൽ നോക്കി അവളുടെ വണ്ടിയുടെ താക്കോൽ കാണുന്നില്ല. അവൾ ഡ്യൂട്ടിക്ക് പോയിരിക്കുന്നു. നന്നായി ഇല്ലെങ്കിൽ ഇപ്പോൾ മുതൽ അവളുടെ വായിലിരിയ്ക്കുന്ന ചീത്തവിളി കേട്ടു തുടങ്ങിയേനെ.

കുട്ടികളുടെ സ്കൂൾ ബാഗുകളും കാണാനില്ല. അവരെ സ്കൂളിൽ ആക്കിയിട്ടാവണം അവൾ പോയത്. കാലുകൾ വഴുക്കുന്നു ചന്ദ്രദാസ് താഴേക്ക് നോക്കി. രാത്രിയിൽ എപ്പോഴോ ഒരു പോരാളിയെപോൽ താൻ വാള് വച്ചിരിക്കുന്നു വല്ല വിധേയനയും അയാൾ വാഷ് റൂമിലെത്തി. കാലും കയ്യും മുഖവും കഴുകി. തല പെരുകുന്നു ദാഹമോ അതിനപ്പുറം ഷവർ പൈപ്പ് ഓൺ ചെയ്തു വായ പൊളിച്ചു മേലേക്ക് നോക്കി നിന്നു ഷവർ പൈപ്പിൽ നിന്നും ദേഹത്തേക്ക് മഴയായി പതിച്ച വെള്ളത്തെ മുഴുവനും അയ്യാൾ കുടിച്ചിറക്കി അത്രമേലുണ്ട് ദാഹം.

അഴുക്കു പുരണ്ട വസ്ത്രങ്ങൾ മാറി അയാൾ അടുക്കളയിലെയും സ്റ്റോർ റൂമിലെയും അലമാരകളിൽ തപ്പി തിരഞ്ഞു. ഒഴിഞ്ഞ കുപ്പികളിൽ ഒന്നും തന്നെ മിച്ചമുണ്ടായിരുന്നില്ല. ഒരു പെഗ് കിട്ടിയിരുന്നെങ്കിൽ തലയൊന്നു നേരെ നിർത്താമായിരുന്നു. ചന്ദ്രദാസ് സ്വന്തം വണ്ടിയുടെ താക്കോലെടുത്തു. ഒരു കുപ്പി വാങ്ങി ഒരെണ്ണം ഒരു ആന്റി ഷോട്ട് അകത്താക്കിയാൽ തലയുടെ നശിച്ച ആട്ടം നിർത്താമായിരുന്നു. പേഴ്‌സ് എടുത്തു പാന്റ്സിന്റെ പുറകു കീശയിൽ തിരുകി അയാൾ അൻപതാം നമ്പർ ഫ്ലാറ്റിന്റെ വാതിൽ തുറന്നു.

പുറത്തെ കൈ പിടിയിൽ ഒരു പ്ലാസ്റ്റിക് ബാഗ് തൂക്കിയിട്ടിരിക്കുന്നു. എന്താണത്. അയാളത് എടുത്തു നോക്കി. അതിലതാ നാലഞ്ചു ബോട്ടിൽ ബിയർ കുപ്പികൾ ഇന്ന് വരെ കുടിച്ചിട്ടില്ലാത്ത ബ്രാൻഡ്. ചന്ദ്രദാസ് ശരിക്കും ആശയക്കുഴപ്പത്തിലായി. ഇതെങ്ങിനെ ഇവിടെ വന്നു, ആരാണ് ഇതിവിടെ കൊണ്ട് വന്നിട്ടത്‌ ? ഇനി ഇന്നലത്തേതിന്റെ ബാക്കിയാണോ അറിയില്ല ഒരെത്തും പിടിയും കിട്ടുന്നില്ല അയാൾ ആ ബാഗിലെ കുപ്പിയുമായി അകത്തേക്ക് നടന്നു. എന്തായാലും രാവിലെ ഒരെണ്ണം വാങ്ങുവാൻ പുറപെട്ടതാണല്ലോ വീട്ടു പടിക്കൽ തന്നെ സാധനം കിട്ടിയത് വലിയ ഉപകാരമായി. അയാളതിൽ ഒരു കുപ്പി പൊട്ടിച്ചു അടി തുടങ്ങി. ഫ്രിഡ്ജിൽ പരതി നോക്കി. എന്തെങ്കിലും ഉണ്ടോ കഴിക്കുവാൻ. അയാൾ നിരാശനായി കിച്ചണിലോ ഫ്രിഡ്ജിലോ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല ഒന്ന് നാവിൽ തൊട്ടു നക്കുവാൻ. അച്ചാറു കുപ്പിയുടെ കഴുത്തു ഞെരിച്ചു അയാൾ നാവിൽ തൊടുവിച്ചു. ഒരു രുചിയുമില്ല. ഇന്നലെ രാത്രിയിൽ അത്രയേറെ സിഗരറ്റ് വലിച്ചു തള്ളിയിരിക്കുന്നു. എങ്കിലും, ഈ ബിയർ കുപ്പികൾ എവിടെ നിന്ന് വന്നു ?
ആലോചിച്ചിട്ടും എങ്ങുമെങ്ങും എത്തുന്നില്ല. ആ ബിയർ കുപ്പികൾ തലേദി

വസത്തെ ഒരു സംഭവങ്ങളുമായും കണക്ട് ആവുന്നേയില്ല. ഫോണെടുത്തു ജഗദീഷിനെ വിളിച്ചു ” ഡാ ജഗ്ഗു എന്റെ ഡോറിൽ ഒരു ബാഗിൽ നാല് കുപ്പി ബിയർ ആരോ തൂക്കിയിട്ടിരിയ്ക്കുന്നു എവിടെ നിന്നാണെന്നൊരു പിടിയും കിട്ടുന്നില്ല. ”

ജഗദീഷ് ഉള്ളിൽ ചിരിയോടെ ചോദിച്ചു. ” എന്നിട്ടതെവിടെ ”
” അത് ഞാനിപ്പം കേറ്റികൊണ്ടിരിയ്ക്കുവാ ആന്റിഷോട്ട് ”
” ഓക്കേ ഓക്കേ ഫ്ളാറ്റിലല്ലെടാ ആരെങ്കിലും ഡോർ മാറി വച്ചിട്ട് മറന്നു പോയതായിരിയ്ക്കും. എന്തായാലും നിനക്കതു രാവിലെ തന്നെ കിട്ടിയല്ലോ കേറ്റ് കേറ്റ് …” ജഗദീഷ് ഫോൺ വച്ചു. ചന്ദ്രദാസ് ഫോണെടുത്ത് ഇന്നലെ കൂടെ കഴിക്കുവാനുണ്ടായിരുന്ന സുഹൃത്തുക്കളെയെല്ലാം ഓർത്തെടുത്തു ഫോൺ ചെയ്തു അജ്ഞാതനായ ബിയർ കുപ്പികളെക്കുറിച്ചു സഗൗരവം ആരാഞ്ഞു. എന്നാൽ ആർക്കും തന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. അവസാനം ജോൺസൺ ആണ് ചെറിയൊരു സാധ്യത സംശയരൂപേണ സൂചിപ്പിച്ചതു. ” അളിയാ കഴിഞ്ഞ ആഴ്ച ലിഫ്റ്റിൽ ഒരു പട്ടിയെയും കൊണ്ട് കയറിയ ഒരുത്തനോട് ഏണി പിടിച്ചതോർമ്മയുണ്ടോ “?
” ആര് ആ …..വരെ ടാറ്റൂ അടിച്ചവനോ … പിന്നെ ലിഫ്റ്റിൽ കടിക്കണ പട്ടിയേം കൊണ്ട് വന്ന ആ ………മോനെ പിന്നെയെന്നാ പൂവിട്ടു തൊഴാനോ .”
” ആ അവിടെയൊക്കെ ടാറ്റൂ ഉണ്ടോന്നു എനിക്കറിയാന്മേല അതൊക്കെ കണ്ടിട്ടുള്ളവർക്കേ അറിയാവൂ.

എനിക്കെന്തായാലും ഒന്നറിയാം അവൻ ഒരു സാത്താൻ സേവക്കാരനാ അവൻ മാത്രമല്ല അവന്റെ കൂടെയുള്ള ആ കുണ്ടൻ …….നും …. ചിലപ്പോൾ അവന്മാര് നീ തെറി വിളിച്ചതിനു റിവഞ്ചിട്ടതാകും … ബിയറിൽ സാത്താൻ സേവാ ….. നീ ഉപയോഗിച്ചിട്ടില്ലാത്ത ബ്രാൻഡ് ആണെന്നല്ല പറഞ്ഞത്. അപ്പോൾ സംഗതി ശെരിയാ സംഭവം അത് തന്നെ നാടൻ ഭാഷയിൽ പറഞ്ഞാൽ ബിയറിൽ കൂടോത്രം “ കള്ളിന്റെ പുറകെ കള്ള് ഒഴിച്ചു ഉന്മത്തമായ തലയോട് കൂടി പുകഞ്ഞിരിയ്ക്കുന്ന ചന്ദ്രദാസിന്റെ ചിന്താമണ്ഡലങ്ങളിൽ വെറുതെ കുറച്ചു കനൽ വാരിയിട്ടു ജോൺസൻ ഫോൺ കട്ട് ചെയ്തു. ചന്ദ്രദാസ് വീണ്ടും ചിന്തയിലാണ്ടു. ഇനിയെങ്ങാനും സത്യമായിരിയ്ക്കുമോ അവൻ പറഞ്ഞത്. കഴിഞ്ഞയാഴ്ച സ്കൂളിൽ നിന്നും കുട്ടികളുമായി വന്നു ലിഫ്റ്റിൽ കയറുമ്പോഴാണ് ദേഹമാസകലം പച്ചകുത്തിയ ശിഖണ്ഡീ ഭാവത്തോടെയുള്ള നടത്താവുമായി കയ്യിലൊരു മെലിഞ്ഞുണങ്ങിയ പട്ടിയെയും കൊണ്ട് കിളരം കൂടിയ ആ വെള്ളക്കാരൻ പൊടുന്നനെ ലിഫ്റ്റിലേയ്ക്ക് ചാടി കയറിയത്.

പട്ടിയെയും പച്ചകുത്തി വികൃതരൂപിയായ അവനെയും കൂടെ കണ്ടപ്പോൾ കുട്ടികൾ ഭയന്ന് നിലവിളിച്ചു. അപ്പോഴാണ് താൻ അയാളോട് വഴക്കുണ്ടായിക്കിയത്. എന്നാൽ അടുത്ത ഫ്ലോറിൽ പട്ടിയെയും കൊണ്ട് ഇറങ്ങിപോകുമ്പോൾ രൂക്ഷവും വശ്യവുമായ നോട്ടത്തോടെ എന്റെ നേർക്ക് അവൻ കൈ വീശി നൽകിയ ഫ്ലയിങ് കിസ് തന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നുവെന്നു ചന്ദ്രദാസ് ഓർത്തെടുത്തു. അന്ന് ഭാര്യ പറഞ്ഞാടാണ് അവനൊക്കെ വല്ല പണിയും ഒപ്പിക്കുമെന്നു ആവശ്യമില്ലാത്ത വയ്യാവേലികളെടുത്തു തലയിൽ വയ്ക്കരുതെന്നു ഇതിപ്പോൾ എന്താണ് സംഭവിച്ചത് എന്തായാലും ബിയറല്ലേ തീർക്കുക തന്നെ.
അല്പം കഴിഞ്ഞു മറ്റൊരു സുഹൃത്തായ ബിനോയ് വിളിച്ചു ” ഡാ ചന്ദ്രു നീ എങ്ങാനും വാള് വച്ചോ ” ? മുഖവുരയില്ലാത്ത ഒരു ചോദ്യം. ” വാളോ ആര് “?!
” അല്ല നിന്റെ ഫ്ലാറ്റിൽ ആരോ ബിയറിൽ പണി തന്ന് എന്നറിഞ്ഞു. സംഭവം ഉള്ളതാണെങ്കിൽ നീ വാള് വയ്ക്കും അതും ചോര “!!!!
” പോടാ മലരുകളെ ഇങ്ങോട്ടു ഉണ്ടാക്കാതെ …#*%..” കേൾക്കുവാൻ ശക്തി പോരാഞ്ഞിട്ടായിരിയ്ക്കാം ബിനോയ് അങ്ങേത്തലയ്ക്കൽ നിന്നോടിക്കളഞ്ഞു. ആലോചനയിലാണ്ടു പോയ ചന്ദ്രദാസിന് എന്തൊക്കെയോ വീർപ്പു മുട്ടലുകൾ അനുഭവപെട്ടു തുടങ്ങി. ഓക്കാനം വരുന്നപോലെ ഒരു തികട്ടൽ. സഞ്ചിതമായ ചിന്തകൾ തലച്ചോറിൽ കിടന്നു ഉരുണ്ടു മറിഞ്ഞു വാഷ് റൂം വരേയ്ക്കും ഓടിയെത്തും മുന്നേ ചന്ദ്രദാസ് ശർദ്ദിച്ചു വളരെയധികം കൂടിയ രീതിയിൽ വന്യമായ രീതിയിൽ അയാളുടെ അടിവയറു വരെ ഉഴുതു മറിച്ചു കൊണ്ട് അയാളുടെ ആമാശയം ശൂന്യമായി.

ചന്ദ്രദാസിന്റെ കിളി പറന്നു പോകുന്ന രീതിയിൽ ആയിരുന്നു അയാളുടെ വായിൽ നിന്നും ബഹിർഗമിച്ചതെല്ലാം.
തുടർച്ചയായി ശർദ്ദിച്ചതിനാൽ ചന്ദ്രദാസ് തീർത്തും അവശനായി കാണപ്പെട്ടിരുന്നു.
ബോധം വരുമ്പോൾ ഭാര്യ തറ തുടയ്ക്കുകയാണ്. അച്ഛൻ ശർദ്ദിച്ചതിനാൽ അച്ഛനെന്തോ അസുഖമെന്നു കരുതി കുട്ടികൾ അടുത്തിരുന്നു വിമ്മിഷ്ടത്തോടെ കണ്ണുകൾ തുടയ്ക്കുന്നുണ്ട് , അയാൾ മെല്ലെയെഴുന്നേറ്റു ആടിയാടി കുളിമുറിയിലേക്ക് നടന്നു. ഏറെ നേരം ഷവറിനു കീഴെ നിന്നപ്പോൾ തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു. കുളിയും കഴിഞ്ഞു വന്നപ്പോൾ മേശമേൽ ചായയും സ്‌നാക്‌സും എടുത്തു വച്ചിട്ടുണ്ട്. ഭാര്യയുടെ മുഖത്ത് കടുപ്പപ്പെട്ട ഭാവം തുടിച്ചു കാണാം അവളോടെന്തെങ്കിലും സംസാരിക്കുവാൻ അയാൾ ശങ്കിച്ചു ‘ വേണ്ട ഇപ്പോൾ ഒന്നും മിണ്ടണ്ട അവളുടെ ദേഷ്യത്തിന്റെ ആഴം നല്ലപോലെ അറിയുന്നതിനാൽ ചന്ദ്രദാസ് ഒന്നും മിണ്ടാതെ ചായ കുടിച്ചു. പിരി മുറുക്കത്തിനൊരായവുണ്ടാക്കുവാൻ അയാൾ കുട്ടികളോട് അല്പം നർമരസങ്ങളിൽ ഏർപ്പെട്ടു. അയാൾക്കു പിന്നെയും തികട്ടി വന്നു. വാഷ്‌റൂമിലേക്കയാൾ ഒരു ഓട്ടമായിരുന്നു എന്ന് വേണം കരുതാൻ. വലിയ കോലാഹലത്തോടെ ചന്ദ്രദാസ് പിന്നെയും ശർദ്ദിച്ചു. ചോര തന്നെ ചോര. ശബ്ദം കേട്ട് കുട്ടികൾ ഓടിയെത്തി. അവർ അമ്മയെ വിളിച്ചു. ” അമ്മേ ഓടി വാ അച്ഛൻ ശർദ്ദിക്കുന്നു. കുട്ടികൾ നിലവിളി തുടങ്ങി. മൂത്തവൾ കണ്ടു വാഷ് ബേസിനിൽ കിടക്കുന്ന ചോര. അവൾ ഭയ ചകിതയായി വീണ്ടും അമ്മയെ വിളിച്ചു. ” അമ്മേ പെട്ടെന്നൊന്നു വായോ അച്ഛൻ ചോര ശർദ്ദിക്കുവാ. ”

ചന്ദ്രദാസിന്റെ ഭാര്യ അത് കേട്ടതായി പോലും നടിയ്ക്കുകയുണ്ടായില്ല. ചന്ദ്രദാസ് തീർത്തും അവശനായിരുന്നു. അയാൾ ഡൈനിങ് ടേബിളിൽ വച്ചിരിയ്ക്കുന്ന ജാറിൽ നിന്നും ഒരു ഗ്ലാസ്സിലേക്കു വെള്ളം പകർന്നു കുടിച്ചു. ഒരു സഹായത്തിനെന്ന വണ്ണം ഭാര്യയെ നോക്കി. അവർ അയാളെ തെല്ലുപോലും പരിഗണിച്ചില്ല എന്ന് മാത്രമല്ല കുട്ടികളെയും കൊണ്ട് കാറിൽ കയറി എവിടേക്കോ പോവുകയും ചെയ്തു.
ചന്ദ്രദാസ് ആകെ ദുരിതത്തിലായി. ഭാര്യ കടുത്ത എതിർപ്പിലാണെന്നയാൾക്കു മനസ്സിലായി. അയാളുടെ ചിന്തകൾ പല വഴിക്കും തിരിഞ്ഞു മറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചന്ദ്രദാസ് ചോര ശർദ്ദിക്കുന്നു കടും ചുവപ്പിൽ കറുപ്പ് രാശിയുള്ള കട്ട ചോര കറുത്ത മേലങ്കിയണിഞ്ഞ സാത്താൻ രൂപികളായ രൂപങ്ങൾ ഇരു കയ്യുകളിലും കൂർത്ത മുനയുള്ള ദണ്ഡുകൾ ഉയർത്തിപ്പിടിച്ചു അയാൾക്കു ചുറ്റിനും നിന്ന് ഉറഞ്ഞു തുള്ളുകയാണ് സാത്താൻ രൂപികളുടെ ചുമലിൽ ഇരുകാലുകളും ഊന്നി നിന്ന് കറുപ്പ് പട്ടുടുത്തു ഉഗ്രരൂപിണിയായ് അട്ടഹസിച്ചു കൊണ്ട് തന്റെ മേലേക്ക് വലിയ കുപ്പികളിൽ മദ്യം ഒഴിക്കുന്ന തന്റെ ഭാര്യ. അങ്ങനെയൊരു ദുസ്വപ്നം കണ്ടു പരവശനായി ചന്ദ്രദാസ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. തുടരെത്തുടരെ ശർദ്ദിച്ചു അവശനായി സോഫയിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു ചന്ദ്രദാസ്
അയാളെ നല്ലവണ്ണം വിയർത്തിരുന്നു , മീശരോമങ്ങളിൽ ബിയറിന്റെയും ശർദ്ദിച്ചു പോയ അവശിഷ്ടങ്ങളുടെയും നാറ്റം അയാളുടെ ശ്വസന പ്രക്രിയയെ വല്ലാതെ ബുദ്ധിമുട്ടിലാക്കി ഇനിയും താൻ നല്ലപോലെ തേച്ചുരച്ചു കുളിക്കേണ്ടിയിരിയ്ക്കുന്നു.

എവിടെയോ പോയ ഭാര്യയും മക്കളും തിരികെ വന്നിരുന്നു കുട്ടികൾ അയാളുടെ മടിയിൽ കയറിയിറങ്ങി കളിച്ചു. തലയുടെ കനത്ത ഭാരം കുട്ടികളുടെ കൂടെ കളിക്കുവാൻ അയാളെ അനുവദിച്ചില്ല. അയാൾ സിഗരറ്റ് പാക്കറ്റും എടുത്തു ഡോർ തുറന്നു ബാൽക്കണിയിലേക്ക് പോയി അവിടെ നിന്ന് രണ്ടു സിഗരറ്റു ഒന്നിന് പുറകെ ഒന്നായി വലിച്ചു തള്ളി. അയാളുടെ ചിന്തകൾ വല്ലാതെ തകിടം മറഞ്ഞു. ജോൺസൺ പറഞ്ഞ വാക്കുകൾ ചന്ദ്രദാസിന്റെ തലയ്ക്കുള്ളിൽ ഒരു ഭ്രാന്തൻ വണ്ടിനെപ്പോലെ തലങ്ങും വിലങ്ങും പറക്കുന്നത് പോലെ അയാൾക്കു തോന്നി. ഇനിയെങ്ങാനും സാത്താൻ സേവാ ആണോ. നേരിട്ടറിയില്ല ബട്ട് യൂറോപ്പിൽ സാത്താൻ സേവ ചെയ്യുന്നയാളുകൾ ഉണ്ടെന്നൊരു ഒളി സംസാരമുണ്ട്. ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ കാണുന്ന ചിലയാളുകളുടെ രീതികൾ പലപ്പോഴും സാത്താൻ സേവക്കാരെ പോലെയുണ്ടായിരുന്നുവെന്നു ആരൊക്കെയോ പറഞ്ഞതയാൾക്കു ഓർമ്മ വന്നു.

മാസം ഒന്ന് കടന്നു പോയി. ചന്ദ്രദാസും ഭാര്യയും തമ്മിലുള്ള ബന്ധം കുട്ടികളിൽ മാത്രമായി നിലകൊണ്ടു. അവർ പരസ്പരം സംസാരിക്കാറില്ല. ഇതിനിടയിൽ അയാൾ പലതവണ മദ്യപിക്കുവാൻ ശ്രമിച്ചുവെങ്കിലും രക്തച്ചുവയുള്ള ശർദ്ദിലായിരുന്നു ഫലം . അയാളെ അത് നല്ലവണ്ണം ആശങ്കപെടുത്തിയിരുന്നു. കൂട്ടുകാർ ഇപ്പോൾ അധികം വിളിക്കാതെയായിരിക്കുന്നു. താനറിയാതെ തനിക്കെതിരെ സാത്താൻ സേവകന്റെ ബിയർ കൂടോത്ര കഥ പറക്കുന്നതായാൾക്കു മനസ്സിലാവുന്നുണ്ടായിരുന്നു. ചന്ദ്രദാസിനും അതിലെന്തോ കാര്യമുള്ളത് പോലെ തോന്നുകയും ചെയ്തു. കാരണം വീടിന്റെ ഡോറിൽ തൂക്കിയിട്ടിരുന്ന നിലയിലന്നു ലഭിച്ച ബിയർ കുപ്പിയുടെ ഉറവിടം ആർക്കുമറിയില്ല എന്നത് തന്നെ. കൂട്ടുകാർക്കു ആർക്കുമറിയില്ലായിരുന്നു .

ചന്ദ്രദാസിന്റെ നിലവിട്ട മദ്യപാനം അവർക്കിടയിൽ പലപ്പോഴും എക്കചെക്കലുകൾ ഉണ്ടാക്കിയിരുന്നുവെങ്കിക്കും രണ്ടു നാല് ദിവസങ്ങൾക്കപ്പുറം അവരുടെ പിണക്കം നീണ്ടു പോകാറില്ലായിരുന്നു. ഇതിപ്പോൾ മാസമൊന്നു കഴിഞ്ഞു അവർ തമ്മിൽ സംസാരിച്ചിട്ട്. കുട്ടികളുടെ പെരുമാറ്റത്തിലും അവർ തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു. ഇതവസാനിപ്പിച്ചേ മതിയാകു അല്ലെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം നേരിടുവാൻ വലിയ ക്ലേശകരമായ ശ്രമം കൈക്കൊള്ളേണ്ടതായി വരുമെന്നയാൾ ആശങ്കപെട്ടു. ശർദ്ദിക്കുമെന്ന ഭീതിയാൽ അയാൾ മദ്യം ഉപയോഗിക്കുവാൻ ഭയപ്പെട്ടു. പകരം അയാൾ സിഗരറ്റുകൾ ഒന്നൊന്നായി വലിച്ചു തള്ളി. അന്നൊരു വൈകുന്നേരം അയാൾ അടുക്കളയിലേക്കു മെല്ലെ കടന്നു ചെന്നു ഭാര്യ എന്തോ പാചകത്തിലാണ്. ചന്ദ്രദാസ് അല്പനേരം ആലോചിച്ചു നിന്നു , ശേഷമൊന്നു മുരടനക്കി. അവൾ തിരിഞ്ഞു നോക്കിയില്ല പക്ഷെ ഒരു നിമിഷമവൾ അയാളുടെ സാമീപ്യത്തെ നിരീക്ഷിക്കുന്നപോലെ ശ്രദ്ദിച്ചതായി അയാൾക്കു തോന്നി. “ലേഖേ ” അയാൾ മെല്ലെ വിളിച്ചു. മറുപടിയില്ല ഏതാനും മിനിറ്റുകൾ വെറുതെ നോക്കി നിന്ന ശേഷം അയാൾ തിരിഞ്ഞു നടക്കുവാനൊരുങ്ങി ” ഒന്ന് നിന്നേ ”
അവളുടെ പിന് വിളി കേട്ട് അയാൾ മനസ്സിലൊരു മഞ്ഞു കൂട മറിഞ്ഞുവീണപോലെ തിരിഞ്ഞു നിന്നു . ലേഖ അയാളുടെ ഭാര്യ അടുക്കളയിലെ അലമാരയിൽ നിന്നും ഒരു കവർ എടുത്തു അയാൾക്ക് നേർക്ക് നീട്ടി. അയാൾ ഒന്നമ്പരന്നു. അല്പം വിറയ്ക്കുന്ന കൈ വിരലുകൾ കൊണ്ട് ചന്ദ്രദാസ് ആ കവർ വാങ്ങി തുറന്നു നോക്കി. ഇൻഷുറൻസ് കമ്പനിയുടെ കോൺട്രാക്ട് പേപ്പർ ആണ്. ‘ ഇതെന്തിന് ‘ എന്ന ചോദ്യ ഭാവത്താൽ അയാൾ അവളെ നോക്കി. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെ ലേഖ അയാളോട് പറഞ്ഞു. “നിങ്ങള്ക്ക് കള്ള് കുടിച്ചു കൂത്താടണമെങ്കിൽ ആവാം വിരോധമോ തടസ്സമോ ഇല്ല ഇനിയെങ്ങനെ അല്ല ഞങ്ങളുടെ കൂടെ ജീവിക്കണം എന്നാണെങ്കിൽ കുടിക്കാത്ത ഒരാളായിട്ടു മാത്രം മതി ഞങ്ങൾക്ക്. ….. കുടി തുടരുവാണെങ്കിൽ ആ ഇൻഷുറൻസ് ഒന്ന് അപ്ഗ്രേഡ് ചെയ്തേക്ക് ഇപ്പോളുള്ള മൂന്നു കോടി അഞ്ചാക്കി ഉയർത്തിയേക്ക്. തുപ്പുന്നത് ചോരയല്ലേ ആ കുട്ടികൾക്കെങ്കിലും ഉപകാരമാവട്ടെ നിങ്ങളുടെ ഒടുക്കം. ” ചന്ദ്രദാസിന് സർവ്വ അംഗങ്ങളും
ഉടലിൽ നിന്നും വേർപെട്ടു പോകുന്നപോലെ അനുഭവപെട്ടു. അയാൾ ലേഖയുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു അവളുടെ കാലുകളിൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു വലിയവായിൽ നിലവിളിച്ചു തുടങ്ങി. ഉള്ളിൽ പതഞ്ഞു പൊങ്ങിയ കുറ്റ ബോധത്തേക്കാളേറെ സാത്താൻ ബാധയുടെ ചിന്തകളും തൻ നിമിത്തം സൗഹൃദ വലയങ്ങൾക്ക് നടുവിൽ ഏകനായ് പോയവന്റെ നിസ്സഹായാവസ്ഥയായിരുന്നു ബഹിർഗമിച്ചതു. ചന്ദ്രദാസ് ചെയ്തു പോയ അപരാധത്തിന്റെ തീവ്രത എടുത്തു കാണിക്കുവാൻ തക്കതായിരുന്നു അയാളുടെ നിലവിളിയുടെ ആക്കം. അയാളുടെ ബലിഷ്ഠമായ കരങ്ങളുടെ പിടുത്തത്തിൽ നിന്നും കാലുകളെ സ്വതന്തമാക്കി അത്യധികം അവജ്ഞയോടെ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ ലേഖയെ നോക്കി കുട്ടികൾ ” അമ്മേ …..” യെന്നു ദീനമായി വിളിച്ചു. അച്ഛനെ വിട്ടിട്ടു പോകല്ലേ മ് അമ്മേയെന്നൊരു ദൈന്യ ഭാവം കുട്ടികളുടെ മുഖത്ത് ദർശിച്ച ലേഖ അടുത്തുള്ള കസേരയിൽ തളർന്നിരുന്നു. എന്തെങ്കിലുമൊന്ന് പറയുവാൻ അവളുടെ മനസ്സ് അശക്തമായിരുന്നു. കുട്ടികൾ ലേഖയുടെ ഇരുവശത്തുമായി കണ്ണ് നീര് ഒഴുക്കികൊണ്ടു ഏങ്ങലടിച്ചു നിന്ന്. എത്രയോ നേരമെങ്ങനെ നിലത്തു കുത്തിയിരുന്ന് ചന്ദ്രദാസ് ഏങ്ങിയേങ്ങി കരഞ്ഞു എന്നറിയില്ല. ലേഖയുടെ മിഴികളും ഈറനണിഞ്ഞിരുന്നു. ഒടുവിൽ അവൾ സാവധാനത്തിൽ എഴുന്നേറ്റു അയാളുടെ ചുമലിൽ പിടിച്ചു ബദ്ധപ്പെട്ടു എഴുന്നേൽപ്പിച്ചു. ലേഖ അയാളെ ചേർത്ത് പിടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ അവളുടെ നെഞ്ചിൽ തല ആഴ്ത്തി ഒരു ഹിമവാഹിനി പോലെ പൊട്ടിയൊഴുകി. അയാളോടൊപ്പം ലേഖയുടെ കണ്ണുകളും നിറഞ്ഞോഴുകി.

ചന്ദ്രദാസ് അങ്ങിനെ ഭീകരമായ തീരുമാനത്തെ കൈകൊണ്ടു. മദ്യമേ വിട വലിച്ചു തുപ്പുന്ന പുകപടലങ്ങൾക്കും വിട. അങ്ങനെയൊരു പ്രതിജ്ഞ എടുക്കാതെ അയാൾക്കു മാർഗ്ഗമില്ലായിരുന്നു. ഘോരമായ നിലവിളിക്കു ശേഷവും അയാൾ ആരുമറിയാതെ അല്പമല്പം സേവിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ചോരയുടെ നിറമുള്ള വിസ്ഫോടനങ്ങൾ മാത്രമായിരുന്നു ഫലം. കൂട്ടുകാരുടെ വക സാത്താൻ സേവയെന്ന പരിഹാസ രൂപേണയുള്ള രസച്ചരടുകൾ അയാൾക്കു പക്ഷെ ഭയത്തിന്റെ ഇരുമ്പു നൂലായിരുന്നു. അതിൽ തൂങ്ങി വിളയാടുവാൻ ചന്ദ്രദാസിലെ രോഗി അയാളെ അനുവദിച്ചിരുന്നില്ല.

ഒരു നഴ്സ് ആയ ലേഖ തീർന്നു കൊണ്ടിരിയ്ക്കുന്നു അയാളുടെ കരളുകൾക്കു കരുത്തു പകരുവാൻ മരുന്നുകൾ വാങ്ങി നൽകി കൊണ്ടിരുന്നു. പൗരുഷം വിളമ്പുവാൻ പിന്നെയും പല സഭകളിലും കൂട്ടുകാരോടൊപ്പം നിർബന്ധ പൂർവ്വം ചെന്നിരുന്ന ചന്ദ്രദാസിന് പക്ഷെ കയ്യിൽ ഇരിയ്ക്കുന്ന നിറച്ച ഗ്ലാസ്സുകൾ ഇരു കയ്യുകൾ കൊണ്ടും ഞെരടിയിരുന്നു സഭ പിരിയുവാനേ സാധിച്ചിരുന്നുള്ളു. അയാളിൽ ഉരുത്തിരിഞ്ഞിരുന്ന ഭയം അക്ഷരാർത്ഥത്തിൽ ആ ഫ്ളാറ്റിലെ ജീവിതങ്ങളെ മദ്യത്തിന്റെ ചൂട് കാറ്റിൽ നിന്നും പൊതിഞ്ഞു പിടിച്ചു അവരുടെ അകത്തളങ്ങൾ കൂടുതൽ ശീതളമാകുവാൻ മാത്രം കെല്പുള്ളതായിരുന്നു. അതങ്ങനെ തന്നെയാണ് സംഭവ്യമായതും. ചന്ദ്രദാസിന്റെ ചുണ്ടിൽ വല്ലപ്പോഴും എരിയുന്ന സിഗരറ്റിന്റെ പിടിയിൽ നിന്നും രക്ഷ നേടുവാൻ അയാൾ ഇനിയും ഒരു പാട് ശക്തനാവേണ്ടിയിരിയ്ക്കുന്നു എന്ന തിരിച്ചറിവിലും അതിനുള്ള മറ്റൊരുപായവും പ്രതീക്ഷിച്ചു ലേഖയും ഇരയെ തേടുന്ന പൊന്മയെപോലെ മനോഹരിയായി തെല്ലു പതുങ്ങി നിന്നു.

ഇടയ്ക്കിടെ നുരഞ്ഞു പൊന്തുന്ന സഭ കൂടുന്ന ചന്ദ്രദാസിന്റെ സുഹൃത്തുകൾക്ക് ഇടയിൽ ചന്ദ്രദാസിന്റെ സാത്താൻ ബാധയുടെ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് രസകൂടുകൾ മേഞ്ഞു കൊണ്ടിരുന്നു. കള്ളിന്റെ കാന്തിയിൽ ഉരുക്കിയെടുക്കുന്ന ഈ അപരാധ കഥകൾ തലയണ മന്ത്രങ്ങളായി പരിണമിച്ചിരുന്നുവെന്നതും ഒരു തുടർക്കഥ പോലെ ആരൊക്കെയോ ചേർന്നെഴുതി കുത്തി കുറിക്കുന്നു എന്ന സത്യങ്ങളിന്നും ചന്ദ്രദാസുമാർക്കും ലേഖമാർക്കും അറിവുള്ളതല്ല.

സാത്താൻ സേവയുടെ കഥകളുണ്ടാക്കുന്ന ആക്കം അതെത്ര തന്നെ പൊടിപ്പും തൊങ്ങലും വച്ച് കനമേറിയ തണുത്ത കാറ്റിൽ പാറി നടന്നാലും ലേഖയുടെയും കുട്ടികളുടെയും ജീവിതത്തിൽ മറ്റൊരർത്ഥത്തിൽ വലിയൊരനുഗ്രഹം തന്നെയായിരുന്നു. വിളിച്ചു ചൊല്ലിയ പ്രാർത്ഥനാ മന്ത്രങ്ങൾക്കും തഥാസ്തു എന്ന് മുദ്രകാണിച്ചു സർവദാ അനുഗ്രഹം ചൊരിഞ്ഞിരുന്ന ബിംബ ഭാവങ്ങളെക്കാളുമേറെയായി ദേഹമാസകലം പച്ചകുത്തിയ രൂപമുള്ള ക്ഷുദ്രശക്തികളുടെ ഉപാസകനെന്നു എല്ലാവരാലും ചാപ്പ കുത്തിയ വെള്ളക്കാരനെകുറിച്ചുള്ള ഓർമ്മകൾ ചന്ദ്രദാസെന്ന മനുഷ്യന് പുതു രൂപം നൽകുവാൻ മാത്രം കേൾപോലുള്ളവയായിരുന്നു.

ചന്ദ്രദാസിന്റെ മദ്യസഭകളിൽ വിരാജിച്ചിരുന്ന ഒരു കൂട്ടുകാരന്റെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും ഒരു ചോദ്യം മാത്രം ഉത്തരമില്ലാതെ കറുപ്പ് കലർന്ന രക്തകറപോലെ അവശേഷിച്ചു. ‘ അന്നൊരു നാളിൽ പാതിരാത്രിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ രണ്ടു കേസ് ബിയർ കുപ്പികളിൽ മിച്ചം വന്ന നാലു കുപ്പികൾ ….. അതെവിടെ പോയി ..’?

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.