ഷാനോ എം കുമരൻ

അങ്ങ് ദൂരെ കടൽ കൊള്ളക്കാരുടെ നാട്ടിൽ ഓണം കേറാമല എന്ന കൊച്ചു ഗ്രാമത്തിൽ ഓണവും ഓണത്തപ്പനെയും ആദ്യമായി കൊണ്ടുവന്ന പുത്തൻ പണക്കാർ പാർക്കുന്ന കിറുക്കാനാവട്ടം പഞ്ചായത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് ആഹ്വാനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മിറ്റിയും കമ്മിറ്റിയുടെ മേല്നോട്ടത്തിനായി പത്ത് അംഗ രക്ഷാ സമിതിയുമുണ്ടായി.

കിറുക്കാനാവട്ടം പഞ്ചായത്തു രൂപീകരിച്ചിട്ട് ആദ്യത്തെ തെരഞ്ഞെടുപ്പാണ്. ആര് ജയിക്കും ആര് തോൽക്കും. ? വാശിയേറിയ ചർച്ചകൾ പഞ്ചായത്തിനെ ഉദ്ധരിക്കുമെന്നു അടിയുറപ്പിച്ചു തീരുമാനിച്ച കിറുക്കാനാവട്ടം പഞ്ചായത്താക്കി മാറ്റുവാൻ ശുപാർശ ചെയ്തവരിൽ പ്രധാനി ‘മുടിയൻമല ചെമ്പൻ’ എന്ന ചെമ്പൻ കുഞ്ഞു ജയിക്കുമോ, അതോ പുതു പരിഷ്കാരിയും ഇപ്പോഴും അലക്കിത്തേച്ച സിൽക്ക് ഷർട്ടും പാന്റും ധരിച്ചു ആധാരമെഴുത്താഫീസിലെ ഉദ്യോഗസ്ഥന്റെ മാതിരി മീശയും താടിയും വെട്ടിയൊതുക്കി ഉള്ളിലൊരു വികാര വിത്യാസമില്ലെങ്കിലും ചുമ്മാ എല്ലാവരോടും ഞാൻ നിങ്ങടെ സ്വന്തം ആളാണെന്ന മട്ടിൽ വെളുക്കെ ചിരിക്കുന്ന രാരിച്ചൻ ജയിക്കുമോ? കണ്ടറിയണം.

എന്തായാലും കിറുക്കാനാവട്ടത്തെ മുക്കും മൂലയും ഷാപ്പായ ഷാപ്പും വീടായ വീടും തിരക്ക് പിടിച്ച ചർച്ചകളിലേർപ്പെട്ടു. നാട്ടിലെ ചെറുപ്പക്കാർക്കും പെണ്ണുങ്ങൾക്കും ചെമ്പൻ കുഞ്ഞിനോടായിരുന്നു താല്പര്യം. കാരണം ചെമ്പൻ കുഞ്ഞു പ്രസിഡണ്ട് ആയാൽ തങ്ങൾക്കു ഗുണമുണ്ടാവുമെന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു. കാരണം എന്താണാവോ. “ചെമ്പൻ കുഞ്ഞു തറവാടിയാണെന്നേ അവനു നാട്ടുകാർക്ക് കിട്ടുന്ന വിഹിതത്തിൽ കയ്യിട്ടു വാരേണ്ട കാര്യമൊന്നുമില്ല അപ്പനപ്പൂപ്പൻമാരായിട്ടു ഉണ്ടാക്കിയിട്ടേക്കുവല്ലേ തലമുറകൾക്കിരുന്നുണ്ണാനുള്ളത്. പിന്നെന്തിനാ നക്കാപ്പിച്ച കിട്ടണവന്റെ ചട്ടിയിൽ കയ്യിട്ടു വാരുന്നേ? ചിലരങ്ങനെ അഭിപ്രായപ്പെട്ടു. തന്നെയുമല്ല അല്പസ്വല്പം ഔദാര്യങ്ങളെല്ലാം ചെമ്പൻകുഞ്ഞിൽ നിന്ന് കൈപറ്റിയിട്ടുള്ളവരാണ് അന്നാട്ടിൽ പലരും. അത് കാശായിട്ടും മറ്റു പല സേവങ്ങളായിട്ടും അങ്ങനെ പലതും.

അന്നാട്ടില് രാരിച്ചൻ വേറെ ലെവൽ ആണ്. അയാൾ തന്റെ നേട്ടങ്ങൾക്കു വേണ്ടി അനാവശ്യ കാര്യങ്ങൾക്കു പോലും പണത്തെ ദുര്യുപയോഗം ചെയ്യുവാൻ മടിയില്ലാത്ത ഒരു വ്യക്തിയാണ്. പൊതു സമൂഹത്തിൽ പുരോഗമന ചിന്താഗതിയുള്ളവർക്കു അതറിയുമെങ്കിലും ചില സായാഹ്നങ്ങളിൽ രാരിച്ചന്റെ കള്ളു സൽക്കാരത്തിൽ അവരിൽ മിക്കയാളുകളും അവരുടെ സാന്നിധ്യം അറിയിച്ചിട്ടുള്ളതാണ് . ഉണ്ട ചോറിനുള്ള നന്ദി. അത് പഴയ പ്രയോഗമായി ഒതുക്കപ്പെട്ടല്ലോ! ഇപ്പോളതു കുടിച്ച കള്ളിന്റെ നന്ദി പ്രകടിപ്പിക്കലായി.
പ്രാദേശിക തലത്തിൽ ആരോഗ്യമേഖലയിൽ ഉദ്യോഗസ്ഥനായ ചെമ്പൻ കുഞ്ഞു എന്ത് കൊണ്ടും തങ്ങൾക്കു ഗുണമുണ്ടാക്കുമെന്നു കിറുക്കാനാവട്ടത്തെ സ്ത്രീ ജനങ്ങളും വോട്ടവകാശമുള്ള യുവജനങ്ങളും കരുതി. അല്ല അങ്ങനെ വിചാരിച്ചതിൽ അവരെ കുറ്റം പറയാനൊക്കത്തില്ല കാരണം ചെമ്പൻ കുഞ്ഞു മുഖാന്തരം അവർക്കു ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ താനും.
കൊടിതോരണങ്ങളും മറ്റും ഉയർന്നു പൊങ്ങി. കവലയിലും കടകളുടെ ചുമരുകളിലും പോസ്റ്ററുകൾ കയ്യെഴുത്തുകൾ മുതലായവ പ്രത്യക്ഷപെട്ടു.
പല സംഘങ്ങൾ വേർ തിരിഞ്ഞു ജനങ്ങൾ ചെമ്പൻ കുഞ്ഞിന് വേണ്ടിയും രാരിച്ചനു വേണ്ടിയും വോട്ടഭ്യർത്ഥനകൾ നടത്തി. പലരും പല അപവാദങ്ങൾക്കും ഇരയായി. ഏറ്റവും കൂടുതൽ ദ്വേഷം കേട്ടത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ആയിരുന്നു. നിഷ്പക്ഷമായിരിക്കേണ്ടുന്ന തെരെഞ്ഞെടുപ്പ് കമ്മിറ്റിക്കു ചെമ്പൻ കുഞ്ഞുമായി പിന്നാമ്പുറ ബന്ധങ്ങൾ ഉണ്ടെന്നായിരുന്നു അതിൽ പ്രധാനം. കുത്തിത്തിരുപ്പുകാരെ പഴി പറയുവാനൊക്കത്തില്ല. അവർക്കു താല്പര്യമുള്ള ചില പ്രത്യേക വ്യക്തിത്വങ്ങളെ തെരെഞ്ഞെടുപ്പ് കമ്മിറ്റിയിൽ തിരുകി കയറ്റുവാൻ അവർ ഭഗീരഥ പ്രയത്‌നം ചെയ്തുവെങ്കിലും സർവദാ ഊർജ്ജസ്വലരായ രക്ഷാ സമിതി അതിനു അനുവദിച്ചിരുന്നില്ല. രാരിച്ചന്റെ പ്രധാന ഏണി വയ്പുകാരൻ ജോസ് താടിക്കാരന്റെ മേൽനോട്ടത്തിൽ പല അടി വലിച്ചിലുകൾക്കും തുടക്കമിട്ടു അവരുടെ ചർച്ചകൾ സാദാ സമയവും പണ്ട് വണ്ടി കച്ചവടം നടത്തി പൊളിഞ്ഞു പാളീസായ ഇരവി പിള്ളയുടെ പുതിയ ചായ കടയുടെ വരാന്തകളിൽ ആയിരുന്നു. രാരിച്ചൻ പൊട്ടിക്കുന്ന വിലകൂടിയ വിദേശിക്ക് പുട്ടിനു പീരയെന്നവണ്ണം ഇരവി പിള്ളയുടെ എല്ലും കപ്പ ധാരാളമായിരുന്നു.

ജോസ് താടിക്കാരൻ ചില അടി വലികളിൽ വിജയം കണ്ടു. ചെമ്പൻ കുഞ്ഞിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്ന ചില സംഘങ്ങളെ കള്ള് കൊടുത്തു വിലയ്‌ക്കെടുക്കുന്നതിൽ താടിക്കാരന്റെ ഉപചാപകവൃന്ദം വിജയിച്ചു. എങ്കിലും ഭയവും ആശങ്കയും ബാക്കി. ചെമ്പൻ കുഞ്ഞിന്റെ പൊതു ജന വികാരം അത്ര നിസ്സാരമല്ല .

തെരഞ്ഞെടുപ്പിന്റെ മാറ്റൊലികൾ കിറുക്കാനാവട്ടത്തിന്റെ മുക്കിലും മൂലയിലും ഓരോ പുൽകൊടികളെയും പ്രകമ്പനം കൊള്ളിക്കുമ്പോൾ തദ്ദേശത്തെ ആബാലവൃദ്ധം വനിതാ രത്‌നങ്ങൾ തെരെഞ്ഞെടുപ്പിനേക്കാൾ വലിയ മറ്റൊരു ആവേശത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു. രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു പരിഷ്കാരികളുടെ നാട്ടിൽ ഒരു മത്സരം നടക്കുവാൻ പോകുന്നു. കിറുക്കാനാവട്ടത്തിലെ തരുണീമണികൾക്കു കേട്ട് കേൾവിയില്ലാത്ത ഒന്ന്.
‘ സൗന്ദര്യ മത്സരം ‘ സ്ത്രീകൾക്ക് മാത്രം. പെണ്ണഴകിന്റെ ആകാരവടിവുകൾക്കത്രേ ഇമ്പം കൂടുതൽ. പാടത്തു തൂമ്പയെറിയുകയും കത്തിജ്വലിക്കുന്ന ദിവാകരനോട് മല്ലിടുന്ന പുരുഷന്റെ കരുത്തിനെക്കാളേറെ അവളുടെ അഴകിനാണത്രെ കൂടുതൽ ഇനാം.

അങ്ങനെയാണ് അന്നാട്ടിൽ പുതിയതായി അവതരിച്ച വിശാലമനസ്കയായ വട്ടക്കണ്ണാടിക്കാരി വിശാലാക്ഷി മൂക്ക് കണ്ണാടിയിലൂടെ നോക്കി അന്നാട്ടിലെ വനിതകളോട് പറഞ്ഞത്. അല്ല അവൾ വിശദീകരിച്ചു കൊടുത്തു അവരെ പഠിപ്പിച്ചത് സ്ത്രീകൾക്ക് മാത്രം പുരുഷന്റെ മേധാവിത്തത്തിൽ നിന്നും കാതങ്ങൾക്കപ്പുറം പെണ്ണഴകിന്റെ ആകാരവടിവുകൾ വിലയിരുത്തുവാൻ ഇതാ സുവർണ്ണാവസരം. അതും രണ്ടു ഗ്രാമങ്ങൾക്കപ്പുറം പരിഷ്കാരികളുടെ പറുദീസയിൽ.

കിറുക്കാനാവട്ടത്തിന്റെ സർപ്പസുന്ദരി ,…… സർവ്വോപരി വനിതാ ശക്തി ദായക സംഘത്തിന്റെ പ്രസിഡണ്ട് കുമാരി കോമളവല്ലിയുടെ മേൽനോട്ടത്തിൽ മൂക്കുകണ്ണടക്കാരി വിശാലാക്ഷി കയ്യില്ലാത്ത സിൽക്ക് ബ്ലൗസിന്റെ വശങ്ങളിലൂടെ മാംസളമായ മേനികൊഴുപ്പിനെ പ്രകടമാക്കികൊണ്ടു കിറുക്കാനാവട്ടത്തിലെ ഓരോ വീടുകളിലൂടെയും സുന്ദരിമാരെ തേടിയലഞ്ഞു. പെണ്ണുങ്ങളെല്ലാം ഹൃദയത്തിൽ കുഴലൂത്ത് നടത്തി. സ്വന്തം സൗന്ദര്യം തഴമ്പിച്ച ബലിഷ്ഠ കരങ്ങളുടെയും തുറിച്ചു നോക്കുന്ന ഉപ്പൻ കണ്ണുകളുടെയും മേൽനോട്ടമില്ലാതെ ആസ്വദിക്കുവാനും പ്രകടിപ്പിക്കുവാനും ലഭ്യമാകുവാൻ പോകുന്ന സുവർണ്ണാവസരം. ആർക്കുമധികം സിദ്ധിക്കുവാനിടയില്ലാത്ത ഭാഗ്യ നിമിഷങ്ങൾ , എന്തിനു വേണ്ടായെന്നു വയ്ക്കണം ?

കിറുക്കാനാവട്ടമറിയാതെ കെട്ടിയവന്മാരും തന്ത കിഴവന്മാരും കള്ളുമൂത്ത കിടത്തന്മാരാരുമറിയാതെ ആ നാടിന്റെ ആബാലവൃദ്ധം സൗന്ദര്യ ധാമങ്ങളൊരുങ്ങി. വർണ്ണശബളമായ മേനിയഴകിന്റെ സുദിനവും കാത്ത്‌.

അങ്ങനെ ആ സുദിനമെത്തി. തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലവേദന ദിവസം. വോട്ടെടുപ്പ് തുടങ്ങി കഴിഞ്ഞു എങ്ങും എവിടെയും ആകാംക്ഷ മാത്രം. തെരെഞ്ഞെപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കുവാൻ ചില പ്രത്യേക ഗൂഢ സംഘങ്ങൾ ഉദയം കൊണ്ടു. വല്ലവന്റെയും കയ്യിലെ കാശിനു കള്ളടിച്ചു തിമിർക്കുവാൻ ഓരോരോ കാരണങ്ങൾ വേണ്ടായോ ? ജോസ് താടിക്കാരന്റെ ഓരോരോ കുബുദ്ധികൾ. അല്ലാതെന്തു പറയുവാനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഥാനാർത്ഥികളുടെ ആളുകൾ ജീപ്പും ഓട്ടോ റിക്ഷകളുമായി തലങ്ങും വിലങ്ങും പാഞ്ഞു വീട്ടിൽ കിടക്കുന്നവരെയും വഴിയേപോയവരെയും എല്ലാത്തിനെയും പൊക്കിക്കൊണ്ട് വന്നു പോരും വഴി വിദേശി കുപ്പിയുടെ നിരവധി കഴുത്തുകൾ പൊട്ടിച്ചു സഞ്ചരിക്കുന്ന കള്ള് ഷാപ്പുകൾ. തെരെഞ്ഞെടുപ്പ് ദിനം ഷാപ്പുകൾ എല്ലാം അടയ്ക്കുമെങ്കിലും കിറുക്കാനാവട്ടത്തിനു വേറെ രീതികളാണ്. ആദ്യമായി ജനാധിപത്യത്തിൽ ഒരു നാഥനുണ്ടാകുവാൻ പോകുന്നു.

സ്ഥാനാർത്ഥികളുടെ വാലുകൾ പരസ്പരം കളിയാക്കുകയും കുക്കി വിളിക്കുകയും മറ്റും ചെയ്തു.
പോർ വിളികൾ ഒരു വേള അതിരുവിടുമെന്ന ഘട്ടത്തിൽ ഇടപെടുവാൻ ശ്രമിച്ച സ്ഥാനാർഥി ചെമ്പൻ കുഞ്ഞിന് നേർക്കും ആക്രോശിക്കുവാൻ എതിരാളികൾ മടിച്ചില്ല.

തെരെഞ്ഞെടുപ്പ് ദിവസം പുലർകാലത്തു വിശാലാക്ഷിയും കോമളവല്ലിയും കിറുക്കാനാവട്ടത്തെ തരുണീമണികളെ തേടിയിറങ്ങി. സർപ്പസുന്ദരികളുടെ പ്രൗഡോജ്ജ്വലമായ ആ
മഹാ സംഗമത്തിലേക്കു പുറപ്പെടാനുള്ള വണ്ടികൾ ഗ്രാമത്തിന്റെ അതിർത്തിയിൽ കാത്തു നില്കുന്നുണ്ടെന്നവരെയെല്ലാവരെയും അറിയിച്ചു കൊണ്ട് അവർ വീട് വീടാന്തരം കയറിയിറങ്ങി. പങ്കടുക്കുന്നവരിൽ നിന്നും തെരെഞ്ഞെടുക്കുന്ന നൂറു സുന്ദരികൾക്ക് പ്രത്യേക സമ്മാനമായി പോഷകമൂല്യമുള്ള പാൽ ചുരത്തുന്ന ഒരു മെഴുത്ത ‘ ആടിനെയും ‘ ലഭ്യമത്രെ. അത് ബഹു കേമം. കിറുക്കാനാവട്ടത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ചെമ്പൻ കുഞ്ഞിന് വിജയം നേർന്നു കൊണ്ടവർ തങ്ങളാലാകുന്ന വിധം പോഷകസമ്പത്തു വർദ്ധിപ്പിക്കുവാൻ ആടിനെ നേടുവാൻ പുലർകാലെ പുറപ്പെട്ടു. പ്രൗഢ ഗംഭീരമായ മേനിയഴകിന്റെ പ്രദർശന വേദിയിൽ കിറുക്കാനാവട്ടത്തിന്റെ തരള മോഹങ്ങൾ വിജൃംഭിതരായി തരിച്ചു നിന്നു പോയി.

വയസ്സിൽ മൂത്ത സുന്ദരിയാവാൻ ചട്ടയ്ക്ക് തൊങ്ങലും പിടിപ്പിച്ചു വന്ന മറിയച്ചേടത്തി ഇളമുറക്കാരി സിസിലിയോട് ചെവിയിൽ പറഞ്ഞു. ” മ്മടെ രാരിച്ചൻ മുതലാളീടെ വാല് താടിക്കാരനല്ലയോടി സിസിലികൊച്ചെ ആ പെണ്ണുങ്ങളോട് കുണുങ്ങി കൊണ്ട് നിൽക്കണത് “?
സിസിലി സൂക്ഷിച്ചു നോക്കി. ‘ ശെരിയാണല്ലോ കൂടെ നിൽക്കുന്നത് താടിക്കാരന്റെ എളാപ്പാന്റെ മകൾ ലൗലി അല്ലെ ‘.

സിസിലി തന്റെ സംശയം മറ്റു പെണ്ണുങ്ങളോട് കൂടെ പങ്കു വച്ചു നേരാണ് അത് താടിക്കാരനും എളാപ്പാന്റെ മോളും തന്നെ. “അവള് പണ്ടെങ്ങോ പട്ടണത്തിൽ ‘തിരുമ്മു ‘ പഠിക്കുവാൻ പോയതാ. പട്ടണക്കാര് മുഴുവനും ഇപ്പൊ അവളുടെ തിരുമ്മിൻമേലാ സുഖമായുറങ്ങുന്നതെന്നാ കരക്കമ്പി”. ആരോ അടക്കം പറഞ്ഞു. പെണ്ണുങ്ങൾക്ക് കാര്യം പിടികിട്ടി. പോഷകമൂല്യമുള്ള ആടിന് പകരമായി ത്യജിക്കേണ്ടത് ചെമ്പൻ കുഞ്ഞിന്റെ വോട്ട്. ചതി!!!!!

പെണ്ണുങ്ങൾ കൂട്ടം കൂടി. സിസിലിയുടെ നേതൃത്വത്തിൽ അവർ ഗ്രാമത്തിലേക്ക് വച്ച് പിടിച്ചു.
കയ്യൂക്കുള്ളവർ കിട്ടിയ ഓട്ടോ വണ്ടിയിലും പെട്ടി വണ്ടിയിലുമായി ഗ്രാമത്തെ ലാക്കാക്കി പാഞ്ഞു. ‘പെൺ ബുദ്ധി പിൻ ബുദ്ധിയായോ”? കണ്ടറിയണം

അലക്കി തേച്ച വടിവൊത്ത കുപ്പായത്തിനുള്ളിലെ ചതി തിരിച്ചറിഞ്ഞ പെണ്ണുങ്ങൾ ഓടിയെത്തി പ്രിയങ്കരനായ ചെമ്പൻ കുഞ്ഞിനെ വിജയിപ്പിച്ചു ഗ്രാമത്തിന്റെ ആരോഗ്യത്തെ കാത്തു രക്ഷിക്കുവാൻ. വെളുക്കെ ചിരിക്കുന്ന കള്ളിന്റെ ലഹരിയിലാറാടി തിമിർത്ത ചുവന്ന കണ്ണുകളുള്ള ആൺപിറന്നവർ നല്ല പാതികളായ ഭാര്യമാരെ ആശ്വസിപ്പിച്ചു ” പേടിക്കണ്ടെടീ പെൺ കിടാവേ നിന്റെ വോട്ടും ഞാൻ ചെയ്തിട്ടുണ്ട് …. നിന്റെയാൾക്കു തന്നെ ഞാൻ കുത്തിയിട്ടുണ്ട് കണ്ടോ എന്റെ രണ്ടു വെരലിലും അടയാളം “? ചൂണ്ടു വിരലിനൊപ്പം നടുവിരലിൽകൂടി പുരട്ടിയ കറുത്ത വരകൾ നോക്കി ഭാര്യമാർ നെടുവീർപ്പോടെ ആശ്വസിച്ചു. ‘ ഭാഗ്യം ചെമ്പൻ കുഞ്ഞു അദ്ദേഹം ജയിക്കും തീർച്ച’.

കിറുക്കാനാവട്ടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പുരോഗമന വാദികളുടെ എല്ലാവരുടെയും മനസ്സിന്റെ പ്രതീക്ഷകൾ
പാടെ കാറ്റിൽ പറത്തിക്കൊണ്ട് ജോസ് താടിക്കാരന്റെയും രാരിച്ചന്റെയും തലയിൽ ഉദിച്ച വക്രബുദ്ധി ഫലം കണ്ടു നമ്മുടെ രാരിച്ചൻ മുതലാളി നേരീയ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു.പടക്കങ്ങളും വിദേശി കുപ്പികളും നാടെങ്ങും പൊട്ടി തിമിർത്തു.

ആരോഗ്യമുള്ള ജനതയെ സ്വപ്നം കണ്ട മുഴുവൻ വനിതകളെയും യുവജനങ്ങളെയും കുടിയന്മാർ അമ്പേ പരാജയപ്പെടുത്തി കളഞ്ഞു. മദ്യത്തിന്റെ ഒരു ശക്തി!!!
ആരാ ചെമ്പൻ കുഞ്ഞിനെ തോല്പിച്ചത് ? സ്ത്രീകൾ മുഖാമുഖം നോക്കി. മദ്യമോ ? അതോ തങ്ങളെ തന്നെ ബാധിച്ച സൗന്ദര്യ ബോധമോ. വിശാലാക്ഷിയും കോമളവല്ലിയുമോ ? ചിലർ കണ്ണ് നീര് പൊഴിച്ചു , നിസ്സഹായതയുടെ കുറ്റബോധം. എന്ത് തന്നെയായാലും കുരുട്ടു ബുദ്ധികൾ മുന്നേ പറന്നു. അതാത് കാലങ്ങളിൽ അത് ആവർത്തിക്കപ്പെടുന്ന ഒരു ചരിത്രമാണല്ലോ. അത് തിരുത്തികുറിക്കുവാൻ ജനാധിപത്യത്തിന് കരുത്തു എന്നെങ്കിലുമൊക്കെ ഉണ്ടാകട്ടെ ഇല്ലെങ്കിൽ തുലയട്ടെ ….ജന്മങ്ങൾ വെറുതെ പാഴ്ജന്മങ്ങൾ. എന്തായാലും ചെമ്പൻ കുഞ്ഞിന്റെ പരാജയം ആഘോഷിക്കപ്പെട്ടു. സത്യത്തിൽ ചെമ്പൻ കുഞ്ഞു പരാജയപെട്ടോ ഭൂരിപക്ഷം അത്ര വലുതാണോ. അല്ല കള്ളു തലയ്ക്ക് പിടിച്ച ചെമ്പൻ കുഞ്ഞു ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. “ഞെളിയണ്ടടാ ആരുമങ്ങനെ കിറുക്കാനാവട്ടത്തെ പകുതിയിലേറെ വോട്ടു അതെനിക്ക് തന്നെയാ എന്നാലും ചതി …..ചതി….അയ്യോ …….”

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.