ജർമ്മൻ ഫുട്ബോൾ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിന് നേരെ ആക്രണം. ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരു താരത്തിന് ഗുരുതരമായി പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാര്‍ക് ബാര്‍ട്രക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരം ഇന്നത്തേക്ക് മാറ്റി.

ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്ഫോടനം ഉണ്ടായി.ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജര്‍മന്‍ പോലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.