ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്.

ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ വിമാനത്താവളത്തില്‍വെച്ചായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. സ്‌പെയിനിലുള്ള മകള്‍ക്ക് അരികിലേക്ക് പോകാനായിരുന്നു മരിയയുടെ ലക്ഷ്യം. തെക്കന്‍ സ്‌പെയിനില്‍ ചില ബിനിനസുകളും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം മരിയയുടെ തന്ത്രങ്ങള്‍ പാളി. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി മിലിട്ടറി പോലീസ് വിരിച്ച വലയില്‍ വീണു.

1951ലാണ് മരിയയുടെ ജനനം. മാഫിയ ലോകത്തെ ‘ഗോഡ് മദര്‍’ എന്നാണ് മരിയ അറിയപ്പെടുന്നത്. ചെറിയ ശരീര പ്രകൃതമായതിനാല്‍ മാഫിയ സംഘങ്ങള്‍ക്കിടയില്‍ ‘ലിറ്റില്‍ വണ്‍’ എന്ന വിശേഷണവും അവര്‍ക്കുണ്ട്. ഇറ്റലിയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളുടെ ഗ്രൂപ്പായ കമോറ കുടുംബത്തിലായിരുന്നു മരിയ. 1990കളുടെ തുടക്കത്തില്‍ ഭര്‍ത്താവും രണ്ട് സഹോദരങ്ങളും അറസ്റ്റിലായതോടെയാണ് മരിയ മാഫിയ സംഘത്തിന്റെ തലപ്പത്തേക്കെത്തുന്നത്.

പിന്നാലെ സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവര്‍ ഏറ്റെടുത്തു. മയക്കുമരുന്ന് കടത്ത്, സിഗരറ്റ് കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ റാക്കറ്റുകളില്‍ മരിയ സജീവമായി. പെണ്‍കുട്ടികളെ എത്തിച്ച് വേശ്യാവൃത്തിയും ആരംഭിച്ചതോടെ വരുമാനം ഉയര്‍ന്നു. പുരുഷന്‍മാര്‍ കൈയടക്കിയിരുന്ന മാഫിയ മേഖലയിലെ പ്രബല നേതാവായും അവര്‍ ഉയര്‍ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഫിയ സംഘങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ വലിയ നഷ്ടമുണ്ടാക്കിയതോടെ പ്രശ്‌ന പരിഹാരത്തിനും മരിയ ശ്രമിച്ചു. പരസ്പരം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമേ ബിസിനസിലെ നഷ്ടം നികത്താന്‍ സാധിക്കുവെന്ന് മറ്റു മാഫിയ നേതാക്കളെ അവര്‍ ബോധ്യപ്പെടുത്തി. പിന്നീട് കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ പെട്ടെന്നുണ്ടായ ചില ഭിന്നതകളും മയക്കുമരുന്ന് അഴിമതിയും ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് വഴിവെച്ചു.

ആക്രമണത്തില്‍ മരിയയുടെ മരുമക്കളില്‍ ഒരാള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചടിക്കാന്‍ മരിയ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവലിയ സംഘര്‍ഷത്തിലേക്കും നിരവധി കൊലപാതകങ്ങളിലേക്കും നയിച്ചു. കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ 1999ല്‍ ഇറ്റാലിയന്‍ പോലീസ് ഇവര്‍ക്കെതിരേ വാറണ്ട് ഇറക്കി. പിന്നീട് രണ്ട് വര്‍ഷത്തോളം മരിയ ഒളിവില്‍ കഴിഞ്ഞു.

ഇതിനിടെ മറ്റുപല മാഫിയ നേതാക്കളും പോലീസ് പിടിയിലായി. എന്നാല്‍ മരിയ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചതേയില്ല. ഇടക്കിടെ ഒളിത്താവളം മാറുന്നതും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കവും പോലീസിനെ വട്ടംകറക്കി. ഒടുവില്‍ 2001ലാണ് മരിയയെ പിടികൂടാന്‍ പോലീസിനായത്. വിവിധ കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് കോടതി തടവുശിക്ഷയും വിധിച്ചു. 2009-ല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍മോചിതയായി. തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇറ്റലിയിലെ 30 പ്രമുഖ കുറ്റവാളികളുടെ പട്ടികയില്‍ ലിക്കിയാര്‍ഡിയുമുണ്ട്. സാമ്പത്തിക തട്ടിപ്പ്, കൊള്ള, മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, ലേല തട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിക്കിയാര്‍ഡി. ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന മരിയയെ ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കും ആസൂത്രണത്തിനും ഒടുവിലാണ് ഇറ്റാലിയന്‍ പോലീസിന് പിടികൂടാനായത്.