ബ്രസീലിയൻ നഗരമായ കാരതിങ്കയിലെ സംഗീതപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു, ലോകത്തെ ഇളക്കിമറിച്ച് പാടിക്കയറിയ മറിലിയ മെൻഡോൻസയുടെ പാട്ടു കേള്‍ക്കാൻ. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണമായി അവൾ മടങ്ങി. അപ്രതീക്ഷിതമായെത്തിയ ആ വിമാനാപകട വാർത്ത ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയ്ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.

അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിലെ രുചി വൈവിധ്യങ്ങളിൽ പലതും നുകർന്നു തുടങ്ങും മുൻപേ മറിലിയ മെൻഡോൻസയ്ക്കു പറന്നകലേണ്ടി വന്നു. മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.

2019ൽ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങിയിരുന്ന മെൻഡോൻസയ്ക്കു പക്ഷേ അകാലത്തിൽ യാത്രയാകേണ്ടി വന്നു. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ് മറിലിയ മെൻഡോൻസയുടെ മടക്കം.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ