ന്യൂഡൽഹി : ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഈ വിവരം സുപ്രീം കോടതിയെ കേരളം അറിയിച്ചു.
നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും.
രണ്ട് ദിവസം മുൻപാണ് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾഎത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
കേരളത്തിന് വേണ്ടി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കുടുംബാംഗങ്ങൾക്ക് 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പത്തുകോടി കൂടി നൽകുന്നത്.
Leave a Reply